19 April Friday

കേരള ട്രാവൽ മാർട്ടിന‌് ഇന്ന്‌ കൊച്ചിയിൽ തുടക്കം; ഉദ്‌ഘാടനം മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 27, 2018

കൊച്ചി>പ്രളയത്തെ അതിജീവിച്ച കേരളത്തിലേക്ക‌് വിനോദസഞ്ചാരികളെ വരവേറ്റ‌് രാജ്യത്തെ വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) പത്താംപതിപ്പിന‌് വ്യാഴാഴ‌്ച തുടക്കമാകും. വൈകിട്ട‌് ആറ‌ിന‌് എറണാകുളം ബോൾഗാട്ടി ദ്വീപിലെ ഗ്രാന്റ‌് ഹയാത്ത‌് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാർട്ട‌് ഉദ‌്ഘാടനം ചെയ്യും. തുടർന്ന‌് 30 വരെ വെല്ലിങ‌്ടൺ ഐലൻഡിലെ സാമുദ്രിക, സാഗര കൺവൻഷൻ സെന്ററുകളിലാണ‌് വാണിജ്യ കൂടിക്കാഴ‌്ചകളും പ്രദർശനവും നടക്കുക.

ഉദ‌്ഘാടനച്ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. കേന്ദ്രമന്ത്രി അൽഫോൺസ‌് കണ്ണന്താനം മുഖ്യാതിഥിയാകും. 66 രാജ്യങ്ങളിൽനിന്നുൾപ്പെടെ 1600 ബയർമാരാണ‌് ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്നതെന്ന‌് കെടിഎം സൊസൈറ്റി പ്രസിഡന്റ‌് ബേബി മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലബാറിന്റെ സാംസ‌്കാരിക പൈതൃകവും ഉത്തരവാദ ടൂറിസത്തിന്റെ പ്രാധാന്യവും വിളിച്ചോതുന്ന കലാസാംസ‌്കാരിക പരിപാടിയോടെയാണ‌് മാർട്ടിന‌് തുടക്കം. പ്രളയത്തിൽനിന്ന‌് സംസ്ഥാനം നടത്തിയ അതിജീവനത്തിന്റെ നേർസാക്ഷ്യം ലോകത്തിന‌ുമുന്നിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണിത‌്.

പ്രദർശനത്തിനും വാണിജ്യ കൂടിക്കാഴ‌്ചയ‌്ക്കുമപ്പുറം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന നാല‌് ശിൽപ്പശാലയും ഒരുക്കിയിട്ടുണ്ട‌്. 28ന‌് ‘ടൂറിസം: സാമ്പത്തിക പുരോഗതിയുടെ പ്രവർത്തനയന്ത്രം’ ‌എന്ന വിഷയത്തിലാണ‌് ശിൽപ്പശാല. 29ന‌് ‘വിനോദസഞ്ചാര മേഖലയിലെ മാറുന്ന പ്രവണതകൾ’, ‘കേരളത്തിൽ ഉത്തരവാദ ടൂറിസത്തിന്റെ സ്വാധീനം’ എന്നീ ശിൽപ്പശാലകളും 30ന‌് ‘കേരളത്തിലെ ടൂറിസം മേഖലയിലെ പുതിയ ഉൽപ്പന്നങ്ങളും താൽപ്പര്യങ്ങളും’ എന്ന  ശിൽപ്പശാലയും നടക്കും. വാണിജ്യ കൂടിക്കാഴ‌്ച നടക്കുന്ന ഐലൻഡിലെ കെടിഎം മേളയിൽ രജിസ‌്റ്റർ ചെയ‌്തവർക്കാണ‌് പ്രവേശനം. 30ന‌് പൊതുജനങ്ങൾക്ക‌് സൗജന്യ പ്രവേശനമുണ്ടാകും.

കെടിഎമ്മിൽ അണിനിരക്കുന്ന ലോകോത്തര ബയർമാരും സെല്ലർമാരുമായി ആശയവിനിമയത്തിനും വ്യാപാരബന്ധങ്ങൾ സ്ഥാപിക്കുന്നതിനും അവസരമുണ്ടാകും. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന കെടിഎമ്മിൽ ടൂർ ഒാപ്പറേറ്റർമാർ, ഹോട്ടൽ, റിസോർട്ട‌്, ഹോംസ‌്റ്റേ, ഹൗസ‌്ബോട്ട‌്, ആയുർവേദ റിസോർട്ട‌്, സാംസ‌്കാരിക കലാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികൾ പങ്കെടുക്കും. മഴവെള്ളസംഭരണം, പ്ലാസ‌്റ്റിക‌് ഉപയോഗ ലഘൂകരണം, ഹരിതാഭ വർധിപ്പിക്കൽ എന്നിവയാണ‌് ഇത്തവണത്തെ കെടിഎമ്മിന്റെ പരിഗണനാവിഷയങ്ങൾ. കെടിഎം സെക്രട്ടറി ജോസ‌് പ്രദീപ‌്, ട്രഷറർ ജി ഗോപിനാഥൻ, കേന്ദ്ര ഉപദേശകസമിതി അംഗം എബ്രഹാം ജോർജ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

40,000 കോടിയുടെ വിറ്റുവരവ‌് ലക്ഷ്യം
കൊച്ചി>പ്രളയാനന്തര കേരളത്തിലെ വിനോദസഞ്ചാരമേഖലയിൽ  2018–19  സീസണിൽ ലക്ഷ്യമിടുന്നത‌് 40,000 കോടിയുടെ വിറ്റുവരവ‌്. പ്രളയം നാശം വിതച്ചിട്ടും കേരളത്തിലെ വിനോദസഞ്ചാരമേഖല തിരിച്ചുവരുന്നതിന്റെ തെളിവാകും കേരള ട്രാവൽ മാർട്ട‌്. മുൻവർഷങ്ങളിൽ 34,000 കോടിയായിരുന്നു വിറ്റുവരവ‌്.

