19 April Friday

ഈ അപകടപ്പാതയില്‍ എന്തു പ്രതീക്ഷിക്കാം

എന്‍ മധുUpdated: Tuesday Jan 31, 2017

ഏറ്റവും പ്രധാനം സമ്പദ്വ്യവസ്ഥയെ വിഴുങ്ങിയ മാന്ദ്യംതന്നെ. മാന്ദ്യകാലത്തെ ബജറ്റ് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രശ്നം

കാറ്റും കോളും നിറഞ്ഞ അപകടപ്പാതയിലൂടെയായിരുന്നു എന്നും യാത്ര. കപ്പിത്താന്‍ മാറിയാലും വഴിമാറാത്ത യാത്ര.  മന്‍മോഹന്‍സിങ് കപ്പിത്താനായിരുന്നപ്പോഴും മോഡി കപ്പിത്താനായപ്പോഴും ഒരേ അപകടപ്പാതയിലൂടെത്തന്നെയാണ് യാത്ര. യാത്രക്കാരായ ജനങ്ങളുടെ ജീവിതസുരക്ഷ ഒരിക്കലും പരിഗണനാവിഷയമായിരുന്നില്ല. ആപത്തും ചതിക്കുഴികളും നിറഞ്ഞ ഈ വഴിയിലൂടെ തുടരുന്ന യാത്രയ്ക്കിടെ ജനങ്ങള്‍ക്കേല്‍ക്കുന്ന പരിക്ക് ഒരിക്കലും പ്രശ്നമല്ല. അതിനിടെ കപ്പിത്താന്‍മാര്‍തന്നെ ജനങ്ങള്‍ക്കുനേരെ മിന്നലാക്രമണംകൂടി നടത്തിയാലോ. അത് കഴിഞ്ഞ നവംബറില്‍ സംഭവിച്ചു. പറഞ്ഞുവന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചാണ്.

സമ്പദ്വ്യവസ്ഥയെ ആകെ 'മുരടി'പ്പില്‍ മുക്കിയ 'നവലിബറല്‍'കെടുതികള്‍ക്കിടെ നോട്ട്നിരോധമെന്ന മിന്നലാക്രമണംകൂടി ആയതോടെ എവിടെയും കൂട്ടക്കുഴപ്പത്തിന്റെ ദുരന്തചിത്രങ്ങള്‍ മാത്രം. ഇതിനിടെയാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പൊതുബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ആ ബജറ്റില്‍ എന്തു പ്രതീക്ഷിക്കാം. അതാണ് ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തികമേഖലയെ കേന്ദ്രീകരിച്ചു നടക്കുന്ന പ്രധാന ചര്‍ച്ച. സാമ്പത്തിക പ്രവര്‍ത്തനങ്ങളാകെ മരവിച്ചുകിടക്കുന്ന, സമ്പദ്വ്യവസ്ഥയെ അപ്പാടെ മാന്ദ്യം വിഴുങ്ങുന്ന സാഹചര്യത്തില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതില്‍നിന്നു കരകയറാന്‍ എന്തുണ്ടാകും. ഈ വഴിക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം ധനമന്ത്രി പഠിക്കേണ്ടതുണ്ട്. പക്ഷേ, അങ്ങനെയൊരു സൂചനയും ഇതുവരെ കാണുന്നില്ല.

നടപ്പു ധനവര്‍ഷത്തിന്റെ ആദ്യത്തെ ഏഴുമാസത്തിലെയും (ഒക്ടോബര്‍വരെ) തുടര്‍ന്നുള്ള മാസങ്ങളിലെയും സ്ഥിതി വ്യത്യസ്തമാണ്. മുതല്‍മുടക്കില്ലായ്മയും സാധനങ്ങള്‍ക്ക് ഡിമാന്‍ഡില്ലായ്മയും അതുവഴി മാന്ദ്യവും നേരത്തെതന്നെ തുടരുന്നതാണെങ്കിലും നോട്ട്നിരോധത്തെത്തുടര്‍ന്ന് സ്ഥിതി വഷളായി. ഒരു നടപ്പു വര്‍ഷം മുഴുവന്‍ ഒരേ രീതിയില്‍ പരിഗണിക്കാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇതു ശരിയായി വിലയിരുത്തിയാവണം ബജറ്റ് അവതരിപ്പിക്കേണ്ടത്. ബജറ്റിന് തൊട്ടുമുന്നെ അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേയ്ക്കും ഇത് ആവശ്യമാണ്. റിസര്‍വ്ബാങ്കോ കേന്ദ്ര സ്ഥിതിവിവര സംഘടനയോ ധനമന്ത്രാലയമോ നോട്ട്നിരോധത്തെത്തുടര്‍ന്നുള്ള സാഹചര്യം പ്രത്യേകം വിലയിരുത്തിയതായി സൂചനയില്ല. ആഭ്യന്തരോല്‍പ്പാദനം രണ്ടുശതമാനത്തിലേറെ കുറയുമെന്ന് വിവിധ ഏജന്‍സികള്‍ ഇതിനകം മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ചൊന്നും സര്‍ക്കാരിന് വ്യക്തമായ വിവരങ്ങളില്ലെങ്കില്‍ (ഡാറ്റ) അടുത്ത ഒരുവര്‍ഷത്തെ കാര്യങ്ങള്‍ എങ്ങനെ ആസൂത്രണംചെയ്യും. ഇപ്പോള്‍ എന്തു സംഭവിച്ചു, ഇനി എന്തു സംഭവിക്കും എന്നതിനെയൊക്കെ ആശ്രയിച്ചാണല്ലോ ബജറ്റ് തയ്യാറാക്കുന്നത്.

