13 July Saturday

2016ല്‍ എവിടെ നിക്ഷേപിക്കണം?

പി ജി സുജUpdated: Sunday Dec 27, 2015

പുതിയവര്‍ഷത്തില്‍ ഓഹരി സൂചികകള്‍ ഏതുദിശയില്‍ നീങ്ങും എന്നത് പല നിക്ഷേപകരും ഗൌരവമായിത്തന്നെ ആലോചിക്കുന്ന ഒരു വിഷയമാണ്. ഓഹരി സൂചികയില്‍ അഞ്ചു ശതമാനത്തോളം നഷ്ടത്തോടെയാണ് 2015 കടന്നു പോകുന്നത്. അതു കൊണ്ട് 2015ല്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ചവര്‍ക്കെല്ലാം നഷ്ടമായിരുന്നു എന്ന നിഗമനത്തിലെത്തുന്നതു ശരിയാണോ. ഒരിക്കലുമല്ല. കൃത്യമായ വിശകലനത്തിന്റെ പിന്‍ബലത്തില്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപിച്ച പലര്‍ക്കും 2015ലും നേട്ടമുണ്ടാക്കാനായി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2016ലും ഇതേരീതി പിന്തുടരുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാവും. ഓഹരി വിപണി ഏതുദിശയില്‍ നീങ്ങിയാലും കരുതലോടെ കമ്പനികളും ഓഹരികളും തെരഞ്ഞെടുത്തു നിക്ഷേപിക്കുകയാണെങ്കില്‍ നഷ്ട സാധ്യതകള്‍ ഒഴിവാക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്യാം. 2014 ല്‍ 24.5 ശതമാനത്തോളം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ 2015ല്‍ അതേരീതിയില്‍ മുന്നേറില്ലെന്ന് ഉറപ്പായിരുന്നല്ലോ. ഈയൊരു സാഹചര്യത്തില്‍ ഘട്ടംഘട്ടമായി നിക്ഷേപിച്ചു മുന്നേറുക എന്നതായിരുന്നു ശാസ്ത്രീയമായി നിക്ഷേപിച്ചിരുന്ന പലരും അവലംബിച്ച മാര്‍ഗം. പുതിയവര്‍ഷത്തിലും ഇതേ രീതിയില്‍ മുന്നേറുന്നതായിരിക്കും അഭികാമ്യം.  2015ല്‍ നേട്ടമുണ്ടാക്കാനാവാതെപോയ ഓഹരികളില്‍ മൂല്യമുള്ള പലതിനും 2016 ല്‍ വില ഉയര്‍ന്നേക്കും എന്ന അനുമാനവും ഇവിടെ ഗുണകരമാകും. 2016 അവസാനത്തോടെ ഓഹരിസൂചിക 24600 ലേക്കു താഴുമെന്നാണ് പല വിദഗ്ധരും പ്രവചിക്കുന്നത്.   നേരത്തെ സൂചിപ്പിച്ചതുപോലെ മൂല്യാധിഷ്ഠിത ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിച്ചു നേട്ടമുണ്ടാക്കുക എന്ന രീതി തന്നെയാവും ഇവിടേയും ഗുണമാകുക. ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ ഉയര്‍ത്തിയത് അടക്കമുള്ള ഓഹരിവിപണിയുമായി നേരിട്ടു ബന്ധമുള്ള ഒട്ടനവധി ഘടകങ്ങള്‍കൂടി ഇവിടെ കണക്കിലെടുക്കുകയും വേണം.

വളരെ നേട്ടം നല്‍കുന്ന നിരവധി ഓഹരികള്‍ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും എന്ന സൂചനയാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എങ്കില്‍തന്നെയും വലിയ തോതിലുള്ള വളര്‍ച്ച പ്രതീക്ഷിക്കാവുന്ന ഓഹരികളും അവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ചെറുകിട, ഇടത്തരം മേഖലകളിലുള്ള ഓഹരികളാണ് ഇങ്ങനെ ഉയര്‍ത്തിക്കാട്ടപ്പെടുന്നവയില്‍ കൂടുതലും. മികച്ച മാനേജുമെന്റ്, കടത്തിന്റെ അഭാവം, പരിഷ്ക്കരണ നടപടികള്‍, എതിരാളികളുടെ ബലഹീനത തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ്  പല വിദഗ്ധരും ഇത്തരത്തിലുള്ള ഓഹരികള്‍ ശുപാര്‍ശ ചെയ്യുന്നത്. ഈ ഓഹരികള്‍ പരിഗണിക്കുമ്പോഴും സ്വന്തമായ വിലയിരുത്തലുകളും കണക്കുകൂട്ടലുകളും കൂടി വേണം.

