23 April Tuesday

നികുതി ആസൂത്രണത്തിന് തയ്യാറെടുക്കാന്‍

പി ജി സുജUpdated: Tuesday Jan 31, 2017

മാര്‍ച്ച് ഇങ്ങെത്താറായി. നികുതി ആസൂത്രണത്തിനുള്ള അവസാന ദിനങ്ങളാണ് ഇനിയുള്ളത്. നികുതി ആസൂത്രണം നേരത്തെ തുടങ്ങണമെന്ന് മനസ്സില്‍ വിചാരിക്കുമെങ്കിലും അവസാനവേളയില്‍ മാത്രം ഇതിനു തയ്യാറെടുക്കുന്നവരാണേറെയും. ശമ്പളവരുമാനക്കാരായ നികുതിദായകര്‍ക്ക് അനുയോജ്യമായ ചില നിക്ഷേപപദ്ധതികള്‍ പ്രതിപാദിക്കുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

ജീവിതസുരക്ഷ ഉറപ്പാക്കാനും നികുതി ആസൂത്രണത്തിനും ഒരുപോലെ സ്വീകാര്യമാണിത്. പോളിസിയുടമയുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുംമട്ടിലുള്ള പലതരം പോളിസികള്‍ ഇപ്പോള്‍ ലഭ്യമാണ്. ടേം ഇന്‍ഷുറന്‍സ്, യൂണിറ്റ് അധിഷ്ഠിത പോളിസികള്‍, പെന്‍ഷന്‍ പദ്ധതികള്‍, മണി ബാക്ക് പദ്ധതികള്‍ തുടങ്ങിയവയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ പ്രധാന വിഭാഗങ്ങള്‍. ആദായനികുതി നിയമത്തിന്റെ സെക്ഷന്‍ 80സി അനുസരിച്ച് ഇളവു നേടുന്നതിന് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത് ഇത്തരം പോളിസികളെയാണ്. നികുതിദായകനായ വ്യക്തിയുടെ മൊത്തം വരുമാനത്തിന്റെ പരമാവധി 1.5 ലക്ഷം രൂപവരെയുള്ള പ്രീമിയം അടവിന് നികുതിയിളവ് ആനൂകൂല്യം ലഭിക്കും. നികുതിദായകനും ജീവിതപങ്കാളിക്കും മക്കള്‍ക്കുംവേണ്ടി എടുത്ത പോളിസികളുടെ പ്രീമിയം അടവിന് ഇതു ബാധകമാണ്. വാര്‍ഷിക പ്രീമിയം ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനത്തിനു മുകളിലാണെങ്കില്‍ നികുതി ആനുകൂല്യം ലഭിക്കില്ല.  പലപ്പോഴും തനിക്കു വേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടോ എന്നും മതിയായ നികുതി ആനുകൂല്യം പ്രസ്തുത പദ്ധതിയില്‍നിന്നു ലഭിക്കുന്നുണ്ടോ എന്നും കണക്കാക്കാതെയാണ് നികുതിലാഭം കിട്ടുമെന്നു കരുതി മാത്രം പലരും പോളിസി എടുക്കുന്നത്്. നികുതി ഇളവിലൂടെ ലഭിക്കുന്ന ആനുകൂല്യത്തെക്കാള്‍ കൂടുതല്‍ ബാധ്യത ഇത്തരത്തിലുള്ള പോളിസി വരുത്തിവച്ചേക്കാം.

ആരോഗ്യ ഇന്‍ഷുറന്‍സ്


ലൈഫ് ഇന്‍ഷുറന്‍സിനു പുറമെ ഒരാള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും ആവശ്യമാണ്. 80ഡി അനുസരിച്ചുള്ള ആനുകൂല്യം ഇതിനു ലഭ്യമാണ്. ഇത്തരം പോളിസിയുടെ 25,000 രൂപവരെയുള്ള പ്രീമിയത്തിന് സെക്ഷന്‍ 80ഡി പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 25,000 രൂപവരെയുള്ള പ്രീമിയത്തിനും ഇളവു ലഭിക്കും. ഇതു രണ്ടുംകൂടി മൊത്തം 50,000 രൂപവരെ ഇളവ് നേടാനാകും. പോളിസി ഉടമ 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൌരനാണെങ്കില്‍ ഇത്തരം പോളിസിയുടെ 30,000 രൂപവരെയുള്ള പ്രീമിയം അടവിന് ഇളവുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവയുടെ ചികിത്സക്കായി ചെലവാക്കുന്ന 80,000 രൂപവരെയുള്ള തുകയ്ക്കും ആനുകൂല്യം ലഭ്യമാണ്്.