ബജറ്റ് വരുമ്പോള്‍ സമ്പദ്വ്യവസ്ഥയുടെ സ്ഥിതി എന്താണ്? അതാണല്ലോ ഏറ്റവും പ്രധാനം. ചെറുകിട-ഇടത്തരം വ്യാപാരമേഖലയിലടക്കം സമ്പദ്വ്യവസ്ഥയുടെ ഔപചാരിക-അനൌപചാരിക മേഖലകളില്‍ ഉല്‍പ്പാദനവും ഉപഭോഗവും ഡിമാന്‍ഡും കുറഞ്ഞു. ഓട്ടോമൊബൈല്‍, ഇരുചക്രവാഹനം, സിമന്റ്, നിര്‍മാണം, കാര്‍ഷികമേഖല എന്നിവയിലെല്ലാം ഈ തകര്‍ച്ചയുടെ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നു. ഇതോടെ ഇവിടെയെല്ലാം വില്‍പ്പനയും തൊഴിലും കുറഞ്ഞു. നോട്ട്നിരോധത്തെത്തുടര്‍ന്നുള്ള ഈ സാഹചര്യം പ്രത്യേകം പഠിക്കാതെ എങ്ങനെ ബജറ്റ് അവതരിപ്പിക്കും. ഇരുട്ടില്‍നിന്ന് അവതരിപ്പിക്കുന്ന ബജറ്റിന് യാഥാര്‍ഥ്യങ്ങള്‍ കാണാനാവില്ല. പിന്‍വലിച്ച നോട്ടിന്റെ 65 ശതമാനവും പുനഃസ്ഥാപിച്ചുവെന്ന് റിസര്‍വ് ബാങ്ക്് അവകാശപ്പെടുന്നുണ്ടെങ്കിലും തിരിച്ചുവന്ന നോട്ട് എത്രയെന്ന് ആര്‍ബിഐ കൃത്യമായ കണക്ക് പറയുന്നില്ല. ബാങ്കുകളുടെ നിക്ഷേപം വര്‍ധിച്ചിട്ടുണ്ടെന്നത് വസ്തുത. അതിന് ബാങ്കുകള്‍ നല്‍കേണ്ടിവരുന്ന പലിശച്ചെലവും കൂടും. എന്നാല്‍ വായ്പ കൂടുന്നില്ല. മോശമായ സാഹചര്യത്തില്‍ മുതല്‍മുടക്കാന്‍ ആരും തയ്യാറാകില്ലല്ലോ. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതെല്ലാം പരിശോധിച്ചാല്‍ മാത്രമാണ് സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ രോഗം കണ്ടറിഞ്ഞ് ചികിത്സിക്കാനാവുക. അതിന് ജയ്റ്റ്ലി മുതിരുമോ? കാത്തിരുന്നുകാണാം.

ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനത്തിനു പകരം ആദ്യ ദിനത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ്, റയില്‍വേ ബജറ്റും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന ആദ്യ ബജറ്റ്, ആസൂത്രണ കമീഷനെ പിരിച്ചുവിട്ടതോടെ പദ്ധതിച്ചെലവ്, പദ്ധതിയേതരച്ചെലവ് എന്നീ വേര്‍തിരിവുകളില്ലാത്ത ബജറ്റ് എന്നീ സവിശേഷതകളൊക്കെ ഇത്തവണത്തെ ബജറ്റിനുണ്ട്. ഏറ്റവും പ്രധാനം സമ്പദ്വ്യവസ്ഥയെ വിഴുങ്ങിയ മാന്ദ്യംതന്നെ. മാന്ദ്യകാലത്തെ ബജറ്റ് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രശ്നം. കോര്‍പറേറ്റ് മേഖലയ്ക്ക് ഇക്കുറിയും ഇളവുകള്‍ വാരിനല്‍കിയേക്കാം. ആദായനികുതിയിലും ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ട്. നികുതിക്ക് വിധേയമാക്കുന്ന വരുമാനത്തിന്റെ പരിധി വര്‍ധിപ്പിച്ചേക്കും. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയടക്കമുള്ള സാമൂഹ്യക്ഷേമ ചെലവുകള്‍, തൊഴിലുറപ്പുപദ്ധതിവിഹിതം എന്നിവയൊക്കെ വര്‍ധിപ്പിക്കേണ്ടതാണ്. ഇതൊന്നും സര്‍ക്കാരിന്റെ മുന്‍ഗണനയിലോ 'നവലിബറല്‍' അജന്‍ഡയിലോ ഉള്‍പ്പെടുന്നതല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top