23 September Saturday

വട്ടിപ്പലിശക്കാരെ തുരത്താൻ ‘മുറ്റത്തെ മുല്ല’ വരുന്നു

സി രാമൻകുട്ടിUpdated: Monday Jun 25, 2018

ഗ്രാമീണജനതയെ വട്ടിപ്പലിശക്കാരുടെ പിടിയിൽനിന്നു മോചിപ്പിക്കാൻ മണ്ണാർക്കാട് റൂറൽ സർവീസ‌് സഹകരണ ബാങ്കിന്റെ  ‘മുറ്റത്തെ മുല്ല’  നൂതനപദ്ധതി ചൊവ്വാഴ‌്ച പ്രാവർത്തികമാകും. സഹകരണമേഖലയിൽ കാൽനൂറ്റാണ്ടായി  ശ്രദ്ധേയ സേവനങ്ങൾ കാഴ‌്ചവച്ച മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് സാധാരണക്കാർക്കായി ആവിഷ‌്കരിക്കുന്ന ഗ്രാമീണ ലഘുവായ്പാ പദ്ധതിയാണ് ‘മുറ്റത്തെ മുല്ല’.
 
സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കു വേണ്ടി പ്രവർത്തിച്ചതിലൂടെ സഹകരണമേഖലയിൽ വിശ്വാസംനേടാൻ കഴിഞ്ഞ മണ്ണാർക്കാട‌് റൂറൽ ബാങ്കിന്റെ പുതിയ ആശയമാണ‌് ‘മുറ്റത്തെ മുല്ല’യിലുമുള്ളത്. കുടുംബശ്രീവഴിയാണ‌്  പദ്ധതി   നടപ്പാക്കുന്നത്.പ്രാഥമിക സഹകരണബാങ്കുകൾ അതതു പ്രദേശങ്ങളിൽ വായ്പാ ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് ഓരോ വാർഡിലും ഒന്നുമുതൽ മൂന്നുവരെ കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ചാണ‌് പദ്ധതി നടപ്പാക്കുന്നത്.പ്രദേശവാസികളും പരിചയക്കാരുമായതിനാൽ ആവശ്യക്കാരെ കണ്ടെത്തി വായ‌്പ നൽകുന്നതിനും തിരിച്ചടവ‌് ഉറപ്പാക്കുന്നതിനും കുടുംബശ്രീക്കു കഴിയുമെന്ന‌് ബാങ്കിന്റെ സെക്രട്ടറി എം പുരുഷോത്തമൻ പറഞ്ഞു.

വായ്പ ആവശ്യമുള്ളവർക്ക് 1000 രൂപമുതൽ 25,000 രൂപവരെ കുടുംബശ്രീ അംഗങ്ങൾ വീട്ടിലെത്തി നൽകും. വട്ടിപ്പലിശക്കാരിൽ നിന്നെടുത്ത വായ‌്പ അടച്ചുതീർക്കാനുൾപ്പെടെയുള്ള  ആവശ്യങ്ങൾക്കു വായ‌്പ നൽകും.  ആവശ്യക്കാർക്ക് ലളിതമായ വ്യവസ്ഥയിൽ വായ്പ
നൽകുന്നതോടൊപ്പം ഗ്രാമീണരെ വട്ടിപ്പലിശക്കാരുടെ പിടിയിൽനിന്നു മോചിപ്പിക്കുകയെന്ന ലക്ഷ്യവുമുണ്ട‌്. പരമാവധി 25,000 രൂപ വായ്പ നൽകുന്ന വട്ടിപ്പലിശക്കാരനും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഒരുവർഷംകൊണ്ട് ഈടാക്കുന്നത‌് 72 ശതമാനം വരെ പലിശയാണ്.
കുടുംബശ്രീ മുഖേന ‘മുറ്റത്തെ മുല്ല’ വായ്പയിലൂടെ  12 ശതമാനം പലിശയ‌്ക്ക് ഉപയോക്താവിന‌് വായ്പ ലഭിക്കും.

