19 April Friday

ഓണം മേള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി ബാംബുകോര്‍പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 27, 2017

കൊച്ചി > ജൈവജീവിതത്തിന്റെ ഭാഗമായി രാജേന്ദ്ര മൈതാനിയില്‍ ഒരുക്കിയിരിക്കുന്ന ഓണം മേളയില്‍ മുളയുടെ തൈമുതല്‍ ഫര്‍ണിച്ചര്‍വരെയുള്ള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും കാണികളെ ആകര്‍ഷിക്കുന്നു.  ബാംബുകോര്‍പറേഷനാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ബാംബുകോര്‍പറേഷന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഫ്ളോറിങ് ടൈലാണ് പ്രദര്‍നത്തിലെ ആകര്‍ഷണം. കോര്‍പറേഷന്റെ കോഴിക്കോട് നല്ലളത്തെ ഫാക്ടറിയിലാണ് ഈ ടൈല്‍ നിര്‍മിക്കുന്നത്. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉപയോഗത്തെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കും. സ്ക്വയര്‍ ഫീറ്റിന് ഏകദേശം 1200 മുതല്‍ 1400 വരെ ചെലവുവരുന്ന ബാംബു ഹൌസിന്റെ നിര്‍മാണത്തെക്കുറിച്ചും ഇവിടെനിന്ന് വിവരം ലഭിക്കും.  വിനോദ സഞ്ചാര വകുപ്പിനുവേണ്ടി അധികവും ട്രീ ഹൌസുകളാണ് കോര്‍പറേഷന്‍ നിര്‍മിക്കുന്നതെങ്കിലും അടിത്തറ കെട്ടി നല്‍കുന്ന ഏതാവശ്യക്കാരനും 20 വര്‍ഷം എങ്കിലും നിലനില്‍ക്കുന്ന വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കോര്‍പറേഷന്‍ തയ്യാറാണ്.

സ്ത്രീകള്‍ മുടികെട്ടാനുപയോഗിക്കുന്ന ക്ളിപ്പുമുതല്‍ വിവിധതരം ലാമ്പ് ഷെയ്ഡ്വരെയുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ഇവിടെനിന്ന് ലഭിക്കും. മുറം, കുട്ട, കൌതുക വസ്തുക്കള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. മുളയും ഈറ്റയും ഉപയോഗിച്ച് കരകൌശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം കോര്‍പറേഷന്‍ നല്‍കി വരുന്നുണ്ട്. ജൈവജീവിതത്തിന്റെ ഭാഗമായി നടക്കുന്ന സ്റ്റാളില്‍ ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് 10 ശതമാനം കിഴിവും കോര്‍പറേഷന്‍ വാഗ്ദാനം ചെയ്യുന്നു.

ജൈവജീവിതത്തിന്റെ ഭാഗമായി എല്ലാ ദിവസവും പ്രഭാഷണവും കലാപരിപാടികളും നടക്കുന്നുണ്ട്. ശനിയാഴ്ച ഫാ. പ്രശാന്ത് പാലയ്ക്കാപിള്ളിയും കെ ജി പൌലോസും പ്രഭാഷണം നടത്തി. വൈകിട്ട് കരോക്കെ ഗാനമേളയും അരങ്ങേറി. ഫോണ്‍: 0484- 2456575, 2452796.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top