മധ്യേഷ്യയിലെ തൊഴില്‍സാഹചര്യങ്ങള്‍ വികസനത്തിന്റെ സൂചന കാട്ടുന്നില്ലെങ്കിലും അത് ഇന്ത്യന്‍ ബാങ്കിങ് ബിസിനസില്‍ പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് ഈ മേഖല കണക്കുകൂട്ടുന്നത്. പ്രവാസിനിക്ഷേപം സ്ഥിരമായി വളര്‍ന്നുകൊണ്ടുമിരിക്കുന്നു. കേരളത്തിനായുള്ള പദ്ധതികള്‍ ആസൂത്രണംചെയ്യുന്ന വേളയില്‍ ബാങ്കുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് പ്രവാസിനിക്ഷേപത്തെ കാണുന്നതെന്ന് ഡിസിബി ബാങ്കിന്റെ എസ്എംഇ, റീട്ടെയില്‍ ബാങ്കിങ് വിഭാഗം മേധാവിയും മലയാളിയുമായ പ്രവീണ്‍ കുട്ടി ചൂണ്ടിക്കാട്ടി. ഗള്‍ഫ് മേഖലയില്‍നിന്നുള്ള പ്രവാസികള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ വലിയ ഉപയോക്താക്കളാണ്. ഇതോടൊപ്പംതന്നെ പശ്ചിമയൂറോപ്പ്, കനഡ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളില്‍നിന്നു വലിയതോതിലുള്ള നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രവാസിനിക്ഷേപത്തിലെ പുതിയ പ്രവണതകളെക്കുറിച്ച് ദേശാഭിമാനിയോട് അദ്ദേഹം വിശദീകരിച്ചു. പ്രസക്തഭാഗങ്ങള്‍:
കേരളത്തില്‍ പ്രവാസിനിക്ഷേപ മേഖലയിലെ പുതിയ പ്രവണതകളെന്തൊക്കെയെന്നു വിശദീകരിക്കാമോ?
കേരളത്തിലെ എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധനവാണ് രാജ്യത്തൊട്ടാകെ ബാങ്കിന് കൈവരിക്കാനായിട്ടുള്ളത്. ആദ്യ ഒമ്പതു മാസങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു കൈവരിക്കാനായത് 17 ശതമാനം വര്‍ധനവാണ്
കേരളത്തിലേക്കുള്ള എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ കാര്യം പരിഗണിക്കുമ്പോള്‍ പ്രവാസികള്‍ വീട്ടിലേക്ക് അയക്കുന്ന പണമാണ് കൂടുതലുള്ളത്. ഇവിടെയിപ്പോള്‍ ഡിസിബിക്ക് കൊച്ചിയിലെ ഒരു ശാഖ മാത്രമേ ഉള്ളുവെങ്കിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് കൂടുതല്‍ ശാഖകള്‍ തുറക്കാനുള്ള ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ ശാഖകള്‍ തുറക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ 20 ശാഖകളെങ്കിലും ആരംഭിക്കും.
ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് കേരളത്തിന്റെ പ്രകടനം എങ്ങനെയുണ്ട്?
ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ്രംഗത്തെ മുന്നേറ്റം കേരളത്തിലെമ്പാടും പ്രയോജനപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന സാക്ഷരതാനിരക്കിന്റെ പശ്ചാത്തലത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഏറ്റവും വേഗത്തില്‍ പ്രയോജനപ്പെടുത്തുന്ന പ്രവണതയും കേരളത്തിലുണ്ട്. തങ്ങളുടെ ഉപയോക്താക്കളെ ഓണ്‍ലൈന്‍ ബാങ്കിങ് ഉപയോഗിക്കാന്‍ പര്യാപ്തരാക്കുംവിധം ബാങ്കിങ്സംവിധാനം സജ്ജമാണ്. ഉദാഹരണത്തിന് തങ്ങളുടെ ഡിസിബി സിപ്പി ഓണ്‍ലൈന്‍ ഫിക്സഡ് ഡെപ്പോസിറ്റ് എവിടെയിരുന്നും ഏതുസമയത്തും സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. വാരാന്ത്യത്തിലും അവധിദിനങ്ങളിലുമെല്ലാം ഇതു സാധ്യമാണ്. ഡിസിബി ബാങ്കുമായി ബാങ്കിങ് ഇടപാടില്ലാത്ത പുതിയ ഉപയോക്താക്കള്‍ക്കും ഇതു പ്രയോജനപ്പെടുത്താം. സാധാരണ മറ്റു ബാങ്കുകള്‍ക്ക് ഓണ്‍ലൈന്‍ ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിക്കാന്‍ ഉപയോക്താവിന് ഒരു അക്കൌണ്ട് ആവശ്യമാണ്. ഇവിടെയാകട്ടെ, ലളിതമായി ഓണ്‍ലൈന്‍ സ്ഥിരനിക്ഷേപം ആരംഭിച്ച് ഫണ്ട് കൈമാറ്റംചെയ്താല്‍ ഓണ്‍ലൈനായിത്തന്നെ അതു കൈകാര്യംചെയ്യാം. ശാഖയില്‍ സന്ദര്‍ശനം നടത്തേണ്ട.
ബാങ്കിന്റെ ഓണ്‍ ദി ഗോ മൊബൈല്‍ ബാങ്കിങ് അപ്ളിക്കേഷന്‍ ഏത് ഓപ്പറേറ്റിങ് സംവിധാനമുള്ള ഹാന്‍ഡ്സെറ്റിലും പ്രവര്‍ത്തിക്കും. സുരക്ഷിതത്വം, വേഗത, സംരക്ഷണം എന്നിവയാണ് ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ള ഇതിന്റെ സവിശേഷതകള്‍. എല്ലാ ഇടപാടുകളും ഈ ആപ്പിലൂടെ നടത്താനാവും. ഡിജിറ്റല്‍ രീതിയിലേക്കു മാറുന്ന ബിസിനസുകളെ ഉദ്ദേശിച്ച് യാപ് ഡിജിറ്റല്‍ പെയ്മെന്റ് സ്യൂട്ട് അവതരിപ്പിക്കാനായി തങ്ങള്‍ എം2പിയുമായി സഹകരിക്കുന്നുമുണ്ട്. റീട്ടെയില്‍ ബ്രാന്‍ഡുകള്‍ക്കും ബിസിനസുകള്‍ക്കും വൈബ്സൈറ്റുകളിലും മൊബൈല്‍ അപ്ളിക്കേഷനുകളിലും ഡിജിറ്റല്‍ പെമെന്റ് സംവിധാനം ലഭ്യമാക്കാന്‍ ഇതു സഹായകമാകും. മിസ്ഡ് കോള്‍ സംവിധാനമുള്‍പ്പെടെയുള്ള മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങളും വളരെ സജീവമാണ്്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..