പ്രളയത്തെതുടർന്ന‌് വിനോദസഞ്ചാരമേഖലയിൽ 2000 കോടിയുടെ നഷ്ടമുണ്ടായതായി കേന്ദ്ര ടൂറിസം ഉപദേശകസമിതി അംഗം എബ്രഹാം ജോർജ‌് പറഞ്ഞു.  ഇതിൽ 500 കോടിയും അടിസ്ഥാനസൗകര്യ മേഖലയിലാണ‌്. ടൂർ റദ്ദാക്കലുൾപ്പെടെ 1500 കോടിയാണ‌് നഷ്ടപ്പെട്ടത‌്. എന്നാൽ, പ്രളയം തകർത്ത ടൂറിസം കേന്ദ്രങ്ങൾ കെടിഎമ്മിന്റെയും ടൂറിസം മേഖലയിലെ മറ്റ‌് സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരിച്ചു. മൂന്നാർ, തേക്കടി, വർക്കല, ആലപ്പുഴ, കോവളം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും 90 ശതമാനം റിസോർട്ടുകളും ഹോംസ‌്റ്റേകളും സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി. പ്രളയവും പകർച്ചപ്പനിയും പ്രതിരോധിച്ച കേരളത്തിലേക്ക‌് വിദേശത്ത‌ുനിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന‌് കോട്ടം തട്ടിയിട്ടില്ലെന്നതിന്റെ തെളിവാണ‌് ഓസ‌്ട്രേലിയയിൽനിന്ന‌്  80 പേരെത്തിയത‌്.

കൊച്ചി ബോൾഗാട്ടി പാലസിൽ ആരംഭിക്കുന്ന കേരള ട്രാവൽ മാർട്ടിന്റെ പത്താംപതിപ്പിൽ വിദേശത്ത‌ുനിന്നുമാത്രം 545 പേർ പങ്കെടുക്കുന്നു. കഴിഞ്ഞവർഷത്തേക്കാൾ അന്താരാഷ്ട്ര ബയേഴ‌്സിന്റെ എണ്ണം 125 ശതമാനം വർധിച്ചു.  ആഭ്യന്തര ബയേഴ‌്സിന്റെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 75 ശതമാനം വർധനയുണ്ടായി. നാനൂറോളം സ‌്റ്റാളുകളിലായി 325 സെല്ലർമാരും ഇത്തവണയുണ്ട‌്. 

ചേക്കുട്ടിപ്പാവയും പ്രദർശനത്തിൽ
രണ്ട‌ുലക്ഷം ചതുരശ്ര അടിയിലാണ‌് ട്രാവൽ മാർട്ടിന‌് വേദിയൊരുങ്ങുന്നത‌്. പുതിയ മേഖലകളായ ഗ്രാമീണ ടൂറിസം, സാംസ‌്കാരിക ജീവിതം, ജടായുപ്പാറ, ഫാം ടൂറിസം, യോഗ, ക്രൂയീസ‌് ഷിപ‌് ടൂറിസം എന്നിവയെക്കുറിച്ചുള്ള സ‌്റ്റാളുകൾ മാർട്ടിന്റെ പ്രത്യേകതയാണ‌്. ക്രൂയിസ‌് ഷിപ‌് ടൂറിസത്തിൽ കേരളത്തെ ഹോം ഗ്രൗണ്ടാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ‌്. ചേന്ദമംഗലത്തെ ചേക്കുട്ടിപ്പാവ നിർമാണത്തിന്റെ പ്രദർശനം നടത്തും. നവരാത്രി, ദീപാവലി ആഘോഷങ്ങളും പ്രയോജനപ്പെടുത്തും. ട്രാവൽ മാർട്ടിന്റെ ഭാഗമായി വെല്ലിങ‌്ടൺ ഐലൻഡിൽനിന്ന‌് മൂന്നാർ, ആലപ്പുഴ, കൊച്ചി, അതിരപ്പിള്ളി എന്നിവയെ ബന്ധിപ്പിച്ച‌് നിശ‌്ചിത ഫീസ‌് ഈടാക്കി ഹെലികോപ‌്റ്റർ സർവീസ‌് നടത്തും. കൂടാതെ ക്രൂയിസ‌് ഷിപ്പിൽ സൗജന്യമായി കടൽ ആസ്വദിക്കാനും അവസമുണ്ട‌്. സംസ്ഥാന സർക്കാർ രണ്ട‌ുകോടിയും കേന്ദ്ര സർക്കാർ 25 ലക്ഷവും ട്രാവൽ മാർട‌് നടത്തിപ്പിന് അനുവദിച്ചിട്ടുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top