20 April Saturday

മഞ്ഞലോഹത്തിന് തിളക്കം തിരിച്ചുകിട്ടുമോ?

ആനന്ദ് ജെയിംസ്Updated: Sunday Apr 24, 2016

ഡോളറിന്റെ വിലയടക്കമുള്ള നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ വലിച്ചുതാഴ്ത്തുന്നതാണ് 2015ല്‍ നാം കണ്ടത്. എന്നാല്‍ 2016ന്റെ ആദ്യ മാസങ്ങള്‍ സ്വര്‍ണത്തിന് പ്രതീക്ഷ നല്‍കുന്ന നിരവധി സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളില്‍തന്നെ ഇന്ത്യയിലെ സ്വര്‍ണവിലയില്‍ 20 ശതമാനത്തിന്റെ  കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഡോളറിനെതിരെയുള്ള രൂപയുടെ നിലവാരം 66ല്‍നിന്ന് 69ലേക്ക് കുത്തനെ ഇടിഞ്ഞത് ഇറക്കുമതിചെയ്യുന്ന സ്വര്‍ണത്തിന്റെ വിലവര്‍ധിപ്പിച്ചിരുന്നു. ഇതിനുപുറമെ പരിഗണിക്കേണ്ടതായ മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ട്.  2011ലാണ് സ്വര്‍ണവിലയില്‍ സുപ്രധാന ഇടിവ് ആരംഭിച്ചത്. ഇതിനുശേഷമുള്ള അഞ്ചുവര്‍ഷങ്ങളിലെയും ആദ്യമാസത്തില്‍ സ്വര്‍ണവില ഉയരുന്നതു കാണാനായി. ഇപ്പോഴത്തെ ഉയര്‍ച്ചയും അതുപോലെയൊരു പ്രവണതയായേക്കാം. 

ഇതിലേറെ പ്രാധാന്യത്തോടെ നാം വിശകലനംചെയ്യേണ്ടത് സ്വര്‍ണവിലയില്‍ അടുത്ത രണ്ടുവര്‍ഷങ്ങളില്‍ ഉണ്ടാകാനിടയുള്ള നീക്കങ്ങളെക്കുറിച്ചാണ്. പണപ്പെരുപ്പവും ഉപയോക്താക്കളുടെ പണം ചെലവഴിക്കലും താഴ്ന്ന നിലയില്‍ സ്ഥിരമായി തുടരുന്നതാണല്ലോ ദൃശ്യമായിരുന്നത്. ഗണ്യമായ കാലത്തേക്കു തുടര്‍ന്ന ഈ അവസ്ഥയില്‍ വ്യത്യാസമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സ്വര്‍ണത്തിന്റെ നഷ്ടസാധ്യത കുറയുന്ന അവസ്ഥ ഇതുണ്ടാക്കിയേക്കാം.  ഇതേസമയം ചില കറന്‍സികള്‍ ഡോളറിനെ ഏറ്റവും പ്രിയപ്പെട്ട കറന്‍സിയായി കണക്കാക്കുന്നതുവഴി അതിന്റെ ശക്തമായ സ്ഥിതി തുടരുകയും ഉയര്‍ന്ന പണപ്പെരുപ്പവും ഉപയോക്താക്കളുടെ കുറഞ്ഞതോതിലുള്ള ചെലവഴിക്കലും കുറച്ചുകാലത്തേക്കു തുടര്‍ന്നേക്കാനും സാധ്യതയുണ്ട്.

അങ്ങനെയെങ്കില്‍ സ്വര്‍ണവിലയില്‍ രണ്ടുവര്‍ഷത്തിനിടെ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധ്യത കുറഞ്ഞേക്കും. രൂപ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ശക്തമായ കറന്‍സിയായി തുടരുന്നതടക്കമുള്ള  സാഹചര്യങ്ങള്‍ സ്വര്‍ണവിലയില്‍ അടുത്തിടെ ഉണ്ടായ ഉയര്‍ച്ചയ്ക്കു പിന്നിലുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്.  അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടായ വില ഉയര്‍ച്ചകള്‍ നീണ്ടുനിന്നതിലേറെ ഇത്തവണത്തെ ഉയര്‍ച്ച നീണ്ടുനില്‍ക്കാനുള്ള സാധ്യതകളുണ്ട്. ട്രോയ് ഔണ്‍സിന് 1300 മുതല്‍ 1400 വരെ ഡോളറിലേക്ക് അത് ഉയര്‍ന്നേക്കാം.

ഇതിനിടയിലും വ്യക്തികള്‍ സ്വര്‍ണനിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. 2011 മുതല്‍ കണ്ടുവരുന്ന വലിയ തോതിലുള്ള വിലയിടിവും നിക്ഷേപം നടത്തിയവര്‍ക്കുണ്ടായ നഷ്ടവും നിക്ഷേപകരുടെ പതിവു നിക്ഷേപ മേഖലയെന്ന തെരഞ്ഞെടുപ്പില്‍നിന്നു സ്വര്‍ണത്തെ അകറ്റിയിരിക്കുകയാണ്.  ആഭരണമെന്ന നിലയില്‍ സ്വര്‍ണം ആവശ്യമുണ്ടെങ്കില്‍ അതിന്‘ഭൌതികമായി സ്വര്‍ണംതന്നെ വാങ്ങുന്നതാവും നല്ലത്.  എന്നാല്‍ നിക്ഷേപമോ വൈവിധ്യവല്‍ക്കരണമോ ആണ് ലക്ഷ്യമെങ്കില്‍ ഇടിഎഫുകള്‍ മികച്ചൊരു മാര്‍ഗമാകും.

വില്‍ക്കാനും വാങ്ങാനും നിരീക്ഷിക്കാനുമെല്ലാം ഇത് കൂടുതല്‍ സൌകര്യപ്രദമാകും. എങ്ങിനെ സൂക്ഷിച്ചുവയ്ക്കുമെന്ന ആശങ്കയില്ലാതെ ചെറിയ അളവില്‍മുതല്‍ സ്വര്‍ണം വാങ്ങാന്‍ ഇതു സഹായകമാകും. ഇനി പേപ്പര്‍ ഗോള്‍ഡ് എന്ന സങ്കല്‍പ്പം നിങ്ങള്‍ക്ക് അംഗീകരിക്കാനാവുമെങ്കില്‍ സര്‍ക്കാരിന്റെ സ്വര്‍ണബോണ്ടുകളിലോ എസ്ജിബി പദ്ധതികളിലോ നിക്ഷേപിക്കാനാവും. മൂലധന വളര്‍ച്ച, മൂലധന നികുതിയില്‍നിന്ന് ഒഴിവ് എന്നിവയ്ക്കൊപ്പം 2.75 എന്ന നാമമാത്ര പലിശയും പ്രതിവര്‍ഷം ഇതിനു ലഭിക്കും.
ലേഖകന്‍ കൊച്ചിയിലെ ജിയോജിത് പിഎന്‍ബി പരിബ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top