02 December Saturday

സുരക്ഷിതത്വം ഉറപ്പാക്കി പോസ്റ്റോഫീസ് സമ്പാദ്യപദ്ധതികള്‍

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2016

ഓഹരിവിപണി, മ്യൂച്വല്‍ ഫണ്ട് ഇവയെല്ലാം അനുദിനം താഴേക്കു പോകുന്നു. സ്വര്‍ണം വാങ്ങാമെന്നു കരുതിയാല്‍ വില കൂടുമോ കുറയുമോ എന്നറിയില്ല. സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടവുമുണ്ട്. വില ഇനി എത്ര ഉയരുമെന്ന് നിശ്ചയമില്ലതാനും. ഭൂമിയില്‍ നിക്ഷേപിക്കുക എന്നത് ചിന്തിക്കുകപോലും വേണ്ട. കാരണം, ഇടപാടുകളൊന്നും നടക്കുന്നില്ലെങ്കിലും വിലയില്‍ കുറവുവന്നിട്ടില്ല. അനിശ്ചിതത്വം അതേപടി നിലനില്‍ക്കുകയാണ്.

ഈ ഘട്ടത്തിലാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികള്‍ സാധാരണക്കാര്‍ക്ക് അനുഗ്രഹമാകുന്നത്. പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികള്‍ ജനപ്രിയ നിക്ഷേപമാര്‍ഗങ്ങളായ പബ്ളിക് പ്രോവിഡന്റ് ഫണ്ടുകളും നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകളും  സമ്പദ്വ്യവസ്ഥ എങ്ങിനെയാണെങ്കിലും സുരക്ഷിതത്വം ഉറപ്പുനല്‍കുന്നവയാണ്. ഇപ്പോള്‍ ഇവ ഗവണ്‍മെന്റ് സെക്യൂരിറ്റി നിരക്കുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ധനമന്ത്രാലയം നേരിട്ടു നടത്തുന്ന നിക്ഷേപങ്ങള്‍ എന്ന പ്രത്യേക ആകര്‍ഷണീയതയും ഇത്തരം ചെറുകിട സമ്പാദ്യപദ്ധതികള്‍ക്കുണ്ട്.
ഏതൊക്കെയാണ് പ്രധാനപ്പെട്ട പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളെന്നു നോക്കാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളിലെ ശ്രദ്ധേയമായ വിഭാഗമാണ് അഞ്ചുവര്‍ഷ ടൈം ഡെപ്പോസിറ്റുകള്‍. പലിശവരുമാനം നികുതിവിധേയമാണ്. എന്നാല്‍ അഞ്ചുവര്‍ഷ കാലാവധിയുള്ള ഈ നിക്ഷേപത്തിന് ആദായനികുതിവകുപ്പിന്റെ 80സി അനുസരിച്ചുള്ള ഇളവ് ലഭ്യമാണ്.
പ്രതിമാസ വരുമാനപദ്ധതി: അഞ്ചുവര്‍ഷ കാലാവധിയുള്ള പ്രതിമാസ വരുമാനപദ്ധതികള്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങളില്‍നിന്നുള്ള പ്രതിമാസ വരുമാന ഓപ്ഷനെക്കാളും ലാഭകരമാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയുടെ ഭാഗമാണ് ഈ പ്രതിമാസ വരുമാനപദ്ധതിയും.

നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റി (എന്‍എസ്സി)ന്റെ പലിശനിരക്ക് 8.5 ശതമാനമാണ്. ഇവയുടെ പലിശയും നികുതിവിധേയമാണ്. എന്നാല്‍ നിക്ഷേപത്തുകയും പലിശയും ഒരുപോലെ 80സിയുടെ പരിധിയിലാണ് വരുന്നത്. അഞ്ചുവര്‍ഷ ബാങ്ക് നിക്ഷേപത്തെക്കാളും ടൈം ഡെപ്പോസിറ്റുകളെക്കാളും ലാഭകരം അഞ്ചുവര്‍ഷ കാലാവധിയുള്ള നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റാണ്. കൂടാതെ 10 വര്‍ഷ കാലാവധിയുള്ള നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകളും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ നിക്ഷേപകാലാവധി എത്തുംമുമ്പ് പണം പിന്‍വലിക്കാനാകില്ല.

പബ്ളിക് പ്രോവിഡന്റ് ഫണ്ടുകളുടെ പലിശനിരക്ക് 8.7 ശതമാനമായാണ് ഉയര്‍ത്തിയിട്ടുള്ളത്. അവയുടെ നിക്ഷേപപരിധി ഒരുലക്ഷം രൂപയാണ്. പബ്ളിക് പ്രോവിഡന്റ് ഫണ്ട്നിക്ഷേപം മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വായ്പയെടുക്കാനുള്ള സൌകര്യവുമുണ്ട്. ഇവയുടെ പലിശവരുമാനം നികുതിമുക്തമാണ്. കൂട്ടുപലിശയുടെ മികച്ച നേട്ടം ലഭിക്കുന്നതിന് ഇത്തരം പബ്ളിക് പ്രോവിഡന്റ് ഫണ്ടുകള്‍ തികച്ചും അനുയോജ്യമാണ്.

തികച്ചും സുരക്ഷിതമാണെങ്കിലും പലിശനിരക്കില്‍ എല്ലാവര്‍ഷവും കയറ്റിറക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളുടെ പോരായ്മ. ഓരോ സാമ്പത്തികവര്‍ഷത്തിന്റെയും ആരംഭത്തിലാണ് ഈ നിക്ഷേപപദ്ധതികളുടെ പലിശനിരക്ക് പുതുക്കിനിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സാമ്പത്തികവര്‍ഷാരംഭത്തില്‍ നിക്ഷേപകാര്യങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കാനാകും. റിസ്ക്കെടുക്കാനുള്ള ശേഷി, സാമ്പത്തികലക്ഷ്യം തുടങ്ങിയ ഘടകങ്ങള്‍കൂടി നിക്ഷേപവേളയില്‍ കണക്കിലെടുക്കണമെന്നു മാത്രം. റിസ്ക്കെടുക്കാനുള്ള ശേഷി, സാമ്പത്തികലക്ഷ്യം തുടങ്ങിയ ഘടകങ്ങള്‍കൂടി നിക്ഷേപവേളയില്‍ കണക്കിലെടുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top