27 September Wednesday

ക്രിട്ടിക്കല്‍ ഇല്‍നെസ് പരിരക്ഷ മാരകരോഗങ്ങള്‍ക്ക് തണല്‍

വാണിജ്യകാര്യ ലേഖികUpdated: Monday Sep 25, 2017

അര്‍ബുദംപോലെയുള്ള രോഗങ്ങളുടെ കാര്യത്തില്‍ ചികിത്സക്കു വേണ്ട ചെലവാണ് പലപ്പോഴും വില്ലനാകുന്നത്. ഇത് താങ്ങാനാകാതെ പല സന്ദര്‍ഭങ്ങളിലും ചികിത്സതന്നെ നടക്കാതെ പോകുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ കണക്കുകള്‍പ്രകാരം അര്‍ബുദചികിത്സയുമായി ബന്ധപ്പെട്ട ക്ളെയിമുകളില്‍ പകുതിയും വനിതകളില്‍നിന്നാണുണ്ടാകുന്നത്. ഇതില്‍ത്തന്നെ 25 ശതമാനവും സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടാണ്. അടിസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതികള്‍വഴി അര്‍ബുദചികിത്സയുടെ ചെലവുകള്‍ താങ്ങാന്‍ ഭാഗികമായി സാധ്യമാകും. എന്നാല്‍, ക്രിട്ടിക്കല്‍ ഇല്‍നെസ് പദ്ധതികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സഹായകരമാവും.

അര്‍ബുദത്തിനുപുറമെ, മറ്റു ചില മാരകരോഗങ്ങള്‍ക്കും  ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍വഴി പരിരക്ഷ നല്‍കുന്നുണ്ട്.   ആശുപത്രിച്ചെലവുകളും അതിനു മുമ്പും പിമ്പും വരുന്ന ചെലവുകളും മാത്രം ലഭിക്കുന്ന സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മാരകരോഗങ്ങള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍  ഗുണകരമാകണമെന്നില്ല. സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളോടൊപ്പം ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍കൂടി ലഭ്യമാക്കി സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടത്.  ചില കമ്പനികള്‍ വനിതകള്‍ക്ക് പ്രത്യേകമായ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികളും അവതരിപ്പിക്കുന്നുണ്ട്.  പക്ഷാഘാതം, ട്രോമ, പൊള്ളലുകള്‍ എന്നിവയ്ക്കു പുറമെ, വനിതകള്‍ക്കുണ്ടാകുന്ന അഞ്ചു വിധത്തിലുള്ള അര്‍ബുദങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നവയാണിത്. അവയ്ക്കുപുറമെ ജോലിചെയ്യുന്ന വനിതകള്‍ക്ക് മാരകരോഗങ്ങള്‍മൂലം ഉണ്ടാകുന്ന വരുമാനനഷ്ടം നേരിടാനായും കുട്ടികളുടെ വിദ്യാഭ്യാസം കൈകാര്യംചെയ്യാനായും മറ്റുമുള്ള പ്രത്യേക വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അര്‍ബുദചികിത്സയുടെ ചെലവ്

ജീവിതകാല സമ്പാദ്യം മുഴുവന്‍ ആവശ്യമായത്ര ഭീമമായ ചെലവാണ് പലപ്പോഴും അര്‍ബുദചികിത്സക്കു വേണ്ടിവരിക. മിക്കവാറും സന്ദര്‍ഭങ്ങളിലും പര്യാപ്തമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ സ്വന്തം പോക്കറ്റില്‍നിന്നാവും ഇതിനുള്ള പണം കണ്ടെത്തേണ്ടിവരിക. ഏതുവിഭാഗത്തില്‍പ്പെട്ട അര്‍ബുദമാണ് ബാധിച്ചതെന്നതിനെ ആശ്രയിച്ച് ചികിത്സാചെലവുകള്‍ വ്യത്യാസപ്പെടും. ഇതു ജീവിതത്തെ  പ്രതികൂലമായി ബാധിക്കും.  ഇത്തരം സന്ദര്‍ഭങ്ങളിലാണ് ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികളുടെ നേട്ടം മനസ്സിലാകുന്നത്.

ചികിത്സക്കു വേണ്ട ഭീമമായ തുകകള്‍ ഒരുവശത്ത് വീര്‍പ്പുമുട്ടിക്കുമ്പോള്‍ പലപ്പോഴും ചികിത്സയുടെ ഭാഗമായി ജോലിയില്‍നിന്ന് അകന്നുനില്‍ക്കേണ്ടിയുംവരും. ഇതോടെ വരുമാനവും ഇല്ലാതാകും.  ചികിത്സക്കായി ആശുപത്രിക്കടുത്തേക്ക് മാറിത്താമസിക്കേണ്ട സാഹചര്യവും യാത്രകളുമെല്ലാം വന്‍ സാമ്പത്തികച്ചെലവാകും ഉണ്ടാക്കുക. ഇത്തരം സാഹചര്യങ്ങളില്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍ സാമ്പത്തികമായി വലിയ ആശ്വാസം നല്‍കും. സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇത്തരത്തിലുള്ള പരിരക്ഷകള്‍ നല്‍കാറില്ല.