പബ്ളിക് പ്രോവിഡന്റ് ഫണ്ട്

ഇന്‍ഷുറന്‍സ് കഴിഞ്ഞാല്‍ അടുത്ത ജനപ്രിയ ആദായനികുതി ഇളവു പദ്ധതിയാണ് പബ്ളിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഉറപ്പുവരുമാനവും ആദായനികുതിനേട്ടവും ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണിത്. വ്യക്തിക്ക് സ്വന്തം പേരിലോ അയാളുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരിലോ ഈ അക്കൌണ്ട് ആരംഭിക്കാം. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. അഞ്ചു വര്‍ഷത്തേക്കുകൂടി നിക്ഷേപം ദീര്‍ഘിപ്പിക്കാനാകും. കുറഞ്ഞ നിക്ഷേപം 500 രൂപയും ഉയര്‍ന്ന നിക്ഷേപം സാമ്പത്തികവര്‍ഷത്തില്‍ 1.5 ലക്ഷം രൂപയുമാണ്. 1.5 ലക്ഷം രൂപയ്ക്കുവരെ നികുതിയിളവ് ലഭിക്കും.

ഭവനവായ്പ

ഭവനവായ്പ എടുക്കുന്നത് ആദായനികുതി ഇളവിനുള്ള നല്ലൊരു ഉപാധികൂടിയാണ്. വീടു നിര്‍മാണം, വാങ്ങല്‍, നിലവിലുള്ള വീടിന്റെ വിപുലീകരണം ഇവയ്ക്കെല്ലാം 1.5 ലക്ഷം രൂപയ്ക്കുവരെ ഇളവുണ്ട്് . ആദ്യമായി വീടുവയ്ക്കുന്ന ഇടത്തരം വരുമാനക്കാര്‍ക്ക് ഈ സാമ്പത്തികവര്‍ഷംമുതല്‍ അധികനികുതി ഇളവ് ലഭിക്കും. 50 ലക്ഷം രൂപവരെ ചെലവ് വരുന്ന ഭവനത്തിനായി 35 ലക്ഷം വായ്പയെടുക്കുന്ന ആള്‍ക്ക് 50,000 രൂപയുടെ അധികനികുതി ഇളവ് ലഭിക്കും. നിലവില്‍ ഭവനവായ്പയുടെ രണ്ടുലക്ഷം രൂപവരെയുള്ള പലിശയ്ക്കു ലഭിക്കുന്ന ഇളവിനു പുറമെയാണിത്്.

സുകന്യ സമൃദ്ധി യോജന

പത്തുവയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി മാതാപിതാക്കള്‍ക്ക് ആരംഭിക്കാവുന്ന നിക്ഷേപപദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പലിശനിരക്ക് വര്‍ഷംതോറും പുതുക്കും.  കാലാവധി പൂര്‍ത്തിയായശേഷം ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. പെണ്‍കുട്ടിക്ക് 21 വയസ്സു പൂര്‍ത്തിയാകുന്നതുവരെയാണ് നിര്‍ബന്ധിത നിക്ഷേപ കാലാവധി. പോസ്റ്റ് ഓഫീസ് മുഖേനയോ ഏതെങ്കിലും പൊതുമേഖലാ ബാങ്ക്വഴിയോ  നിക്ഷേപം ആരംഭിക്കാനാകും. അക്കൌണ്ട് ആരംഭിച്ചശേഷം പരമാവധി 14വര്‍ഷം നിക്ഷേപം നടത്താം. 8.5 ശതമാനമാണ് നിക്ഷേപ പലിശനിരക്ക്.

അഞ്ചുവര്‍ഷത്തെ ബാങ്ക് സ്ഥിരനിക്ഷേപം,  ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ്,  മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള നിക്ഷേപപദ്ധതി, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് എന്നിവയും  നികുതിയിളവു ലഭിക്കുന്ന നിക്ഷേപങ്ങളാണ്. എന്നാല്‍ ഈ നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top