26 April Friday

ചികിത്സയുമായി ബന്ധപ്പെട്ട ഇളവുകള്‍

ജോൺ ലൂക്കോസ്Updated: Sunday Mar 26, 2017

ആദായനികുതി നിയമത്തില്‍ നികുതിദായകന്റെ രോഗചികിത്സയുമായി ബന്ധപ്പെട്ട് കിഴിവുകള്‍ എന്തെങ്കിലും ലഭിക്കുമോ എന്ന ചോദ്യം സാധാരണമാണ്. അതിഭീമമായ ചികിത്സാചെലവുകളുള്ള ഇക്കാലത്ത് ആ ചോദ്യം വളരെ പ്രസക്തവുമാണ്. എന്നാല്‍ ചികിത്സാ ചെലവുകള്‍ക്ക് പൊതുവില്‍ ഇളവു ലഭിക്കുന്ന വകുപ്പുകളൊന്നും നിയമത്തിലില്ല. പക്ഷെ ചിലതരം രോഗങ്ങളുടെ ചികിത്സക്ക് ഇളവു നല്‍കുന്ന പ്രത്യേക വകുപ്പുകള്‍ ആദായനികുതി നിയമത്തിലുണ്ട്.

നികുതിദായകന്റെ ആശ്രിതര്‍ക്ക്, അതായത് ‘ഭാര്യ, ‘ഭര്‍ത്താവ്, അച്ഛന്‍, അമ്മ, കുട്ടികള്‍, സഹോദരങ്ങള്‍ മുതലായവര്‍ക്ക് കാഴ്ചവൈകല്യം, മനോരോഗം, കേള്‍വിക്കുറവ്, ചലനവൈകല്യം മുതലായ രോഗങ്ങളുണ്ടെങ്കില്‍ ആദായനികുതി നിയമത്തിന്റെ 80 ഡിഡി വകുപ്പനുസരിച്ച് 75,000 രൂപവരെ മൊത്തവരുമാനത്തില്‍നിന്ന് ഇളവിന് അര്‍ഹതയുണ്ട്. 80 ശതമാനത്തിലധികമാണ് രോഗതീവ്രതയെങ്കില്‍ 1,25,000 രൂപയുടെ ഇളവ് ലഭിക്കും. രോഗവുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആദായനികുതി റിട്ടേണിനോടൊപ്പം സമര്‍പ്പിക്കണം. കിഴിവു ലഭിക്കുന്ന മൊത്തം തുകയും ചികിത്സക്കായി ചെലവഴിക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല.

ആശ്രിതര്‍ക്കല്ല, നികുതിദായകനുതന്നെയാണ് കാഴ്ചക്കുറവ്, മനോരോഗം, കേള്‍വിക്കുറവ് തുടങ്ങിയ അസുഖങ്ങളുള്ളതെങ്കില്‍ അതിനും കിഴിവിന് അര്‍ഹതയുണ്ട്. 40 ശതമാനത്തിനു മുകളില്‍ അസുഖമുള്ളവര്‍ക്ക് 1,25,000 രൂപയും 40 ശതമാനത്തില്‍ കുറവാണ് രോഗതീവ്രതയെങ്കില്‍ 75,000 രൂപയുമാണ് ഇളവിന് അര്‍ഹതയുണ്ടാകുക. ഈ ഇളവു ലഭിക്കുന്നതിനും വിദഗ്ധ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. യഥാര്‍ഥത്തില്‍ ചികിത്സക്കുവേണ്ടി മുകളില്‍പ്പറഞ്ഞ തുക ചെലവായില്ലെങ്കിലും ഈ വകുപ്പു പ്രകാരം കിഴിവിന് അര്‍ഹതയുണ്ട്. 80യു വകുപ്പനുസരിച്ച് നികുതിദായകര്‍ക്ക് മറ്റു ചിലതരം രോഗങ്ങളുടെ ചികിത്സക്കും നികുതിനിയമത്തില്‍ കിഴിവിന് അര്‍ഹതയുണ്ട്.

ക്യാന്‍സര്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍, എയ്ഡ്സ്, നാഡിസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ നികുതിദായകനോ ആശ്രിതരായ  ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍, സഹോദരി-സഹോദരന്മാര്‍ ഇവര്‍ക്കുണ്ടെങ്കില്‍ കിഴിവ് അവകാശപ്പെടാവുന്നതാണ്. 60 വയസ്സിനു മുകളിലുള്ള നികുതിദായകര്‍ക്ക് 60,000 രൂപയോ ചികിത്സാചെലവോ ഏതാണോ കുറവ്, ആ തുകയാണ് ഇളവിന് അര്‍ഹമാകുന്നത്. 60 വയസ്സില്‍ താഴെയുള്ള നികുതിദായകര്‍ക്കാകട്ടെ 40,000 രൂപയോ യഥാര്‍ഥ ചെലവോ ഏതാണോ കുറവ് ആ തുകയ്ക്ക് കിഴിവിന് അര്‍ഹതയുണ്ട്. 

ഇനി  80 വയസ്സില്‍ കൂടുതലുള്ള മുതിര്‍ന്ന പൌരന്മാര്‍ക്ക് 80,000 രൂപവരെ കിഴിവു ലഭിക്കും. രോഗങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള വിദഗ്ധ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് റിട്ടേണിനോടൊപ്പം സമര്‍പ്പിക്കണം. യഥാര്‍ഥ ചികിത്സാ ചെലവില്‍നിന്ന് എന്തെങ്കിലും ഇന്‍ഷുറന്‍സ് തുക കിട്ടുകയാണെങ്കില്‍ അവകാശപ്പെട്ട തുകയില്‍നിന്ന് പ്രസ്തുത ഇന്‍ഷുറന്‍സ് തുക കുറച്ചശേഷമുള്ള തുകയ്ക്കു മാത്രമേ ഇളവു ലഭിക്കുകയുള്ളു.  80 ഡിഡിബി വകുപ്പനുസരിച്ചാണിത്.

ഫോണ്‍: 94470 58700


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top