അര്‍ബുദമടക്കം പരിരക്ഷ ലഭ്യമായ മാരകരോഗങ്ങള്‍ കണ്ടെത്തിയാല്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടതിനു തുല്യമായ തുക മുഴുവനായി ഈ പരിരക്ഷപ്രകാരം ലഭിക്കും. ചില ക്രിട്ടിക്കല്‍ ഇല്‍നെസ് പദ്ധതികളില്‍ പോളിസി എടുത്തയാള്‍ നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയശേഷമേ തുക നല്‍കാറുള്ളു.  സാധാരണ 30 ദിവസമാണ് ഇതിന്റെ കാലാവധിയെങ്കിലും വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യത്യസ്ത കാലാവധികള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍പ്രകാരമുള്ള ക്ളെയിമുകള്‍ നല്‍കുമ്പോള്‍ അവ ലളിതമായി പൂര്‍ത്തിയാക്കാന്‍ ചില വസ്തുതകള്‍ ശ്രദ്ധിക്കണം. ക്ളെയിംഫോമിനോടൊപ്പം ആദ്യ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, ഡോക്ടറോ ആശുപത്രിയോ നല്‍കിയ മറ്റു രേഖകള്‍ എന്നിവയെല്ലാം നല്‍കാന്‍ ശ്രദ്ധിക്കണം. ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ഇവയോടൊപ്പം നല്‍കുന്നത് ബുദ്ധിമുട്ടുകളില്ലാതെ വേഗത്തില്‍ ക്ളെയിം ലഭിക്കാന്‍ സഹായിക്കും.

ഇതേ രീതിയില്‍ത്തന്നെ ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സില്‍നിന്നു വ്യത്യസ്തമായവയാണ് ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍.  അതുകൊണ്ടുതന്നെ വ്യത്യസ്ത രീതിയില്‍ വിശകലനംചെയ്തുവേണം അവ തെരഞ്ഞെടുക്കാന്‍.  പോളിസിപ്രകാരം പരിരക്ഷ ലഭിക്കുന്ന മാരകരോഗങ്ങള്‍ എന്തൊക്കെയെന്നു മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്.  അര്‍ബുദം, കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ, ആദ്യ ഹൃദയാഘാതം, വൃക്ക പരാജയപ്പെടല്‍, പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കല്‍, പക്ഷാഘാതം, പ്രൈമറി പള്‍മോണറി ആര്‍ട്ടേറിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് മിക്കവാറും എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസിവഴി പരിരക്ഷ നല്‍കുന്നുണ്ട്. ഇങ്ങനെ എന്തെല്ലാം രോഗങ്ങള്‍ക്ക് പരിരക്ഷ ലഭ്യമാണെന്നു പരിശോധിക്കുന്നതുപോലെതന്നെ എത്രകാലത്തിനുശേഷമാണ് പരിരക്ഷയ്ക്ക് അര്‍ഹരാകുക എന്നതും പരിശോധിക്കണം. കാത്തിരിപ്പു കാലാവധിക്കിടെയാണ് മാരകരോഗങ്ങള്‍ കണ്ടെത്തുന്നതെങ്കില്‍ പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകില്ല. പരിരക്ഷയുടെ കാര്യത്തില്‍ ഉപപരിധികള്‍ ഏര്‍പ്പെടുത്തുന്ന രീതിയും ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കുണ്ട്. ഇതേക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണം. കുറഞ്ഞ പ്രീമിയത്തില്‍ പോളിസികള്‍ എടുക്കുന്നതിനെക്കാള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിരക്ഷ ലഭിക്കുന്ന പോളിസികള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍ നല്‍കുന്നതിനു മുന്നോടിയായി വൈദ്യപരിശോധന നടത്താന്‍ ചില സ്ഥാപനങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സത്യസന്ധത പുലര്‍ത്തുകതന്നെ വേണം. ചില കുറുക്കുവഴികളിലൂടെ നിലവിലുള്ള രോഗങ്ങള്‍ മറച്ചുവച്ചാല്‍ അവയുടെ പേരിലുള്ള അധികപ്രീമിയം ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ഭാവിയില്‍ ഒരു ക്ളെയിം ഉണ്ടായാല്‍ നിരസിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top