29 May Sunday

കണ്‍മുന്നിലുണ്ട് മറ്റൊരു സാധ്യത

വി കെ പ്രസാദ്Updated: Sunday Jul 23, 2017

2008ല്‍ ആഗോളപ്രതിസന്ധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതം മുന്നില്‍ക്കണ്ട് ചൈന അവതരിപ്പിച്ച ആഭ്യന്തര ഉത്തേജകപദ്ധതി കേരളത്തിന് പാഠമാകണമെന്നാണ് കഴിഞ്ഞയാഴ്ച ഈ പംക്തിയില്‍ സൂചിപ്പിച്ചിരുന്നത്. അതിനു കാരണങ്ങള്‍ രണ്ടാണ്. ഒന്നാമതായി നമ്മുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ഇതരവിപണികളെ പൂര്‍ണമായും ആശ്രയിക്കുന്ന സ്ഥിതിയില്‍നിന്ന് മോചനം നേടുക; രണ്ടാമത്, ഗള്‍ഫിലെ കുറയുന്ന തൊഴില്‍സാധ്യതകളുടെകൂടി പശ്ചാത്തലത്തില്‍ കേരളത്തിലെ തൊഴില്‍സാധ്യതകള്‍ മെച്ചപ്പെടുത്തുക.

ഈ ആശയങ്ങള്‍ ഒന്നുകൂടി വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. തൊള്ളായിരത്തി അറുപതുകളിലാണല്ലോ കേരളത്തില്‍ റബര്‍കൃഷി വ്യാപകമാകുന്നത്. കേരളത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കി നാണ്യവിളകള്‍ വ്യാപകമായി കൃഷിചെയ്യാന്‍ അന്ന് മലയാളികളെ പ്രോത്സാഹിപ്പിച്ചത് കേന്ദ്രസര്‍ക്കാരായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആ പ്രോത്സാഹനത്തിന്റെ പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അന്ന് വളര്‍ച്ചയുടെ പാതയിലായിരുന്ന ടയര്‍വ്യവസായികള്‍ക്ക് അസംസ്കൃതവസ്തുവായ റബര്‍ അവശ്യം ആവശ്യമായിരുന്നു. അന്നത്തെ നയങ്ങളനുസരിച്ച് റബര്‍ ഇറക്കുമതി അസാധ്യവും. എന്നാല്‍, ആഗോളീകരണനയങ്ങളുടെ വരവോടെ ഇറക്കുമതിക്കുള്ള തടസ്സങ്ങളെല്ലാം നീങ്ങി. അതോടെ ആഭ്യന്തരവിപണിയില്‍നിന്നുള്ള റബര്‍വില കുറയ്ക്കാന്‍ ഇറക്കുമതിയെ ഒരു സമ്മര്‍ദതന്ത്രമായി ഉപയോഗിക്കാനും ടയര്‍ലോബിക്ക് കഴിഞ്ഞു. എന്നാല്‍, ഇതിനോടകം കേരളത്തിലെ നല്ലൊരു പങ്ക് കൃഷിഭൂമി റബര്‍ക്കൃഷിക്കുവേണ്ടി വിനിയോഗിക്കപ്പെട്ടുകഴിഞ്ഞിരുന്നു. നയങ്ങള്‍ മാറിയതോടെ അറുപതുകളില്‍ കേരളത്തിനുനല്‍കിയ മോഹനവാഗ്ദാനങ്ങളൊക്കെ കേന്ദ്രം ഭരിക്കുന്നവര്‍ സൌകര്യപൂര്‍വം മറന്നു. പരിണതഫലമോ, ഭക്ഷ്യവസ്തുക്കള്‍ക്കുവേണ്ടി ഇതരസംസ്ഥാനങ്ങളുടെ ദയാദാക്ഷിണ്യത്തിനായി കാത്തുകെട്ടിനില്‍ക്കുന്ന അവസ്ഥ. മറുവശത്താകട്ടെ, കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയോ വിലയോ ഇല്ലാത്ത സ്ഥിതിയും.

