22 March Wednesday

മാന്ദ്യം ഒഴിയാതെ ഉൽപ്പന്നവിപണി

കെ ബി ഉദയഭാനുUpdated: Monday Jun 25, 2018

കൊച്ചി> പെരുന്നാൾ ആഘോഷങ്ങൾ കഴിഞ്ഞതോടെ നാളികേരോൽപ്പന്ന വിപണി വീണ്ടും തളരുന്നു, ഇനി പ്രതീക്ഷ മാസാരംഭ ഡിമാൻഡിൽ. ഏലത്തോട്ടങ്ങളെ ബാധിച്ച കീടബാധ ഉൽപ്പാദനം കുറയാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് കാർഷികമേഖല. ഒരുമാസമായി തുടരുന്ന തളർച്ചയിൽനിന്ന് കുരുമുളകിന് തിരിച്ചുവരവ് നടത്താനായില്ല. ആഭ്യന്തര ആവശ്യക്കാരുടെ അഭാവം ചുക്കിന് തിരിച്ചടിയായി. റബർ ടാപ്പിങ് സ്തംഭിച്ചിട്ടും സ്റ്റോക്കിസ്റ്റുകളുടെ പ്രതീക്ഷയ്ക്കൊത്ത് വിപണിക്ക് മുന്നേറാനായില്ല. സാർവദേശീയ വിപണിക്കൊപ്പം കേരളത്തിലും സ്വർണവില താഴ്ന്നു.

നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും ഇടിയുന്നു. ഉത്സവദിനങ്ങൾ കഴിഞ്ഞതോടെ പ്രദേശികതലത്തിൽ എണ്ണയ്ക്ക് ആവശ്യം കുറഞ്ഞത് വിപണിക്ക് തിരിച്ചടിയായി. ഈ വാരം ആദ്യപകുതിയിൽ മാന്ദ്യം നിലനിൽക്കാമെങ്കിലും രണ്ടാം പകുതിയിലെ മാസാരംഭ ഡിമാൻഡ‌് എണ്ണമാർക്കറ്റ് ചൂടുപിടിക്കാൻ അവസരമൊരുക്കും. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 300 രൂപ കുറഞ്ഞ് 17,000 രൂപയിലാണ്. കൊപ്ര 11,540ൽനിന്ന് 11,320 രൂപയായി.   മഴ തുടരുന്നതിനാൽ നാളികേര വിളവെടുപ്പ് നിലച്ചിരിക്കുകയാണ്. കൊപ്ര സ്കരണ രംഗവും തളർച്ചയിലാണ്.     മഴ കനത്തതിനിടയിൽ ഏലത്തോട്ടങ്ങളിൽ കീടബാധ ആക്രമണം വ്യാപകമായി. പല തോട്ടങ്ങളിലും ഉൽപ്പാദനം ഇതുമൂലം 25  ശതമാനംവരെ കുറയുമെന്ന ആശങ്കയിലാണ് ഉൽപ്പാദനമേഖല. പ്രതികൂല സാഹചര്യം കണക്കിലെടുത്താൽ വരുംമാസങ്ങളിൽ ലേലകേന്ദ്രങ്ങളിലേക്കുള്ള ഏലക്കനീക്കത്തിൽ കുറവു സംഭവിച്ചാൽ അത് വിലക്കയറ്റത്തിനും വഴിതെളിക്കാം. മികച്ചയിനം ഏലക്ക കിലോ 1250 രൂപ റേഞ്ചിലാണ് നീങ്ങുന്നത്.

ചുക്കുവില പെടുന്നനെ താഴ്ന്നത് സ്റ്റോക്കിസ്റ്റുകളെ സമ്മർദത്തിലാക്കി. മഴ ശക്തമായതിനാൽ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിൽനിന്നും പുതിയ ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ‌് നിരക്ക് കിന്റലിന് 500 രൂപ കുറഞ്ഞത്. ഇഞ്ചി വിളവെടുപ്പ് പൂർത്തിയായതിനാൽ മുഖ്യവിപണികളിൽ പുതിയ ചുക്കുവരവ് കുറവാണ്. വിവിധ വിദേശരാജ്യങ്ങളിൽനിന്ന് അന്വേണങ്ങൾ എത്തുന്ന സാഹചര്യത്തിൽ വ്യാപാരരംഗം വൈകാതെ വീണ്ടും ചൂടുപിടിക്കാൻ ഇടയുണ്ട്. വിവിധയിനം ചുക്ക് 14,500‐15,500 രൂപയിൽനിന്ന് 14,000‐15,000 രൂപയായി.

കുരുമുളകിനെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ആഭ്യന്തര വിദേശ ഓർഡറുകളുടെ അഭാവംമൂലം തുടർച്ചയായ നാലാം വാരവും ഉൽപ്പന്നവില താഴ്ന്നു. തിരക്കിട്ടുള്ള ചരക്കുസംഭരണത്തിൽനിന്ന് വടക്കേ ഇന്ത്യൻ വാങ്ങലുകാർ വിട്ടുനിന്നു. വിദേശ അന്വേഷണങ്ങൾ നിലച്ചതിനാൽ കയറ്റുമതിക്കാരും രംഗത്തില്ല. അതേസമയം വില ഉയരുമെന്ന പ്രതീക്ഷയിൽ കാർഷികമേഖല ചരക്ക് വിപണിയിലേക്കു നീക്കാതെ ഉൽപ്പന്നത്തിൽ പിടിമുറുക്കുകയാണ്. കൊച്ചിയിൽ ഗാർബിൾഡ് മുളക് വില 37,500 രൂപയിലും അൺ ഗാർബിൾഡ് 35,500 രൂപയിലുമാണ്.   

പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ റബർ ടാപ്പിങ്ങിന് അവസരം ലഭിക്കാതെ ചെറുകിട ഉൽപ്പാദകർ തോട്ടങ്ങളിൽനിന്ന് വിട്ടുനിന്നു. റബറിന് നേരിട്ട വിലത്തകർച്ചമൂലം വൻകിട തോട്ടങ്ങളിൽ നേരത്തെതന്നെ വെട്ട് സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടയിൽ ടയർവ്യവസായികൾ വിലയുയർത്തി ചരക്കെടുക്കുമെന്ന കണക്കുകൂട്ടലിൽ ഉറച്ചുനിൽക്കുകയാണ് സ്റ്റോക്കിസ്റ്റുകൾ. കൊച്ചി, കോട്ടയം, മലബാർ മേഖലയിലെ വിപണികളിൽ റബർക്ഷാമം നേരിടുന്നുണ്ട്.  നാലാം റബർ വില 12,600ലും അഞ്ചാം ഗ്രേഡ് 12,300 രൂപയിലും ക്ലോസിങ് നടന്നു.

കേരളത്തിൽ  സ്വർണവില വീണ്ടും കുറഞ്ഞു. 22,880 രൂപയിൽ വിൽപ്പന ആരംഭിച്ച പവൻ വാരാന്ത്യം 22,680 ലേക്ക് നീങ്ങി. ഒരു ഗ്രാമിന്റെ വില 2860 രൂപയിൽ നിന്ന് 2835 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1299 ഡോളറിൽനിന്ന് 1268 ഡോളറായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top