02 May Thursday

സ്വര്‍ണവില വീണ്ടും താഴുന്നു

കെ ബി ഉദയഭാനുUpdated: Sunday May 29, 2016

കൊച്ചി> പുതിയ അധ്യയനവര്‍ഷം അടുത്തതോടെ സാമ്പത്തികാവശ്യങ്ങള്‍ മുന്‍നിര്‍ത്തി ചെറുകിട കര്‍ഷകര്‍ കുരുമുളകു വില്‍പ്പനയ്ക്കിറക്കി. ഔഷധനിര്‍മാതാക്കളുടെ വരവ് മഞ്ഞള്‍വില ഉയര്‍ത്തി. മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം റബര്‍ടാപ്പിങ്ങിന് ഉല്‍പ്പാദകര്‍ ഒരുങ്ങി. നാളികേരോല്‍പ്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു, വെളിച്ചെണ്ണയ്ക്ക് മാസാരംഭം‘ഡിമാന്‍ഡ് പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിക്കൊപ്പം കേരളത്തിലും സ്വര്‍ണവില താഴ്ന്നു.

ചെറുകിട കര്‍ഷകര്‍ കരുതല്‍ശേഖരത്തിലെ കുരുമുളകില്‍നിന്ന് ചെറിയ അളവ് വില്‍പ്പനയ്ക്കിറക്കാന്‍ വാരമധ്യംമുതല്‍ നീക്കം നടത്തി. അധ്യയനവര്‍ഷം അടുത്തത് മുന്‍നിര്‍ത്തി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒരുവിഭാഗം കര്‍ഷകര്‍. കേരളത്തില്‍നിന്നു മാത്രമല്ല, കര്‍ണാടകത്തില്‍നിന്ന് വില്‍പ്പനക്കാര്‍ രംഗത്തിറങ്ങിയതോടെ കുരുമുളകിന് കിലോ 700 രൂപയുടെ താങ്ങ് നഷ്ടപ്പെട്ടു. ലഭ്യത ഉയര്‍ന്നതിനിടയില്‍ ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ ചരക്കുസംഭരണം കുറച്ചതുമൂലം കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകുവില 69,700 രൂപയില്‍നിന്ന് 69,000 രൂപയായി. അതേസമയം വന്‍കിട കര്‍ഷകര്‍ കുരുമുളകിന്റെ റെക്കോഡ് വിലയില്‍ പ്രതീക്ഷ നിലനിര്‍ത്തി.
ഔഷധനിര്‍മാതാക്കളും കറിമസാല വ്യവസായികളും മഞ്ഞളില്‍ താല്‍പ്പര്യം കാണിച്ചു. സംസ്ഥാനത്തുനിന്നും തമിഴ്നാട്ടില്‍നിന്നും അവര്‍ ചരക്കു സംഭരിക്കുന്നുണ്ട്. നിസാമുദ്ദീന്‍ വിപണിയിലും മഞ്ഞളിന്റെ ലഭ്യത പോയവാരം ഉയര്‍ന്നു. കൊച്ചിയില്‍ നാടന്‍ മഞ്ഞള്‍ 11,500 രൂപയിലും ഈറോഡ് 10,700, സേലം 10,900 രൂപയിലും വ്യാപാരം നടന്നു.

കാലാവര്‍ഷം ആരംഭിക്കും മുമ്പായി നാളികേര വിളവെടുപ്പ് പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് ഉല്‍പ്പാദര്‍. ചെറുകിട കര്‍ഷകര്‍ പച്ചത്തേങ്ങ വില്‍പ്പനയ്ക്ക് ഇറക്കിയെങ്കിലും കൊപ്രയുടെ ലഭ്യത കുറവാണ്. കൈവശമുള്ള കൊപ്ര കരുതല്‍ശേഖരത്തില്‍ സൂക്ഷിക്കാന്‍ അവര്‍ മുന്‍തൂക്കു നല്‍കി. 5400 റേഞ്ചില്‍നിന്ന് കൊപ്ര ഇതിനകം 5215 വരെ താഴ്ന്നു. വെളിച്ചെണ്ണയ്ക്ക്  300 രൂപ ഇടിഞ്ഞ് 7600ല്‍ വാരാന്ത്യക്ളോസിങ് നടന്നു. മഴ ശക്തമായാല്‍ കൊപ്രസംസ്കരണം തടസ്സപ്പെടും. മാസാരംഭമായതിനാല്‍ എണ്ണയ്ക്ക് പ്രദേശികാവശ്യം ഈ വാരം ഉയരാം.

രാജ്യാന്തര വിപണിയില്‍ റബര്‍ മൂന്നുമാസത്തെ താഴ്ന്ന നിലവാരം ദര്‍ശിച്ചെങ്കിലും വാരാന്ത്യം തിരിച്ചുവരവിന്റെ സൂചനകള്‍ വിപണിയില്‍ ദൃശ്യമായി.—ടോകോം എക്സ്ചേഞ്ചില്‍ ഓപ്പറേറ്റര്‍മാര്‍ ഷോട്ട് കവറിങ്ങിന് ഉത്സാഹിച്ചതും ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും റബറിന് അനുകൂലമാവും. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ 12,900 രൂപയിലും— അഞ്ചാം ഗ്രേഡ് 12,600 ലുമാണ്.—മഴക്കാലത്തെ ടാപ്പിങ്ങിന് തടസ്സം നേരിടാതിരിക്കാന്‍ ഒട്ടുമിക്ക തോട്ടങ്ങളിലും റെയിന്‍ ഗാര്‍ഡുകള്‍ കര്‍ഷകര്‍ ഒരുക്കി.

സ്വര്‍ണവില വീണ്ടും താഴ്ന്നു. ആഭരണവിപണികളില്‍ പവന്‍ 22,200 രൂപയില്‍നിന്ന് 21,520 രൂപയായി. പവന് 680 രൂപയാണ് ഒറ്റവാരത്തില്‍ ഇടിഞ്ഞത്. ഗ്രാമിന്റെ വില ഇതോടെ 2775 രൂപയില്‍നിന്ന് 2690 ലേക്ക് താഴ്ന്നു. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന് 1252 ഡോളറില്‍നിന്ന് 1206 ലേക്ക് താഴ്ന്നശേഷം 1210ല്‍ ക്ളോസിങ് നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top