വ്യത്യസ്തമായ കാരണങ്ങളാല്‍ പാലും പച്ചക്കറിയുംമുതല്‍ മുട്ടയും മാംസവുംവരെ മിക്കവാറും എല്ലാ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും വേണ്ടി കേരളം ഇന്ന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ഗള്‍ഫ്പണവും നാണ്യവിളകളുടെ ഉയര്‍ന്നവിലയും നല്‍കിയ സമൃദ്ധിയുടെ നിറവില്‍ നമ്മള്‍ ഈ ആശ്രിതത്വത്തിന്റെ അപകടം വേണ്ടത്ര തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ, ഇന്ന് ഗള്‍ഫ് ഒരു മരീചികയായിത്തുടങ്ങുകയും നാണ്യവിളകളുടെ, വിശേഷിച്ചും റബറിന്റെ, വില നിലംപൊത്തുകയും ചെയ്തതോടെ നമ്മുടെ 'ബ്രേക്കിങ് പോയിന്റ്' എത്തിയിരിക്കുന്നു. മേല്‍പ്പറഞ്ഞ രണ്ടു കാര്യവും ചാക്രിക പ്രതിഭാസങ്ങളാണെന്നും, ചക്രം കറങ്ങിത്തിരിയുമ്പോള്‍ ഇനിയും നാണ്യവിളകളുടെ വിലകള്‍ വീണ്ടും ഉയരുമെന്നും ഗള്‍ഫില്‍, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും, തൊഴിലിന്റെ മരുപ്പച്ചകള്‍ ഇനിയുമുണ്ടാകുമെന്നുമുള്ള പ്രതീക്ഷകള്‍ പൊലിയുകയാണ്. ഈ സാഹചര്യത്തില്‍ മലയാളിയുടെ ക്രയശേഷി വര്‍ധിപ്പിക്കണമെങ്കില്‍ കേരളത്തില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല.

തൊഴിലുകള്‍ സൃഷ്ടിക്കാന്‍ വ്യവസായങ്ങളല്ലേ കൂടുതല്‍ പര്യാപ്തമാകുകയെന്ന ചോദ്യമുയരാം. തീര്‍ച്ചയായും അതെ; എന്നാല്‍, കേരളത്തിന്റെ പരിസ്ഥിതിയെയും ജനസാന്ദ്രതയെയും അവഗണിച്ചുകൊണ്ടുള്ള വ്യവസായവല്‍ക്കരണം വിനാശകരമായിരിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. തന്നെയുമല്ല, അത്തരമൊരു വ്യവസായവല്‍ക്കരണം ഭക്ഷ്യവസ്തുക്കള്‍ക്കുവേണ്ടിയുള്ള പരാശ്രയത്തിന് പരിഹാരം ഉണ്ടാക്കുകയുമില്ല.

ഭക്ഷണത്തിനുവേണ്ടിയുള്ള പരാശ്രയത്തില്‍ എന്താണ് കുഴപ്പം? മറ്റാരെയുമല്ലല്ലോ സഹോദരസംസ്ഥാനങ്ങളെയല്ലേ ആശ്രയിക്കുന്നത്? ഇതൊക്കെ ഇവിടെ ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങളാണ്. ഇവിടെയാണ് രാജ്യത്തെ വര്‍ത്തമാന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നത്. ഉത്തരേന്ത്യയില്‍ കാലുറപ്പിച്ച് ദക്ഷിണേന്ത്യ കീഴടക്കാന്‍ ആക്രമണോല്‍സുകതയോടെ വെമ്പിനില്‍ക്കുന്ന തീവ്രവലതുപക്ഷശക്തികളും അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്രഭരണകൂടവും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്ന പ്രവണത ശക്തിപ്പെടുകയാണ്.

