26 April Friday

റബര്‍ മെല്ലെ ഉണരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2016

കൊച്ചി> ചൈനീസ് സാമ്പത്തികമേഖല ഉണര്‍വിലേക്കു തിരിയുന്നതുകണ്ട് നിക്ഷേപകരും വ്യവസായികളും രാജ്യാന്തര റബര്‍ വിപണിയില്‍ പിടിമുറുക്കി. വ്യാവസായിക ഡിമാന്‍ഡ് ആഭ്യന്തര റബറിനും നേട്ടമായി. കുരുമുളക് ക്ഷാമത്തിനിടയില്‍ ആഭ്യന്തര വിപണി സാങ്കേതിക തിരുത്തലിന് ശ്രമം നടത്തി. നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ കുതിപ്പ്. ആഭരണകേന്ദ്രങ്ങളില്‍ പവന്‍ വീണ്ടും തിളങ്ങി.

റബറിന് ചൈനീസ് സാമ്പത്തികമേഖലയില്‍നിന്ന് ആവശ്യം ഉയരുമെന്ന വിശ്വാസം റബര്‍ നേട്ടമാക്കി. ജാപ്പനീസ് മാര്‍ക്കറ്റായ ടോക്കോമില്‍ റബര്‍വില കിലോ 200 യെന്നിലേക്കു കയറി. നീണ്ട കാലയളവിനുശേഷമാണ് ഈ നിലവാരത്തിലേക്ക് റബര്‍ പ്രവേശിക്കുന്നത്.  മാസങ്ങളായി തളര്‍ച്ചയില്‍ നീങ്ങിയ രാജ്യാന്തര റബര്‍ വിലയിലെ മുന്നേറ്റം ഇന്ത്യന്‍ മാര്‍ക്കറ്റിനും കരുത്തു സമ്മാനിച്ചു.

പ്രതികൂല കാലാവസ്ഥമൂലം മുഖ്യ റബര്‍ ഉല്‍പ്പാദക രാജ്യങ്ങളിലെല്ലാം റബര്‍ ടാപ്പിങ് നിലച്ചിരിക്കുകയാണ്. ജൂണില്‍ കാലവര്‍ഷം ആരംഭിക്കുന്നതോടെ കേരളത്തില്‍ റബര്‍വെട്ട് പുനരാരംഭിക്കാനാവും. ഉല്‍പ്പാദന മേഖലകളിലും ടയര്‍വ്യവസായികളുടെ ഗോഡൌണുകളിലും കാര്യമായി റബറില്ല. കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ ഷീറ്റ് സംഭരിക്കാന്‍— ഉത്സാഹിച്ചതോടെ ആര്‍എസ്എസ് നാലാം ഗ്രേഡ് 13,200 രൂപയില്‍നിന്ന് 14,300 രൂപയായി. ലാറ്റക്സ്  9300 രൂപയില്‍നിന്ന് 10,000 ലേക്കു കയറി.    

മലബാര്‍ കുരുമുളകുവില സര്‍വകാല റെക്കോഡ് പുതുക്കുമെന്ന പ്രതീക്ഷകള്‍ക്കിടയില്‍ വിപണി സാങ്കേതിക തിരുത്തലിനുള്ള ശ്രമം നടത്തി. ക്വിന്റലിന് 71,500ല്‍ എത്തിയ ഗാര്‍ബിള്‍ഡ് മുളക് വാരാവസാനം 71,100ലേക്ക് താഴ്ന്നു. ഉല്‍പ്പന്നത്തിന്റെ സര്‍വകാല റെക്കോഡ് വില 73,500 രൂപയാണ്. കാര്‍ഷികമേഖലയിലും ടെര്‍മിനല്‍ മാര്‍ക്കറ്റിലും കാര്യമായി ചരക്കില്ല. ഉത്തരേന്ത്യയിലെ വന്‍കിട കറിമസാല വ്യവസായികളുടെ കൈവശവും സ്റ്റോക്ക് കുറവാണ്. ഇതുമൂലം അത്യാവശ്യം വേണ്ട ചരക്കാണ് അവര്‍ സംഭരിക്കുന്നത്.

നാളികേരോല്‍പ്പന്നങ്ങളുടെ വില  വിഷു ആഘോഷങ്ങള്‍— കഴിഞ്ഞതോടെ ഉയര്‍ന്നു. ഉത്സവവേളയില്‍ സ്റ്റെഡി നിലവാരത്തില്‍ നീങ്ങിയ എണ്ണമാര്‍ക്കറ്റില്‍ വാങ്ങല്‍ താല്‍പ്പര്യം പൊതുവേ കുറവായിരുന്നു. വിഷു കഴിഞ്ഞതോടെ മുംബൈയിലെ വന്‍കിട കമ്പനികള്‍ കൊപ്ര ശേഖരിക്കാന്‍ കാണിച്ച ഉത്സാഹമാണ് വിപണിക്ക് നേട്ടമായത്. രണ്ടാഴ്ചയിലേറെ 8000 രൂപയില്‍ നിലകൊണ്ട വെളിച്ചെണ്ണ പിന്നിട്ടവാരം 400 രൂപയുടെ നേട്ടവുമായി 8400ലേക്ക് കയറി. കൊപ്രവില 5740 രൂപയില്‍നിന്ന് 5855 രൂപയായി.

ആഭരണവിപണികളില്‍ സ്വര്‍ണവില കയറിയിറങ്ങി. പവന്‍ 21,760 രൂപയില്‍നിന്ന് 22,240 രൂപവരെ കയറിയശേഷം ശനിയാഴ്ച 22,080ലാണ് ഇടപാടുകള്‍ നടന്നത്. ഒരുഗ്രാമിന്റെ വില 2760 രൂപ. ന്യൂയോര്‍ക്കില്‍ ഒരൌണ്‍സ് സ്വര്‍ണം 1235 ഡോളറില്‍നിന്ന് 1271 വരെ കുതിച്ചശേഷം വാരാന്ത്യം 1232 ഡോളറിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top