27 April Saturday

അധികവരുമാനംലഭിച്ചാല്‍ എന്തുചെയ്യണം

സഞ്ജീവ് കുമാര്‍ ഗോപാലകൃഷ്ണന്‍Updated: Friday Feb 26, 2016

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളകമീഷന്റെ ശുപാര്‍ശ അനുസരിച്ചുള്ള ശമ്പളവര്‍ധന അടുത്തുതന്നെ നിലവില്‍വരും. ഇതിനായുള്ള സെക്രട്ടറിമാരുടെ  ഉന്നതാധികാരസമിതി അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. വിലക്കയറ്റത്തിന്റെ നാളുകളില്‍ ഈ വര്‍ധന എത്രത്തോളം ഫലപ്രദമാകുമെന്നതിനെ കുറച്ച് കാര്യമായ ധാരണയില്ല. അതുകൊണ്ടു തന്നെ കൃത്യമായ ആസൂത്രണത്തോടെ ചെലവഴിക്കുമ്പോഴേ ശമ്പള വര്‍ധനയുടെ നേട്ടമുണ്ടാക്കാന്‍കഴിയു. ഇതെങ്ങനെ എന്നു നേരത്തെ തന്നെ ധാരണ ഉണ്ടാക്കുന്നത് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കും.  കേന്ദ്രസര്‍ക്കാര്‍ ജിവനക്കാര്‍ക്കു മാത്രമല്ല, അധികവരുമാനം ലഭിക്കാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും ഇക്കാര്യങ്ങള്‍ ബാധകമാകും എന്നോര്‍ക്കുക.
അധികവരുമാനം ലഭിച്ചാല്‍ അതില്‍ ഒരുവിഹിതം കൈയില്‍ പണമില്ലാതിരുന്നതുകൊണ്ട് കാലങ്ങളായി ചെയ്യാന്‍കഴിയാതിരുന്ന അല്ലെങ്കില്‍ മാറ്റിവച്ച കാര്യങ്ങള്‍ക്കായി ചെലവഴിക്കാം. അടിയന്തരപ്രാധാന്യമുള്ള കടങ്ങള്‍, ചെലവുകള്‍ എല്ലാം കൈകാര്യം ചെയ്യാന്‍ ഒരുവിഹിതം മാറ്റിവയ്ക്കാം. ഇനി വരുമാനവര്‍ധന ആഘോഷിക്കുന്നതിന് ഒരുവിഹിതം അടിച്ചുപൊളിച്ചു ചെലവാക്കുകയുമാകാം. യാത്ര, ഷോപ്പിങ് ഇതൊക്കെ ഇക്കൂട്ടത്തില്‍ പെടുത്താം.

ഇനി പറയുന്ന കാര്യങ്ങള്‍ മുന്‍ഗണനയോടെ നടപ്പാക്കുന്നതിന് ശ്രദ്ധവയ്ക്കുക. 

അധികവരുമാനത്തിന്റെ ഒരുഭാഗം കടബാധ്യത തീര്‍ക്കുന്നതിന് നീക്കിവയ്ക്കാം. ചെറിയ കടങ്ങള്‍ അടച്ചുതീര്‍ക്കുന്നത് പണം കൈയില്‍ നില്‍ക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ കിട്ടുന്നതെല്ലാം തവണ അടക്കാനേ തികയൂ എന്ന അവസ്ഥവരും.  ഇനിയാണ് നിക്ഷേപത്തെക്കുറിച്ചു ചിന്തിക്കേണ്ടത്. കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ കല്യാണം, വീട്, ജോലിയില്‍നിന്നു വിരമിച്ചശേഷമുള്ള ജീവിതം ഇതൊക്കെ മനസ്സില്‍ കണ്ടുവേണം നിക്ഷേപിക്കാന്‍. ഇപ്പോഴുള്ള ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ വര്‍ധന ലഭിക്കാന്‍ സാധ്യതയുണ്ട്. പങ്കാളിത്ത പെന്‍ഷനാണെങ്കില്‍ എത്രകൂടി   ഇട്ടാല്‍ വിഹിതം കൂടും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുക.
ഒരുകാര്യം ശ്രദ്ധിക്കേണ്ടത് വരുമാനം വര്‍ധിക്കുമ്പോള്‍ ചെലവും അതിനനുസരിച്ച് കൂടും എന്നതാണ്. എന്നാല്‍ ചെലവ് വര്‍ധിപ്പിക്കാതെ അതേ ജീവിതനിലവാരത്തില്‍ത്തന്നെ തുടര്‍ന്നുകൊണ്ട്  കടങ്ങളെല്ലാം വീട്ടിയാല്‍ കൂടുതല്‍ നിക്ഷേപം നടത്താനും അതില്‍ നിന്നു നേട്ടമുണ്ടാക്കാനും കഴിയും. അല്ലെങ്കില്‍ എത്ര അധികം വരുമാനം ലഭിച്ചാലും അഞ്ചാറുമാസം കഴിയുമ്പോള്‍ വെള്ളത്തില്‍ വരച്ച വരപോലെയാകും.


