29 March Friday

പിപിഎഫ് നിക്ഷേപം ദീര്‍ഘിപ്പിച്ചാല്‍ നേട്ടങ്ങള്‍ പലത്

കെ അരവിന്ദ്Updated: Monday Sep 26, 2016

നിക്ഷേപം നടത്തുന്ന തുകയ്ക്കും കാലയളവിനിടയിലുള്ള വരുമാനത്തിനും നിക്ഷേപത്തുക പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിനും നികുതിയിളവ് ലഭിക്കുന്ന പദ്ധതിയാണ് പിപിഎഫ് (പബ്ളിക് പ്രോവിഡന്റ് ഫണ്ട്). ബാങ്ക് സ്ഥിരനിക്ഷേപം, ന്യൂ പെന്‍ഷന്‍ സ്കീം എന്നിവയ്ക്ക് ഇത്തരത്തില്‍ മൂന്നുഘട്ടത്തിലുമുള്ള സമ്പൂര്‍ണമായ നികുതിയിളവ് ലഭിക്കുന്നില്ലെന്നിരിക്കെയാണ് (ബാങ്ക് സ്ഥിരനിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം നികുതിവിധേയമാണെങ്കില്‍ ന്യൂ പെന്‍ഷന്‍ സ്കീമിലെ നിക്ഷേപം പിന്‍വലിക്കുന്നഘട്ടത്തില്‍ നികുതി വിധേയമാണ്) പിപിഎഫ് പരമാവധി നികുതിയിളവ് നേടിയെടുക്കാവുന്ന മികച്ച നിക്ഷേപമാര്‍ഗമാകുന്നത്.

15 വര്‍ഷത്തേക്കാണ് പിപിഎഫിലെ നിക്ഷേപ കാലയളവെങ്കിലും അതിനുശേഷം അഞ്ചുവര്‍ഷ കാലയളവിലേക്കായി നിക്ഷേപം ദീര്‍ഘിപ്പിക്കാമെന്നത് പിപിഎഫിന്റെ സവിശേഷതയാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ എത്രതവണ വേണമെങ്കിലും  ഇത്തരത്തില്‍ നിക്ഷേപം ദീര്‍ഘിപ്പിക്കാം.
8.7 ശതമാനം വാര്‍ഷികപലിശ, പലിശയ്ക്ക് നികുതിയിളവ്, അഞ്ചുവര്‍ഷത്തിനിടെ പിഴകൂടാതെ ഭാഗികമായി നിക്ഷേപം പിന്‍വലിക്കാനുള്ള സൌകര്യം... ഇതൊക്കെയാണ് പിപിഎഫ് നിക്ഷേപം ദീര്‍ഘിപ്പിക്കുമ്പോള്‍ നിക്ഷേപകനു ലഭിക്കുന്നത്. പിപിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതിമുക്തമാണെന്നതിനാല്‍ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുന്നതിനുമുമ്പ് പിന്‍വലിക്കുമ്പോഴും ഈ ഇളവ് ലഭ്യമാണ്.

പിപിഎഫ് നിക്ഷേപം ദീര്‍ഘിപ്പിക്കുമ്പോള്‍ വിഹിതം തുടരാനും തുടരാതിരിക്കാനും നിക്ഷേപകന് അവസരമുണ്ട്. തുടര്‍വിഹിതം  കൂടാതെ നിക്ഷേപം ദീര്‍ഘിപ്പിക്കുമ്പോള്‍ അഞ്ചുവര്‍ഷംകൂടി പലിശ കിട്ടുന്നത് തുടരും. ഇത്തരത്തില്‍ ദീര്‍ഘിപ്പിക്കുന്ന നിക്ഷേപം ഇടയ്ക്കുവച്ച്  പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാന്‍ അവസരമുണ്ട്. പക്ഷേ പ്രതിവര്‍ഷം ഒരുതവണ മാത്രമേ പിന്‍വലിക്കാനാകൂ.