കുടുംബശ്രീ ഒമ്പതുശതമാനം പലിശ ബാങ്കിനു നൽകിയാൽ മതി. ബാക്കി മൂന്നു ശതമാനം ‘മുറ്റത്തെ മുല്ല’ വായ്പ നൽകാനും തിരിച്ചടവിനുമൊക്കെയായി ഉപയോഗപ്പെടുത്താം. പരമാവധി ഒരു യൂണിറ്റിന് 10 ലക്ഷം രൂപവരെ ക്യാഷ‌്ക്രെഡിറ്റായി ബാങ്ക് നൽകും. കുടുംബശ്രീ യൂണിറ്റുകൾക്ക് നിലവിലുള്ള വായ്പാപദ്ധതിക്കു പുറമെയാണ് ഈ വായ്പ അനുവദിക്കുന്നത്. 5000 രൂപക്കു വരെ 50 രൂപയും 5000നും 25000നുമിടയിലുള്ള തുകക്ക‌് 100 രൂപയും വീതം കുടുംബശ്രീക്ക‌്   ചെലവിനത്തിൽ ഈടാക്കാനാകുമെന്നതിനാൽ അവർക്കതൊരു വരുമാനവുമാകും. അദ്ദേഹം കൂട്ടിചേർത്തു.ഈ വായ്പ കുടുംബശ്രീകൾക്ക് മറ്റൊന്നിനും ഉപയോഗിക്കാനാകില്ല. ഇതിനായി ബാങ്കും കുടുംബശ്രീ യൂണിറ്റുകളുമായി ധാരണയിൽ ഏർപ്പെടും. വട്ടിപ്പലിശക്കാരിൽനിന്നു രക്ഷപ്പെടാനുള്ള മുല്ലപ്പൂവായ്പാ തുകയും ബാങ്കിൽ നിന്നു പിൻവലിച്ച വായ്പാതുകയും എല്ലായ‌്പ്പോഴും തുല്യമായി നിലനിർത്തിക്കൊണ്ടു പോകേണ്ടതാണ്. കണക്കുകൾ  വ്യക്തിഗതമായി സൂക്ഷിക്കാൻ കുടുംബശ്രീ യൂണിറ്റുകൾ ബാധ്യസ്ഥരാണ്.

തിരിച്ചടവു തുക അതത് ദിവസങ്ങളിൽ ബാങ്കിൽ അടയ്ക്കണം. കംപ്യൂട്ടർ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ ജില്ലാമിഷനുമായി സഹകരിച്ച് കുടുംബശ്രീ യൂണിറ്റുകൾക്ക് ലഭ്യമാക്കാൻ പ്രത്യേക പദ്ധതി അടുത്തുതന്നെ പ്രാവർത്തികമാകും.സഹകരണ ബാങ്ക്, പഞ്ചായത്ത് പ്രസിഡന്റ‌്മാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ, സഹകരണസംഘം അസി. രജിസ്ട്രാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന മോണിറ്ററിങ് സമിതി  പദ്ധതി നടത്തിപ്പിന‌് ചുക്കാൻപിടിക്കും. താലൂക്ക്, ജില്ലാ തലങ്ങളിലും സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാറുടെ നിയന്ത്രണത്തിൽ ഉന്നതാധികാര മോണിറ്ററിങ് സമിതി  പ്രവർത്തനപുരോഗതി വിലയിരുത്തും.

പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ‌്ച മണ്ണാർക്കാട‌്നടക്കും. സംസ്ഥാന സർക്കാരും സഹകരണവകുപ്പും നേതൃത്വം നൽകുന്ന പദ്ധതി ആദ്യഘട്ടത്തിൽ മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിൽ നടപ്പാക്കിയ ശേഷം അടുത്തഘട്ടത്തിൽ 
സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുകയാണ‌് ലക്ഷ്യം. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ. കെടി ജലീൽ, എം ബി രാജേഷ് എംപി, എംഎൽഎമാരായ പി കെ ശശി, എൻ ഷംസുദ്ദീൻ തുടങ്ങിവർ പങ്കെ
ടുക്കും.പാലക്കാട്ട‌് ശക്തമായി വേരുറപ്പിച്ച സഹകരണപ്രസ്ഥാനം ഗ്രാമീണ  ജീവിതത്തിന്റെ  ഭാഗമാണ്.100 പ്രാഥമിക സഹകരണ ബാങ്കുകളും ശാഖകളും ഓരോ ഗ്രാമത്തിന്റെയും സാമ്പത്തിക അടിത്തറയാണ്.

ഓരോ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും പ്രവർത്തിച്ചുവരുന്ന സഹകരണ ബാങ്കുകളിൽ മിക്കതും വായ്പ നൽകുന്നത് സ്വന്തം ഫണ്ടിൽനിന്നാണ്. ജില്ലാ ബാങ്കിൽനിന്നും വായ്പയെടുക്കാതെ വായ്പ നൽകുന്നതുവഴി സാമൂഹ്യമേഖലയിൽ വികസനകുതിപ്പാണ് സാധ്യമാക്കിയത്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ  വായ്പയെടുക്കാൻ സാധിക്കാത്തവർക്ക‌് പദ്ധതി വലിയൊരു ആശ്വാസമാകുമെന്നാണ‌് കരുതുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top