28 March Thursday

വിദ്യാഭ്യാസ വായ്പയെടുക്കാന്‍ വേണം തയ്യാറെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 24, 2016

മക്കളുടെ വിദ്യാഭ്യാസത്തിന് മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് വായ്പ ഒഴിച്ചുകൂടാനാവാത്ത അവസ്ഥയാണിന്ന്. വര്‍ധിക്കുന്ന വിദ്യാഭ്യാസ ചെലവുകള്‍, മക്കളുടെ ഭാവി സുരക്ഷിതമാക്കുന്ന കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിനായി വായ്പയെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്കാണ് രക്ഷിതാക്കള്‍ എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷകരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണെന്ന് ബാങ്കിങ്വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ ചട്ടങ്ങള്‍ അനുസരിച്ച് ഇന്ത്യയിലെ കോളേജുകളിലെ കോഴ്സുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപയും വിദേശപഠനത്തിന് പരമാവധി 20 ലക്ഷം രൂപയുമാണ് വിദ്യാഭ്യാസ വായ്പയായി നല്‍കുന്നത്. അതേസമയം, കോഴ്സുകളുടെ സ്വഭാവംകൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വായ്പാ തുക നിശ്ചയിക്കുന്നത്. ഐഐഎംപോലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് 20 ലക്ഷം രൂപവരെ വായ്പ നല്‍കുന്നുണ്ട്.
വിദ്യാഭ്യാസ വായ്പയ്ക്ക് വിദ്യാര്‍ഥിക്കൊപ്പം ഒരു സഹഅപേക്ഷകന്‍കൂടി ഉണ്ടാകണം. സാധാരണ ഇങ്ങനെ സഹഅപേക്ഷകനായി പരിഗണിക്കുന്നത് മാതാപിതാക്കളെയാണ്.

കോഴ്സിന് വിദ്യാര്‍ഥിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടോയെന്നും കോഴ്സും കോളേജും ബന്ധപ്പെട്ട റെഗുലേറ്ററി സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചതാണോയെന്നും പരിശോധിച്ചശേഷമാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. കോഴ്സിനുശേഷം വിദ്യാര്‍ഥിക്ക് ജോലി കിട്ടാന്‍ സാധ്യതയുണ്ടോയെന്നും സഹ അപേക്ഷകന് മികച്ച വായ്പാചരിത്രമാണോയെന്നും പരിശോധിക്കുന്നത് വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍പ്പെടുന്നു.

ട്യൂഷന്‍, പരീക്ഷ, ലൈബ്രറി, ലബോറട്ടറി, ഹോസ്റ്റല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫീസ് വായ്പയില്‍ ഉള്‍പ്പെടുന്നു. ചില വായ്പകളില്‍ ചില ഇനങ്ങള്‍ക്ക് പരിധി കല്‍പ്പിക്കാറുണ്ട്. ട്യൂഷന്‍, പരീക്ഷ, ലൈബ്രറി തുടങ്ങിയവയ്ക്കുള്ള ഫീസ് നേരിട്ട് കോളേജുകള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.

നാലുലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഗ്യാരന്ററോ സെക്യൂരിറ്റിയോ ആവശ്യമില്ല. നാലുലക്ഷം രൂപമുതല്‍ 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് മൂന്നാമതൊരാളുടെ ഗ്യാരന്റി ആവശ്യമാണ്. മാതാപിതാക്കളല്ലാത്ത, മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള ഒരാളാണ് ഗ്യാരന്റര്‍ ആകേണ്ടത്. 7.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പയ്ക്ക് ഈട് (സാധാരണ നിലയില്‍ സ്വത്തുവകകള്‍) നല്‍കേണ്ടിവരും.

സാധാരണ 11.75 ശതമാനംമുതല്‍ 14.75 ശതമാനംവരെയാണ് വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്ക്. വായ്പാതുകയും കോഴ്സിനു ചേരുന്ന കോളേജും അനുസരിച്ച് പലിശനിരക്കില്‍ വ്യതിയാനങ്ങളുണ്ടാകാം. ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളിലെ കോഴ്സുകള്‍ക്ക് കാല്‍ശതമാനം പലിശ ഇളവ് നല്‍കാറുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ വിദ്യാര്‍ഥിനികള്‍ക്ക് കാല്‍ശതമാനം പലിശ ഇളവ് നല്‍കുന്നുണ്ട്. അതുതന്നെയുമല്ല, മികച്ച പഠനനിലവാരം പുലര്‍ത്തുന്ന, നല്ല കോളേജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കുന്നതിന് എല്ലാ ബാങ്കിനും താല്‍പ്പര്യമാകും.

കോഴ്സ് പൂര്‍ത്തിയായശേഷം ആറുമാസംമുതല്‍ ഒരുവര്‍ഷംവരെ കഴിഞ്ഞാല്‍ തിരിച്ചടവ് ആരംഭിക്കേണ്ടതുണ്ട്. ജോലി കിട്ടിയില്ലെങ്കില്‍പ്പോലും കോഴ്സ് പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനുശേഷം വായ്പ തിരിച്ചടച്ചുതുടങ്ങണം. വായ്പയുടെ തിരിച്ചടവ് ആരംഭിച്ചാല്‍ വായ്പയെടുത്തയാള്‍ക്ക് ആദായനികുതി നിയമം സെക്ഷന്‍ 80–ഇ പ്രകാരം നികുതി ഇളവ് ലഭിക്കുന്നതാണ്. വിദ്യാഭ്യാസവായ്പയും ക്രെഡിറ്റ് റേറ്റിങ്ങിന്റെ പരിധിയില്‍ വരുന്നതിനാല്‍ അതു മുടങ്ങാതെ നോക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top