റിട്ടയര്‍മെന്റിനുശേഷം മറ്റ് നിക്ഷേപപദ്ധതികളെ ആശ്രയിക്കാതെ പ്രതിവര്‍ഷം സ്ഥിരവരുമാനം കിട്ടുന്ന മാര്‍ഗമായി ഇത്തരത്തില്‍ പിപിഎഫ് പദ്ധതിയെ ഉപയോഗപ്പെടുത്താവുന്നതാണ്. എല്ലാ വര്‍ഷവും പലിശ മാത്രം പിന്‍വലിക്കുകയും നിക്ഷേപം നിലനിര്‍ത്തുകയും ചെയ്യാം. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും നിക്ഷേപം ദീര്‍ഘിപ്പിച്ചാല്‍ മതി.

നിക്ഷേപം ദീര്‍ഘിപ്പിച്ച കാലയളവിലും അടയ്ക്കുന്ന വിഹിതം സ്ഥിരമായി തുടരുന്നതാണ് മറ്റൊരു മാര്‍ഗം. പിപിഎഫ് നിക്ഷേപ കാലയളവ് പൂര്‍ത്തിയായശേഷവും നിക്ഷേപകന്‍ സ്ഥിരവരുമാനമുള്ള ആളാണെങ്കില്‍ ഈ രീതി അവലംബിക്കുന്നതാകും ഉചിതം. ഈ രീതിയാണ് അവലംബിക്കുന്നതെങ്കില്‍ മൊത്തം നിക്ഷേപ തുകയുടെ 60 ശതമാനം മാത്രമേ നിക്ഷേപം ദീര്‍ഘിപ്പിച്ച അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ പിന്‍വലിക്കാനാകൂ. ഉദാഹരണത്തിന് 15 വര്‍ഷത്തിനുശേഷം പിപിഎഫ് നിക്ഷേപത്തിന്റെ മൂല്യം 25 ലക്ഷം രൂപയാണെന്നിരിക്കട്ടെ. വിഹിതം തുടര്‍ന്നുകൊണ്ട് നിക്ഷേപം ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തിനിടെ 15 ലക്ഷം രൂപയാണ് പരമാവധി പിന്‍വലിക്കാനാകുക. ഇത്രയും തുക ഒന്നിച്ചോ പലതവണയായോ പിന്‍വലിക്കാവുന്നതാണ്. അതേസമയം പ്രതിവര്‍ഷം ഒരുതവണ മാത്രമേ പിന്‍വലിക്കാനാകൂ എന്ന നിബന്ധന ഇവിടെയും ബാധകം.

രണ്ടാമത്തെ രീതിയില്‍ നിക്ഷേപം ഭാഗികമായി പിന്‍വലിക്കാന്‍ അവസരമുണ്ടെങ്കിലും ഈ അവസരം പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിക്ഷേപലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് 15 വര്‍ഷത്തെ പിപിഎഫ് നിക്ഷേപകാലയളവ് പൂര്‍ത്തിയായത് 40 വയസ്സിലാണെങ്കില്‍ റിട്ടയര്‍മെന്റിനുശേഷമുള്ള വരുമാനം എന്ന ലക്ഷ്യത്തോടെ പതിനഞ്ചോ ഇരുപതോ വര്‍ഷംകൂടി തുടര്‍ന്നും തവണ അടച്ച് നിക്ഷേപം ദീര്‍ഘിപ്പിക്കാവുന്നതാണ്. ഇക്കാലയളവിനിടെ നിക്ഷേ പം പിന്‍വലിക്കാതിരിക്കാനും ശ്രദ്ധിക്കുക. അതേസമയം കുട്ടികളുടെ വിദ്യാഭ്യാസംപോലുള്ള ആവശ്യങ്ങള്‍ക്കാണ് നിക്ഷേപം ദീര്‍ഘിപ്പിച്ചതെങ്കില്‍ പണം ആവശ്യമായിവരുന്ന സമയത്ത് നിക്ഷേപം പിന്‍വലിക്കാം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top