29 March Friday

ആദായനികുതി ഇളവിനായി ചില അവസാനവട്ട തയ്യാറെടുപ്പുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 27, 2016

മാര്‍ച്ച് കഴിയാറായി. ആദായനികുതി ലാഭിക്കാന്‍ ഇനി ചില അവസാനവട്ട പൊടിക്കെകള്‍ക്കേ സമയമുള്ളു. ആദായനികുതി ബാധകമായവര്‍ക്ക് പരമാവധി ഇളവുനേടാന്‍ ഉള്ള ചില തയ്യാറെടുപ്പുകള്‍ നോക്കാം.  നികുതിയിളവു മുഴുവനായി നേടാനുള്ള  അവസരങ്ങളെല്ലാം   ഉപയോഗപ്പെടുത്തുന്നതിന്  വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്ളാന്‍ ചെയ്യണമായിരുന്നു. ഈ വൈകിയവേളയിലും ശരിയായ നീക്കങ്ങള്‍ നടത്തിയാല്‍ ന്യായമായ ലാഭം ഉണ്ടാക്കാം. നികുതിസംബന്ധമായ ചട്ടങ്ങളും നിബന്ധനകളും അറിയുകയും അവ ശരിയായി ഉപയോഗിക്കാന്‍ തയ്യാറാകുകയുമാണ് വേണ്ടത്.

  എത്രയാണ് നിങ്ങളുടെ നികുതിബാധ്യതയെന്ന് കൃത്യമായി അറിഞ്ഞുവച്ചിട്ടുണ്ടാകുമല്ലോ. എങ്കിലേ എന്തെല്ലാം ഇളവുകള്‍ ഉപയോഗപ്പെടുത്തണമെന്നറിയാനാകൂ. ശമ്പളവരുമാനം, കെട്ടിടവാടക, ബിസിനസ് ആദായം, മൂലധനനേട്ടം, മറ്റു സ്രോതസ്സില്‍നിന്നുള്ളത് എന്നീ അഞ്ചിന വരുമാനത്തിനാണ് നികുതി. ഭൂമി, സ്വര്‍ണം, ഓഹരി എന്നീ ആസ്തികളിലെ വരുമാനമെല്ലാം മൂലധനനേട്ടത്തില്‍പ്പെടും.  ലോട്ടറി, സമ്മാനങ്ങള്‍ എന്നിവയടക്കം ആദ്യ നാലുവിഭാഗത്തിലും വരാത്ത എല്ലാ വരുമാനവും അഞ്ചാം പട്ടികയില്‍ വരും. ഇനി  നിങ്ങള്‍ക്ക് എത്ര നികുതിഭാരമുണ്ടെന്നു കണക്കാക്കാന്‍ നിലവിലെ   ടാക്സ് സ്ളാബ് കൂടി അറിയണം. നിലവിലെ സ്ളാബ് അനുസരിച്ച് 2.5 ലക്ഷം രൂപവരെയുള്ള വാര്‍ഷികവരുമാനം നികുതിരഹിതമാണ്. അതിനുമുകളില്‍ 5 ലക്ഷം രൂപ വാര്‍ഷികവരുമാനമുള്ളവര്‍ 10 ശതമാനം നികുതി നല്‍കണം 25,000 രൂപയാണിത്്. 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ 20 ശതമാനം തുകയായ ഒരു ലക്ഷം രൂപ നികുതി ഒടുക്കേണ്ടതുണ്ട്. 10 ലക്ഷം രൂപയ്ക്കു മുകളില്‍ 30 ശതമാനമാണ് നികുതി നല്‍കേണ്ടത്. രണ്ടരലക്ഷംമുതല്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതിബാധ്യതയായ 25,000 രൂപയില്‍ 2000 രൂപയുടെ കിഴിവുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷംമുതല്‍ ഇത് 5000 ആയി വര്‍ധിപ്പിക്കും.