നിക്ഷേപത്തിന്റെ കാലാവധിക്കനുസരിച്ചുവേണം ഏതു നിക്ഷേപമെന്ന് തെരഞ്ഞെടുക്കാന്‍. നിക്ഷേപത്തില്‍നിന്നുള്ള വരുമാനം 2–3 വര്‍ഷത്തിനകം ആവശ്യമുണ്ടെങ്കില്‍ ബാങ്കിന്റെ റെക്കറിങ് നിക്ഷേപം, പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതി എന്നിവയില്‍ നിക്ഷേപിക്കാം. വരുമാനം കൂടുതലില്ലെങ്കിലും സുരക്ഷിതത്വം ഇവിടെ നിര്‍ണായകഘടകമാണ്്. സഹകരണ സൊസൈറ്റികള്‍, കെഎസ്എഫ്ഇ ചിട്ടി ഇവയൊക്കെയും നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ചിട്ടി പകുതി അടവായാല്‍ അതു പിടിച്ചിട്ട് സ്ഥിരനിക്ഷേപമായിട്ടാല്‍ കൂടുതല്‍ നേട്ടം ലഭിക്കും. 
അടുത്തത് ഇടക്കാല ദൈര്‍ഘ്യമുള്ള നിക്ഷേപങ്ങളാണ്.   4–6 വര്‍ഷം കാലാവധിയുള്ളതിനാല്‍ ഓഹരി ഒരു നിക്ഷേപമാര്‍ഗമായി തെരഞ്ഞെടുക്കാവുന്നതാണ്. ഓഹരിയില്‍നിന്ന് 250 ശതമാനംവരെ ലാഭംകിട്ടിയ കാലമുണ്ട്. അതുപോലെ നിക്ഷേപം പകുതിയായ കാലവുമുണ്ട്. ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരിയില്‍ നിക്ഷേപിച്ചാല്‍ വരുമാനവര്‍ധന കൂടുതലാണ്. മൊത്തം നിക്ഷേപത്തിന്റെ 20–30 ശതമാനംവരെ ഇത്തരത്തില്‍ നിക്ഷേപിക്കാനാകും. ബാക്കി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലോ കോര്‍പറേറ്റുകളുടെ എന്‍സിഡികളിലോ നിക്ഷേപിക്കാം. പെട്ടെന്ന് ആവശ്യംവന്നാല്‍ അവ വില്‍ക്കുകയുമാകാം. 50–60 ശതമാനംവരെ ഇത്തരത്തില്‍ നിക്ഷേപിക്കാം. ബാക്കി ബാങ്ക് നിക്ഷേപങ്ങളിലും മറ്റും ഇടാനാകും.


ഇനി നാലുമുതല്‍ 10 വര്‍ഷംവരെയുള്ള നിക്ഷേപ കാലാവധിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഈ ഘടന വീണ്ടും മാറും. ഇവിടെ 60 ശതമാനത്തിനു മുകളില്‍ ഓഹരിനിക്ഷേപമാകാം. 30 ശതമാനം കടപത്രങ്ങളിലും നിക്ഷേപിക്കാം. കൈയിലുള്ള വരുമാനം ഓഹരിയിലേക്കാള്‍ കൂടുതലാണെങ്കില്‍ റിയല്‍ എസ്റ്റേറ്റിലോ സ്വര്‍ണത്തിലോ ഒക്കെ നിക്ഷേപിക്കാം.
സ്ഥിരവരുമാനക്കാര്‍ക്ക് അനുയോജ്യമായ നിക്ഷേപമാര്‍ഗമാണ് താമസിക്കുന്ന വീടിനു പുറമെ രണ്ടാമതൊരു വീടുകൂടി വാങ്ങുക എന്നത്. വാടകയിനത്തിലെ വരുമാനത്തിനുപുറമെ നികുതി ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് പ്രത്യേകത. തിരിച്ചടവിലും മറ്റും ടാക്സ് അഡ്ജസ്റ്റ് ചെയ്യാനാകും. വീടിന്റെ അറ്റകുറ്റപ്പണിക്കായി 30 ശതമാനം നികുതി ആനുകൂല്യം ലഭിക്കും. 20 വര്‍ഷത്തെ വായ്പയെടുത്താണ് വീടു വാങ്ങുന്നതെങ്കില്‍ വാടകവരുമാനം ഉയരും, വായ്പാതുക അതേസമയം കുറയും, വീടിന്റെ വില വര്‍ധിക്കും തുടങ്ങി നേട്ടങ്ങള്‍ പലതുണ്ട്.

(സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ളാനറായ ലേഖകന്‍ കൊച്ചിയിലെ പ്രോഗ്നോഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടറാണ്്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top