20 April Saturday

വീടുവിറ്റ് മറ്റൊന്നു വാങ്ങുമ്പോള്‍ നികുതിബാധ്യത എങ്ങനെയാകും?

ജോണ്‍ ലൂക്കോസ്Updated: Monday Sep 25, 2017

രണ്ടുവര്‍ഷത്തിലധികം കൈവശംവച്ച വീടു വിറ്റ് മറ്റൊരു വീടു വാങ്ങിയാലോ പുതിയൊരു വീട് നിര്‍മിച്ചാലോ ആദ്യമുണ്ടായിരുന്നത് വിറ്റപ്പോള്‍ കിട്ടിയ മൂലധാനലാഭത്തിന് ആദായനികുതികൊടുക്കേണ്ടതില്ല. എന്നാല്‍ ഈ സൌജന്യം ലഭിക്കണമെങ്കില്‍ ആദായനികുതിനിയമത്തില്‍ അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കണം.

സാധാരണയായി വീടുവിറ്റ വിലയില്‍നിന്ന് പ്രസ്തുത വീട് വാങ്ങിയപ്പോള്‍നല്‍കിയവില കുറച്ചുകിട്ടുന്ന തുകയാണ് ലാഭം. എന്നാല്‍ ആദായനികുതിനിയമത്തില്‍ വാങ്ങിയ വിലയില്‍ വാര്‍ഷിക വിലവര്‍ധനാ സൂചികയുടെ മാറ്റങ്ങള്‍കൂടി കണക്കാക്കി പ്രസ്തുത തുകയെ വിറ്റവിലയില്‍നിന്നു കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന തുകയാണ് മൂലധന ലാഭമായി കണക്കാക്കുന്നത്. വില വര്‍ധനാ സൂചികവര്‍ധന വാര്‍ഷികാടിസ്ഥാനത്തിലാണ്. 2017-18 സാമ്പത്തികവര്‍ഷംമുതല്‍ വിലവര്‍ധനാ സൂചികയുടെ അടിസ്ഥാനവര്‍ഷം 2001-02ആയി പരിഷ്കരിച്ചിട്ടുണ്ട്്.

ദീര്‍ഘകാല മൂലധനലാഭത്തിന്റെ 20ശതമാനമാണ് നികുതിബാധ്യത. ഈ നികുതി ഒഴിവാക്കുന്നതിന്മൂലധനലാഭം മുഴുവന്‍ പുതിയൊരു വീടു വാങ്ങുന്നതിനോവീടു നിര്‍മിക്കുന്നതിനോവിനിയോഗിച്ചാല്‍നികുതിഅടയ്ക്കേണ്ടതില്ല.പക്ഷെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.അതുപോലെ നിയമം അനുശാസിക്കുന്നനിബന്ധനകളെല്ലാം പാലിക്കുകയും വേണം. 

1 വ്യക്തികള്‍ക്കും അവിഭക്ത കുടുംബങ്ങള്‍ക്കുംമാത്രമാണ് ഈ ആനുകൂല്യം.
2. കൈമാറ്റംചെയ്യുന്നതും വീടുതന്നെയാകണം (വാണിജ്യ കെട്ടിടങ്ങളല്ല).
3. കൈമാറ്റക്കാരന്‍ രണ്ടുവര്‍ഷത്തിലധികം ഈ വീട് കൈവശംവച്ചതാകണം.
4. വീട് വിറ്റ തീയതിക്കുമുമ്പ് ഒരുവര്‍ഷത്തിനകമോ വിറ്റശേഷം രണ്ടുവര്‍ഷത്തിനകമോ മറ്റൊരു വീടു വാങ്ങുകയോ അല്ലെങ്കില്‍ മൂന്നുവര്‍ഷത്തിനകം പുതിയൊരു വീട് നിര്‍മിക്കുകയോ ചെയ്യണം.

വാങ്ങുന്ന അഥവാ നിര്‍മിക്കുന്ന വീട് ഇന്ത്യയില്‍തന്നെയാകണം. വീടു വിറ്റ സാമ്പത്തികവര്‍ഷം കഴിഞ്ഞ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയതിക്കുമുമ്പ് പുതിയ വീട് വാങ്ങുകയോ പണിയുകയോ ചെയ്തില്ലെങ്കില്‍ ഇതിനായി മാറ്റിവച്ച തുക ബാങ്കുകളിലെ മൂലധനനേട്ട നികുതി പദ്ധതികളില്‍ നിക്ഷേപിച്ച് അതില്‍നിന്നാകണം വീടു പണിയുകയോ വാങ്ങുകയോ ചെയ്യേണ്ടത്. വീട് വിറ്റ ആളിന്റെതന്നെ പേരിലാകണം പുതിയ വീട് വാങ്ങുകയോ പണിയുകയോ ചെയ്യേണ്ടത്. എന്നു മാത്രമല്ല, അടുത്ത മൂന്നുവര്‍ഷത്തിനകം ഇതു കൈമാറ്റംചെയ്യാനും പാടില്ല. മുകളില്‍പ്പറഞ്ഞ നിബന്ധനകള്‍ പരിപൂര്‍ണമായി പാലിച്ചാല്‍ മാത്രമേ നിലവിലുള്ള വീടു വിറ്റ് പുതിയ വീട് വാങ്ങുമ്പോള്‍ ആദായനികുതിബാധ്യതയില്‍നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളു. 9447058700.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top