22 September Friday

ആഗോള ഓഹരിവിപണിയിലെ നേട്ടത്തിനും മ്യൂച്വല്‍ ഫണ്ടുകള്‍

ശ്രേയഷ് ദേവാല്‍ക്കര്‍Updated: Sunday Jun 26, 2016

എവിടെ നിക്ഷേപിക്കണമെന്നത് പലരെയും കുഴക്കുന്ന ചോദ്യമാണ്. ഓഹരികള്‍, നിശ്ചിതവരുമാനം നല്‍കുന്ന മറ്റു മേഖലകള്‍ അങ്ങനെ തുടര്‍ന്നുപോകുന്നതാണ് പലരുടെയും ചിന്ത. സാങ്കേതികവിദ്യാരംഗത്ത് ഉണ്ടായ മുന്നേറ്റങ്ങള്‍ നമുക്ക് അത്ര പരിചിതമല്ലാതിരുന്ന മറ്റൊരു മേഖലയിലെ നിക്ഷേപത്തെക്കൂടി കൂടുതല്‍ സൌകര്യപ്രദമാക്കിയിട്ടുണ്ട്. ആഭ്യന്തര ഓഹരിനിക്ഷേപത്തിനു പുറമെ ആഗോള ഓഹരികളിലും നിക്ഷേപിക്കുന്നതിനുള്ള സൌകര്യമാണ് ഇങ്ങനെ ലഭിച്ചിട്ടുള്ളത്. നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ആഗോള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഓഹരിനിക്ഷേപത്തിന്റെ കാര്യത്തില്‍ ഇതത്ര വ്യാപകമായിട്ടില്ല. കൊറിയയിലും ജപ്പാനിലും മറ്റും നിര്‍മിച്ച ടിവിയും ഫോണുമെല്ലാം നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നുണ്ടല്ലോ. അതുപോലെ ആഗോള ഓഹരികളും സാവധാനത്തില്‍ നിക്ഷേപകരുടെ പരിഗണനയിലേക്കു കടന്നുവരുന്നുണ്ട്.

ആഗോള ഓഹരിവിപണി പ്രദാനംചെയ്യുന്ന വൈവിധ്യവല്‍ക്കരണാവസരമാണ് ഏറ്റവും ശ്രദ്ധേയം. ഓഹരിനിക്ഷേപത്തിലുള്ള നഷ്ടസാധ്യത കുറയ്ക്കാന്‍ ഇത് സാധാരണ നിക്ഷേപകരെ സഹായിക്കും. എല്ലാ ഓഹരിവിപണികളും ഒരേ രീതിയിലല്ല മുന്നേറുന്നത്. ആഗോള ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ആഭ്യന്തരവിപണിയില്‍ നിക്ഷേപിക്കുമ്പോഴുള്ള അതേ നഷ്ടസാധ്യത നേരിട്ട് കൂടുതല്‍ ലാഭം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ഒരു വിപണിയില്‍ നഷ്ടം ഉണ്ടാകുമ്പോള്‍ മറ്റൊരിടത്തുനിന്ന് ലാഭം നേടാനുള്ള അവസരവുമുണ്ട്്. ആഗോള നിക്ഷേപത്തിന്റെ കാര്യത്തില്‍ വരുമാനത്തിലുള്ള ചാഞ്ചാട്ടം ഏതാണ്ട് 10 ശതമാനത്തോളം കുറവാണെന്നാണ്  ചരിത്രപരമായ അനുഭവം. വികസിത രാഷ്ട്രങ്ങളിലെ വന്‍കിട– ഇടത്തരം ഓഹരികളുടെ നീക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്ന എംഎസ്സിഐ ആഗോള സൂചികയും അനുകൂലമായ കണക്കുകളാണ് നല്‍കുന്നത്. ആഗോള ഓഹരികളിലെ നിക്ഷേപം നിക്ഷേപകര്‍ക്ക് വൈവിധ്യവല്‍ക്കരണം മാത്രമല്ല നല്‍കുന്നത്. അതിവേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളില്‍നിന്നു നേട്ടംകൊയ്യാനും ലോകത്തിലെ ഏറ്റവും വിജയകരമായ ചില കമ്പനികളിലെങ്കിലും പങ്കാളികളാകാനും ഉള്ള അവസരംകൂടിയാണു നല്‍കുന്നത്.

അര്‍ജന്റീന, ഹംഗറി, ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, ചൈന തുടങ്ങിയ വിപണികളില്‍ 2015ല്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ കൊളംബിയ, പെറു, ബര്‍മുഡ എന്നിവ ഏറ്റവും മോശമായ നിലയിലായിരുന്നു. ലോകത്തെ ഏറ്റവും മികച്ച 74 വിപണികളില്‍ താഴെയായിരുന്നു ഇന്ത്യയുടെ സ്ഥാനം. കൂടുതല്‍ സാധ്യതയുള്ളതും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതുമായ വിപണികളിലേക്കാവും നിക്ഷേപങ്ങള്‍ കൂടുതലായി നീങ്ങുക.

ഇവയെല്ലാം ആഗോള ഓഹരിവിപണികളില്‍ നിക്ഷേപിച്ച് നേട്ടം കൈക്കൊള്ളാനുള്ള അവസരങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അതീവ വൈദഗ്ധ്യവും അറിവും ഉണ്ടെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂ എന്നത് മറ്റൊരു വസ്തുത. ഇത്തരമൊരു സാഹചര്യത്തില്‍ വിദഗ്ധരില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ തേടുകയോ പ്രൊഫഷണലായി കൈകാര്യംചെയ്യുന്ന ഫണ്ട് മാനേജര്‍മാരുടെ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുകയോ ചെയ്യുകയെന്നതാണ് വ്യക്തിഗത നിക്ഷേപകര്‍ക്കു മുന്നിലുള്ള മാര്‍ഗം. നിക്ഷേപത്തിന്റെ ഒരു ഭാഗമോ മുഴുവനുമോ ആഗോള ഓഹരിവിപണിയില്‍ എത്തിക്കുന്ന വിവിധ പദ്ധതികള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിക്കുന്നുണ്ട്.

ഇവയുടെ ഫണ്ട് മാനേജര്‍മാര്‍ ആഗോള വിപണികളെക്കുറിച്ചു പഠിക്കുകയും മികച്ച വളര്‍ച്ചയും വരുമാനവും പ്രതീക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് നിക്ഷേപങ്ങള്‍ വകയിരുത്തുകയും ചെയ്യും. മ്യൂച്വല്‍ ഫണ്ടുകള്‍ വിപണി അധിഷ്ഠിത നഷ്ടസാധ്യതകള്‍ക്കു വിധേയമാണെന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.  പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂര്‍വം വായിച്ചശേഷം വേണം നിക്ഷേപങ്ങള്‍ നടത്താന്‍.


(ശ്രേയഷ് ദേവാല്‍ക്കര്‍ ഫണ്ട് മാനേജര്‍, ബിഎന്‍പി പാരിബ മ്യൂച്വല്‍ ഫണ്ട്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top