28 March Thursday

സ്മാര്‍ട്ട് സിറ്റി ഐടി മന്ദിരത്തില്‍ 3 പുതിയ കമ്പനികള്‍

സ്വന്തം ലേഖകന്‍Updated: Thursday Nov 23, 2017

കൊച്ചി > സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ ഒന്നാം ഐടി മന്ദിരത്തില്‍ ഒരുമാസത്തിനിടെ മൂന്ന്കമ്പനികൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഗാഡ്ജിയോണ്‍ സ്മാര്‍ട്ട്സിസ്റ്റംസ്, അബ്സര്‍ ടെക്നോളജീസ്, ഓബറോണ്‍ ടെക്നോളജീസ്എന്നീ കമ്പനികളാണ്പ്രവര്‍ത്തനം തുടങ്ങിയത്. സമീപകാലത്ത് സ്മാര്‍ട്ട് സിറ്റി കൊച്ചിയുടെ ഉന്നതതലത്തില്‍ നടന്ന അഴിച്ചുപണിക്കുശേഷമാണ് കൂടുതല്‍ കമ്പനികള്‍ തുടങ്ങാനായത്. ഇതോടെ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച കമ്പനികളുടെ എണ്ണം 16 ആയി.

ഇന്റര്‍നെറ്റ് ഓഫ് തിങ്സ്(ഐഒടി), ഹോം ഓട്ടോമേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ഹെല്‍ത്ത് കെയര്‍, കമ്യൂണിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രാവീണ്യം തെളിയിച്ച കമ്പനിയാണ് ഗാഡ് ജിയോണ്‍ സ്മാര്‍ട്ട് സിസ്റ്റംസ്. സ്മാര്‍ട്ട് സിറ്റിയില്‍ 5,600 ച. അടി സ്ഥലമാണ് കമ്പനി ഏറ്റെടുത്തത്.  30 ജീവനക്കാരുണ്ട്. ലോകോത്തര ഐടി പാര്‍ക്കിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗാഡ് ജിയോണ്‍ സിഇഒയും ഡയറക്ടറുമായ ഹരിപ്രസാദ് വി നായര്‍ പറഞ്ഞു.

പ്രമുഖ ടെക്നോളജി സൊല്യൂഷന്‍ കമ്പനിയായ അബ്സര്‍ ടെക്നോളജി സൊല്യൂഷന്‍സ്, എന്റര്‍പ്രൈസ് റിസോഴ്സ് പ്ളാനിങ് (ഇആര്‍പി), മൊബിലിറ്റി, ബിസിനസ്ഇന്റലിജന്‍സ്, ഡിജിറ്റല്‍ പേമെന്റ് സൊല്യൂഷന്‍സ് തുടങ്ങിയവയിലാണ് സ്പെഷ്യലൈസ്ചെയ്തിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍, സപ്ളൈ ചെയിന്‍, ഇ-കൊമേഴ്സ്, പേമെന്റ് ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രധാനമായും സേവനം നല്‍കുന്നത്. സ്മാര്‍ട്ട് സിറ്റിയില്‍ 3,638 ച. അടി സ്ഥലമാണ് കമ്പനി ഏറ്റെടുത്തത്. ഉപയോക്താക്കള്‍ക്ക്  മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനും അതുവഴി കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാനും സ്മാര്‍ട്ട് സിറ്റിയിലെ സാന്നിധ്യം സഹായകമാകുമെന്ന് എംഡി ഷംസുദ്ദീന്‍ വെങ്കിട്ട പറഞ്ഞു.

ലോകോത്തര ഐടി സേവനങ്ങള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്  കമ്പനിയായ ഓബറോണ്‍ ടെക്നോളജിയാണ് സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച മറ്റൊരു സ്ഥാപനം. 2,732 ച.അടി വിസ്തൃതിയുള്ള ഓഫീസില്‍ നിലവില്‍ 32 ജീവനക്കാരാണുള്ളത്. ഐടി വ്യവസായമേഖലയിലെ വൈദഗ്ധ്യവും അനന്തസാധ്യതകളും ഉപയോഗപ്പെടുത്തുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഇതിന്  സ്മാര്‍ട്ട് സിറ്റിയിലെ ഓഫീസ് ഏറെ സഹായകമാകുമെന്നും ഓബറോണ്‍ ടെക്നോളജി എംഡി രാമന്‍ അശോക്കുമാര്‍ പറഞ്ഞു.

ഐബിഎസ് സോഫ്റ്റ്വെയര്‍ ഈയിടെയാണ് സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അതിനിടെ ഏതാനും ചില പ്രമുഖ ഐടി കമ്പനികളുടെ ഓഫീസ് ഫിറ്റ്-ഔട്ട് ജോലികള്‍ പുരോഗമിക്കുകയാണ്. അവയും പ്രവര്‍ത്തനം തുടങ്ങുന്നതോടെ സ്മാര്‍ട്ട് സിറ്റിയിലെ ആദ്യ ഐടി ടവറില്‍ ഐടി വ്യവസായങ്ങള്‍ക്കായി നീക്കിവച്ച സ്ഥലത്തിന്റെ 78 ശതമാനവും പ്രവര്‍ത്തനക്ഷമമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top