ഇന്ത്യയിലേക്ക് വിദേശനിക്ഷേപകര്‍ 11 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് 2015ല്‍ നടത്തിയത്.  2016ലും ഇതേരീതിയില്‍ വിദേശ നിക്ഷേപകര്‍ എത്തുമെന്ന് അനുമാനിക്കുന്ന പലരുമുണ്ട്. പണപ്പെരുപ്പ നിരക്ക് അടക്കമുള്ള ഘടകങ്ങള്‍ അവര്‍ കണക്കിലെടുക്കുമെന്നും പലരും വിശ്വസിക്കുന്നുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമായ ഫണ്ടുകള്‍ ഓഹരികളിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്നത് സൂചികകളില്‍ കാര്യമായ സ്വാധീനം ചെലുത്തും. ഇടിഎഫുകളിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ അടുത്ത കാലത്തുണ്ടായ  സവിശേഷതകളും 2016ല്‍ ഓഹരി വിപണിക്കു ബലം നല്‍കുന്ന ഘടകങ്ങളിലൊന്നാണ്.  പ്രമുഖ ഇടിഎഫുകളില്‍  കഴിഞ്ഞ ആഗസ്തിനുശേഷം  3200 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.  ഓഹരി വിപണിയിലേക്ക് ഉയര്‍ന്ന തോതിലുള്ള ആഭ്യന്തരനിക്ഷേപം എത്തുന്നതിനും ദീര്‍ഘകാല നിക്ഷേപം എത്തുന്നതിനും ഉള്ള വഴികള്‍ കൂടിയാണ് ഇതിലൂടെ തുറന്നു വരുന്നത്. കുറഞ്ഞതോതിലെ വില വ്യതിയാനങ്ങള്‍ മാത്രമുള്ള ഓഹരികള്‍ തെരഞ്ഞെടുത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ന്യായമായ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകളും ഇതു തുറന്നു തരുന്നുണ്ട്.

മലയാളികള്‍ക്കു പ്രിയപ്പെട്ട നിക്ഷേപ മേഖലയായ സ്വര്‍ണം ഒരു നിക്ഷേപമെന്ന നിലയില്‍ തികച്ചും അനാകര്‍ഷകമാകുന്നതായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി കാണുന്നത്. ഈയൊരു സവിശേഷത തന്നെ 2016ല്‍ സ്വര്‍ണത്തിനു നേട്ടമാകാനും ഇടയുണ്ട്. ഇത്രയും കാലം താഴേക്കുപോയ സ്വര്‍ണ വില അല്‍പ്പമെങ്കിലും ഉയര്‍ന്നാല്‍ ആ മേഖലയിലെ നിക്ഷേപം നേട്ടമുണ്ടാക്കി തരുമോ എന്നു പ്രതീക്ഷിക്കുന്ന ചിലരെങ്കിലും ഉല്‍പ്പന്ന നിക്ഷേപ മേഖലയിലുണ്ട്. എന്നാല്‍ സ്വര്‍ണത്തിലെ നിക്ഷേപം എത്രത്തോളം നേട്ടമുണ്ടാക്കിത്തരും എന്ന് കാത്തിരുന്നു കാണേണ്ടതു തന്നെയാണ്. സ്വര്‍ണം മാത്രമല്ല, ഉല്‍പ്പന്നമേഖലയില്‍ മൊത്തത്തില്‍തന്നെ ഉയര്‍ച്ച പ്രതീക്ഷിക്കാനില്ലാത്ത വര്‍ഷമായിരിക്കും 2016 എന്നാണ് പൊതുവെ വിലയിരുത്തുന്നത്.
കടപ്പത്ര വിപണികളില്‍ നിക്ഷേപിക്കുന്നവര്‍ക്കും അവരുടെ വ്യക്തിഗത സവിശേഷതകള്‍ വിലയിരുത്തി നിക്ഷേപിച്ചാല്‍ നേട്ടമുണ്ടാക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കുറഞ്ഞതോതില്‍ മാത്രം നഷ്ട സാധ്യത നേരിടാന്‍ സാധിക്കുന്നവര്‍ക്ക് ഹ്രസ്വകാലത്തേക്കുള്ള ഡെറ്റ് ഫണ്ടുകളും മറ്റുള്ളവര്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ഡെറ്റ് ഫണ്ടുകളും തെരഞ്ഞെടുക്കാന്‍ ഇവിടെ അവസരമുണ്ട്. ഇത്തരത്തില്‍ വിഭിന്നങ്ങളായ ഡെറ്റ് ഫണ്ടുകള്‍ നിലവിലുള്ളത് പ്രയോജനപ്പെടുത്തുകയുമാവാം.