കഴിഞ്ഞ ഏപ്രില്‍മുതല്‍ കേരളത്തിന് റേഷന്‍ പഞ്ചസാര അനുവദിക്കുന്നില്ല. പൊതുവിതരണത്തിനുള്ള അരിയുടെ സപ്ളൈയും ഭീമമായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെമേല്‍ വര്‍ഗീയശക്തികള്‍ ചെലുത്തുന്ന സ്വാധീനംപോലെതന്നെയാണ് പൊതുവിപണിയുടെമേല്‍ കുത്തകകള്‍ അടിച്ചേല്‍പിക്കുന്ന ആധിപത്യവും. ഭക്ഷ്യോല്‍പ്പാദന-സംഭരണ-വിതരണ സംവിധാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ വന്‍കിടകുത്തകകളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിലയുമെല്ലാം അവരുടെ തീട്ടൂരത്തിന്‍കീഴിലാണ്. ചുരുക്കത്തില്‍, വര്‍ഗീയതയും മൂലധനവും തമ്മില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്ധി ഒരു വിപണി പ്രതിഭാസമായി മാറുകയും ജനതയുടെ അതിജീവനത്തിന് വലിയ ഭീഷണിയായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു.

വര്‍ഗീയ-മൂലധന കൂട്ടുകെട്ടിന്റെ സാമ്പത്തികനയങ്ങള്‍ ജനവിരുദ്ധമാകുന്നതില്‍ അല്‍ഭുതമേതുമില്ല. ഈ നയങ്ങള്‍ക്കെതിരെ ജനപക്ഷബദല്‍ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയിലാണ് കേരളം. അതുകൊണ്ടുതന്നെ വിപണിയുടെമേല്‍ തങ്ങള്‍ക്കുള്ള ആധിപത്യം ഉപയോഗിച്ച് കേരളത്തെ ശ്വാസംമുട്ടിക്കാന്‍ വന്‍കുത്തകകളും ഭരണകൂടസ്വാധീനം ഉപയോഗിച്ച് അന്നംമുട്ടിക്കാന്‍ വര്‍ഗീയശക്തികളും കരുനീക്കുകയാണ്. കേന്ദ്രഫണ്ട് ലഭിക്കണമെങ്കില്‍ കേന്ദ്രം അനുശാസിക്കുന്ന നയങ്ങള്‍ നടപ്പിലാക്കണമെന്ന വ്യവസ്ഥ ഇപ്പോള്‍ത്തന്നെ വൈദ്യുതിയും ജലവിതരണവുംപോലെയുള്ള പല മേഖലകളിലും നടപ്പിലായിക്കഴിഞ്ഞുവെന്നതും ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍, കേരളം മുന്നോട്ടുവയ്ക്കുന്ന ബദല്‍നയങ്ങളെ തകര്‍ക്കാന്‍ വര്‍ഗീയ-വിപണിശക്തികള്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യമേഖലകളെ ആയുധമാക്കുന്നുവെന്നര്‍ഥം. ഈ കുല്‍സിതനീക്കങ്ങളെ ചെറുത്ത് ബദല്‍നയങ്ങളുമായി മുന്നോട്ടുനീങ്ങണമെങ്കില്‍ ഭക്ഷ്യ സ്വയംപര്യാപ്തത ഏറ്റവും നിര്‍ണായകമായ ഒരു മുന്നുപാധിയായി മാറുകയാണ്. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനമേഖല സ്വയംപര്യാപ്തമാകേണ്ടതിന്റെ രാഷ്ട്രീയം ഇവിടെയാണ് കിടക്കുന്നത്.
ഉല്‍പ്പാദനമേഖലയെ സ്വയംപര്യാപ്തമാക്കുന്ന പ്രക്രിയയെത്തന്നെ ഒരു ബദലാക്കി മാറ്റാനുള്ള സാധ്യതയും നമ്മുടെ മുന്നിലുണ്ട്. തുണ്ടുവല്‍ക്കരിക്കപ്പെട്ട കൃഷിഭൂമിയെ കാര്‍ഷികാവശ്യത്തിനുവേണ്ടി സംയോജിപ്പിക്കാനും വിപണി കണ്ടെത്താനുമെല്ലാം സഹകരണ ജനാധിപത്യ സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെയാണ് ഈ ബദല്‍ സാക്ഷാല്‍കൃതമാവുക. ചുരുക്കത്തില്‍, ബദലിന്റെ സാധ്യതകള്‍ അനന്തമായി വികസിക്കുന്ന ഒരു ഭൂമികയായി കേരളം വളരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top