സ്ളാബ്പ്രകാരം നിങ്ങളുടെ നികുതിബാധകമായ മൊത്തം വരുമാനം കണക്കാക്കുക. ഇനി എന്തെല്ലാം ഇളവുകള്‍ ഉണ്ട്, അതില്‍  മികച്ചതും ശരിയായി ഉപയോഗപ്പെടുത്താവുന്നവയും ഏതെല്ലാം എന്നു പരിശോധിക്കണം. എല്ലാവര്‍ക്കും ബാധകമായ ഇളവാണ് 80 സി പ്രകാരമുള്ള ഒരു ലക്ഷത്തിന്റെ ഇളവ്. പബ്ളിക് പ്രോവിഡന്റ് ഫണ്ട്, പിഎഫ്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, പെന്‍ഷന്‍ഫണ്ടുകള്‍, പോസ്റ്റ്ഓഫീസ്, ബാങ്ക് സ്ഥിരനിക്ഷേപം, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, ഇഎല്‍എസ്എസ്, നാഷണല്‍ പെന്‍ഷന്‍പദ്ധതി എന്നിവയിലെ നിക്ഷേപത്തിനെല്ലാം ഇളവുണ്ട്.  ഇതിനുപുറമെ ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്, കുട്ടികളുടെ  ട്യൂഷന്‍ഫീസ്  എന്നിവയ്ക്കും 80 സി ആനുകൂല്യം ലഭിക്കും. ഇതില്‍നിന്ന് സ്വന്തം സാഹചര്യത്തിന് ഏറ്റവും മികച്ചതു വേണം ഉഫയോഗപ്പെടുത്താന്‍. ട്യൂഷന്‍ഫീസ്,  ഭവനവായ്പാ തിരിച്ചടവ്, പ്രോവിഡന്റ് ഫണ്ട് എന്നിവ പരമാവധി ഉപയോഗപ്പെടുത്തിയശേഷം മാത്രം മറ്റുള്ളവ ഉപയോഗപ്പെടുത്തുന്നതാവും നല്ലത്.

അധിക ഇളവിനുള്ള മാര്‍ഗങ്ങള്‍കൂടി നോക്കാം. അത്തരം ചില മാര്‍ഗങ്ങള്‍ ഇതാ. ജീവിതപങ്കാളി, മക്കള്‍  എന്നിവര്‍ക്കടക്കം 15,000 രൂപ വരെയുള്ള മെഡിക്ളെയിമിനും അതിനുപുറമെ മാതാപിതാക്കളുടെ 20,000 രൂപ വരെയുള്ള മെഡിക്ളെയിമിനും ഇളവുകിട്ടും.  വിദ്യാഭ്യാസവായ്പ പലിശയിനത്തില്‍ അടയ്ക്കുന്ന മുഴുവന്‍ തുകയ്ക്കും വായ്പ എടുത്തയാള്‍ക്കു പുറമെ  മാതാപിതാക്കള്‍, ജീവിതപങ്കാളി എന്നിവര്‍ക്കും ഇളവുനേടാം. ഭവനവായ്പയുടെ പലിശയിനത്തിലും ഇളവുണ്ട്. നികുതിദായകന് അംഗവൈകല്യമുണ്ടെങ്കില്‍ 75,000 രൂപവരെ  ഇളവുണ്ട്.  അംഗവൈകല്യമുള്ള ആശ്രിതര്‍ക്കും ഈ  ഇളവു ലഭിക്കും.  അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംഭാവനയ്ക്ക് 50 മുതല്‍ 100 ശതമാനംവരെ ഇളവുണ്ട്. 

മൊത്തം വരുമാനത്തില്‍നിന്ന് ഒരുഭാഗം ജീവിതപങ്കാളിയുടെയോ മാതാപിതാക്കളുടെയോ പ്രായപൂര്‍ത്തിയായ മക്കളുടെയോ പേരിലാക്കുകവഴി നികുതിബാധകമായ വരുമാനത്തില്‍ കാര്യമായ കുറവ് നേടാന്‍ കഴിയും. ശമ്പളയിതര വരുമാനങ്ങളായ വീട്ടുവാടക, പലിശവരുമാനം, ഓഹരിനിക്ഷേപം എന്നിവയില്‍നിന്നുള്ള വരുമാനം ഇങ്ങനെ പകുത്തുനല്‍കാവുന്നതാണ്. ഓഹരിയില്‍നിന്നുള്ള ഹ്രസ്വകാലനഷ്ടം മറ്റു പല ആസ്തികളുടെയും മൂലധനനേട്ടത്തില്‍ തട്ടിക്കിഴിക്കാനുള്ള ചട്ടമുണ്ട്. ബിസിനസുകാര്‍ക്കും  പ്രൊഫഷണലുകള്‍ക്കും എല്ലാവിധ ചെലവുകളും വരുമാനത്തില്‍നിന്ന് കുറയ്ക്കാനും ഇളവുനേടാനും കഴിയും. പക്ഷേ, ഓരോ ഇളവിനും ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്നു മാത്രം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top