ഓഹരി നിക്ഷേപം ഉദ്ദേശിക്കുന്നവര്‍ മറ്റൊന്നുകൂടി ശ്രദ്ധിക്കണം. നേരത്തെ സൂചിപ്പിച്ചതു പോലെ വിപണി ഏത് ദിശയില്‍ സഞ്ചരിച്ചാലും കരുതലോടെ കമ്പനികളും ഓഹരികളും തെരഞ്ഞടുത്ത് നിക്ഷേപിക്കുകയാണെങ്കില്‍ കാര്യമായ നഷ്ടത്തിന് സാധ്യതയില്ല. ഓഹരിവിപണിയില്‍ ഒറ്റയടിക്കു നിക്ഷേപിക്കാതെ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതാണ് വിപണി തകര്‍ച്ചയില്‍നിന്ന് പെട്ടെന്നുണ്ടാകുന്ന ആഘാതം കുറയ്ക്കാനുള്ള ഏകമാര്‍ഗം എന്നതുംകണക്കിലെടുത്തുവേണം ഓഹരിനിക്ഷേപത്തെ സമീപിക്കാന്‍.— 2016ലും നിക്ഷേപകര്‍ ഓഹരിവിപണിയില്‍ ചെറിയതോതിലെങ്കിലും നിക്ഷേപിക്കുന്നത് തുടരണം. വിവിധ രാജ്യങ്ങളില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിപണിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഓഹരിനിക്ഷേപം സങ്കീര്‍ണമായ നടപടിയായതിനാല്‍ അതിനുള്ള സമയവും വൈദഗ്ധ്യവും ഇല്ലെങ്കില്‍ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപം— തുടങ്ങാം. ഓഹരിവിപണിയിലും മ്യൂച്ചല്‍ ഫണ്ടുകളിലും കാര്യമായ തകര്‍ച്ച നേരിടാതെ നിക്ഷേപം നടത്തുന്നതിന് ഘട്ടംഘട്ടമായി നിക്ഷേപത്തിന് അവസരം ഒരുക്കുന്ന എസ്ഐപി രീതിയില്‍ നിക്ഷേപിക്കാം.
ബോണ്ട് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഒരു ഘടകമാണ് പലിശനിരക്കുകള്‍. പലിശനിരക്ക് 2016ല്‍ എങ്ങോട്ടാണു നീങ്ങുക എന്നതാണ് ഇവിടെ ഏറെ പ്രധാനപ്പെട്ടത്. കാരണം ബാങ്ക്നിരക്ക് കുറയുമ്പോള്‍ ബോണ്ട് ഫണ്ടുകള്‍ക്ക് നിരക്കുയരുന്ന പ്രവണതയാണ് പൊതുവെ ഉള്ളത്. പലിശനിരക്ക് ഒരുശതമാനം കുറയുമ്പോള്‍ ബോണ്ടില്‍ ആറുശതമാനം നേട്ടമുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന മ്യൂച്വല്‍ഫണ്ടുകളുടെ ബോണ്ട് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം. പിലിശനിരക്ക് ഇനിയും കുറയാനുള്ള സാധ്യത കണക്കിലെടുത്ത് റിയല്‍ എസ്റ്റേറ്റ്മേഖലയില്‍ പ്രതീക്ഷയുടെ വര്‍ഷമാണ് 2016 എന്ന് ഈരംഗത്തെ ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മേഖല ഏതായാലും നിക്ഷേപം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:  കൃത്യമായ തയ്യാറെടുപ്പോടെയും ദീര്‍ഘകാല ലക്ഷ്യത്തോടെയും മാത്രമെ നിക്ഷേപം നടത്താവൂ. വികാരങ്ങള്‍ക്ക് നിക്ഷേപകാര്യങ്ങളില്‍ പരിഗണന കൊടുക്കരുത്.  ഏതു മേഖലയിലും ഒറ്റയടിക്കു നിക്ഷേപിക്കാതെ ഘട്ടംഘട്ടമായി നിക്ഷേപിക്കുക. വിപണിയില്‍ ഉണ്ടാകുന്ന  താഴ്ചകള്‍ അവസരമായി കാണാമെങ്കിലും നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതില്‍ ചെറിയൊരു പങ്കുമാത്രം അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുക.     വിവിധ കമ്പനികളുടെ സ്ഥിരനിക്ഷേപങ്ങള്‍, ബോണ്ടുകള്‍, നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ എന്നിവയെല്ലാം നിക്ഷേപത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ അവയ്ക്കു ല‘ഭിച്ച റേറ്റിങ് പരിശോധിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top