26 April Friday

കടപ്പത്രങ്ങളിലെ നിക്ഷേപം ആകര്‍ഷണീയമാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2016

പൊതുജനങ്ങളില്‍ നിന്ന് ഓഹരിയിലൂടെ അല്ലാതെ പണം സമാഹരിക്കാനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഡിബഞ്ചറുകള്‍ എന്ന കടപ്പത്രങ്ങള്‍ എന്നു സാധാരണക്കാരന്റെ ‘ഭാഷയില്‍ പറയാം.  എന്‍.സി.ഡി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ പേരു സൂചിപ്പിക്കുംപോലെ  കാലാവധിക്കു മുന്‍പോ പിന്‍പോ ഓഹരിയായി മാറ്റാനാവില്ല. കാലാവധിക്കു ശേഷം മുതലും പലിശയും ചേര്‍ത്തു നല്‍കുകയോ കാലാകാലങ്ങളില്‍ പലിശ നല്‍കിക്കൊണ്ടിരിക്കുകയോ ചെയ്യുന്നതാണ് കടപ്പത്രങ്ങളുടെ രീതി.

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിനു ലഭിക്കുന്നതിനേക്കാള്‍ ശരാശരി ഒന്നര–രണ്ടു ശതമാനത്തോളം പലിശ ലഭിക്കുന്നു എന്നതാണ് കടപ്പത്രങ്ങളെ ആകര്‍ഷകമാക്കുന്നത്.  ഇപ്പോള്‍ ബാങ്കിലെ സ്ഥിര നിക്ഷേപത്തിനു ലഭിക്കുന്ന പലിശ ഏതാണ്ട് 7.5–8 ശതമാനമാണല്ലോ. ഇതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ്  എന്‍.സി.ഡി. സമാഹരിക്കുന്ന കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന പലിശ. ഓഹരി വിപണിയിലെ അനിശ്ചിതത്വത്തിന്റേയും വിലയിടിവിന്റേയും സാഹചര്യത്തില്‍ സാധാരണ നിക്ഷേപകര്‍ ഈ മേഖലയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് സ്വാഭാവികം മാത്രം.
    ഓഹരികള്‍ അനുവദിക്കുന്നതുപോലെ തന്നെ യൂണിറ്റുകളായാണ് എന്‍.സി.ഡി.കളും അലോട്ട് ചെയ്യുന്നത്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക്  ആദ്യം എന്ന നിലയില്‍ ഇവ അനുവദിക്കുകയും ചെയ്യും. ചുരുങ്ങിയ നിക്ഷേപത്തിന്റെ കാര്യത്തിലും തുടര്‍ന്നുള്ള നിക്ഷേപത്തിന്റെ കാര്യത്തിലും  ഇവിടെ ചില നിബന്ധനകളുണ്ടാകും. അതായത് അഞ്ഞൂറോ ആയിരമോ രൂപയുടെ ഗുണിതങ്ങളായാവും കടപ്പത്രങ്ങളില്‍ നിക്ഷേപം അനുവദിക്കുക.  ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്യപ്പെടുന്ന കടപ്പത്രങ്ങള്‍  ഓഹരികളെപ്പോലെ തന്നെ വിപണിയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം.  പലിശനിരക്കിന് എതിര്‍ ദിശയിലായിരിക്കും കടപ്പത്രങ്ങളുടെ വിപണി മൂല്യം നീങ്ങുക. അതായത് പലിശനിരക്ക് ഉയര്‍ന്നാല്‍ കടപ്പത്രങ്ങളുടെ വില ഇടിയും. എന്നാല്‍ പലിശനിരക്ക് താഴുകയാണെങ്കില്‍ ഇവയുടെ മുല്യം വര്‍ദ്ധിക്കുകയും ഉയര്‍ന്ന വിലയ്ക്ക് വിറ്റു ലാഭമെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

ഇങ്ങനെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്.  കടപ്പത്രങ്ങള്‍ക്ക് ഏജന്‍സികള്‍ നല്‍കിയിട്ടുള്ള റേറ്റിങ് പരിശോധിച്ചശേഷം വേണം തീരുമാനമെടുക്കാന്‍.  വരുംനാളുകളില്‍ കൂടുതല്‍ കടപ്പത്രങ്ങള്‍ വിപണിയിലവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നിക്ഷേപ വിദഗ്ധര്‍ വിലയിരുത്തുന്ന സാഹചര്യത്തില്‍. മറ്റൊന്ന് നിക്ഷേപകന്റെ നികുതി ബാധ്യതകളാണ്.  നികുതിക്കുശേഷം ലഭിക്കുന്ന വരുമാനം ഫിക്സഡ് ഡെപ്പോസിറ്റുകളെ അപേക്ഷിച്ച് മികച്ചതാണോ എന്നുകൂടി ഇവിടെ പരിശോധിക്കണം.  ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കുള്ളത്ര ലിക്വിഡിറ്റി കടപ്പത്രങ്ങള്‍ക്കുണ്ടാകില്ല എന്നതും മനസ്സിലുണ്ടാകണം.  പലിശ നിരക്ക് ഉയരുകയാണെങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പിന്‍വലിച്ച് പുതിയ പലിശനിരക്കില്‍ പുതിയ നിക്ഷേപമാക്കി മാറ്റാന്‍ അവസരം ലഭിക്കും. പക്ഷേ, കടപ്പത്രങ്ങളുടെ കാര്യത്തില്‍ അതു ലഭിക്കില്ലല്ലോ. എന്തായാലും  നിക്ഷേപ വൈവിദ്ധ്യവല്‍ക്കരണത്തിന്റെ ‘ഭാഗമായി ചെറുകിട നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന മേഖലയാണ് മികച്ച കമ്പനികളുടെ കടപ്പത്രങ്ങള്‍. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top