30 May Thursday

കാര്‍ വിപണി തിരിച്ചുകയറുന്നു ചെറു കാറുകള്‍ക്ക് പ്രിയം

സന്തോഷ് ബാബുUpdated: Tuesday Jun 23, 2020

കൊച്ചി > വാഹനവിപണിക്ക് പൂട്ടിട്ട കോവിഡ് മഹാമാരി ഇപ്പോൾ രക്ഷകനാകുകയാണ്. വാഹനവിപണി ശക്തമായി തിരിച്ചുകയറുന്നു. സംസ്ഥാനത്ത് എല്ലാ പ്രമുഖ കാർ നിർമാതാക്കളുടെയും ഡീലർഷിപ് ഷോറൂമുകൾ വീണ്ടും സജീവമായിരിക്കുന്നു. കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ ഇനിയും ഏറെനാൾ സാമൂഹ്യ അകലം പാലിക്കേണ്ടിവന്നേക്കുമെന്ന തിരിച്ചറിവാണ് വാഹനവിപണിക്ക് തുണയാകുന്നത്. കൂടുതൽപേർ സുരക്ഷിതമായ യാത്രയ്ക്ക് സ്വന്തം വാഹനം എന്ന തീരുമാനത്തിലേക്ക് എത്തുകയാണെന്നും ആഡംബരമായിരുന്ന കാർ അങ്ങനെ കുടുംബത്തിന്റെ ആവശ്യമെന്ന നിലയിലേക്ക് മാറിയെന്നും ഡീലർമാർ പറയുന്നു.

ചെറു കാറുകളാണ് താരം

മെയ് മാസത്തിൽ എല്ലാ പ്രമുഖ ബ്രാൻഡുകൾക്കും മികച്ച വിൽപ്പനയാണ് കിട്ടിയത്. മാരുതി സുസുകി 13,865, ഹ്യുണ്ടായ് 6883, മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3867 കാറുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്.  ഷോറൂമുകളിൽ എത്തുന്ന അന്വേഷണങ്ങളിൽ അധികവും ചെറു കാറുകളെക്കുറിച്ചാണ്. മോട്ടോർസൈക്കിളിൽനിന്ന് കാറുകളിലേക്ക് മാറാൻ ആ​ഗ്രഹിക്കുന്നവരാണ് ഇതിലേറെയും. കൂടാതെ  നിലവിൽ കാറുള്ളവരായാലും ഭാര്യയും ഭർത്താവും രണ്ട് സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരാണെങ്കിൽ  പുതിയൊരു കാർകൂടി വാങ്ങാൻ താൽപ്പര്യം കാണിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നും സ്ത്രീകളിൽനിന്ന്‌ ചെറു കാറുകളെക്കുറിച്ചുള്ള അന്വേഷണം കൂടുതലായി വരുന്നുണ്ടെന്നും പോപ്പുലർ ഹ്യുണ്ടായ് സെയിൽസ് ജനറൽ മാനേജർ ബി  ബിജു പറഞ്ഞു.  കാർവിപണിയിൽ വരുന്ന മാസങ്ങളിൽ മികച്ച വിൽപ്പനയാണ് പ്രതീക്ഷിക്കുന്നതെന്നും ബിജു വ്യക്തമാക്കി.

ജൂൺ, ജൂലൈ മാസങ്ങളിൽ 80 ശതമാനത്തോളം വിൽപ്പന തിരിച്ചുവരുമെന്നാണ് മാരുതിയും പ്രതീക്ഷിക്കുന്നത്. ഷോറൂമുകളിലും ഡിജിറ്റൽ സംവിധാനങ്ങളിലും അന്വേഷണം വർധിച്ചിട്ടുണ്ടെന്നും  ആൾട്ടോ 800 മുതൽ സ്വിഫ്റ്റ് വരെയുള്ള ചെറു കാറുകൾക്കാണ് കൂടുതൽ ആവശ്യക്കാരെന്നും കമ്പനി പറയുന്നു.  സംസ്ഥാനത്ത് 2019 ജൂണിനെ അപേക്ഷിച്ച് ഈമാസം നൂറ് ശതമാനം വളർച്ചയാണ് കാണുന്നതെന്ന് ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും പറയുന്നു.

പ്രമുഖ ബ്രാൻഡുകളെല്ലാം വിവിധ ഓഫറുകളും വായ്പ സ്കീമുകളും അവതരിപ്പിച്ചിട്ടുമുണ്ട്. ധനസ്ഥാപനങ്ങളുടെ പ്രവർത്തനം ശക്തമായതും ആകർഷകമായ പലിശനിരക്കുകളിൽ വായ്പകൾ ലഭ്യമാകുന്നതും കാർവിപണിയുടെ തിരിച്ചുവരവിന് സഹായമാകുന്നു.

കേന്ദ്രം കനിഞ്ഞാൽ  വിൽപ്പന കൂടും; കുറഞ്ഞ ചെലവിൽ കാർ വാങ്ങാം

ഓട്ടോമൊബൈൽ മേഖലയിൽ നേരിട്ട് ജോലി ചെയ്യുന്നത് 40 ലക്ഷത്തിലധികംപേരാണ്. അതിന്റെ മൂന്നിരട്ടിയോളംപേർ വാഹനനിർമാണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. അതിനാൽ ഓട്ടോമൊബൈൽ മേഖലയെ കരകയറ്റുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക രക്ഷാ പാക്കേജ് കൊണ്ടുവരണമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. 

അതോടൊപ്പം കാർവിൽപ്പന വർധിപ്പിക്കുന്നതിനായി ഇഎംഐ കുറയുന്നതരത്തിൽ ദീർഘകാല വാഹനവായ്പ അനുവദിക്കുക, ഒരുവർഷത്തേക്ക് ജിഎസ്ടിയിൽ കുറവ് വരുത്തുക, പുതിയ കാർ വാങ്ങുമ്പോൾ 15 വർഷത്തെ നികുതി ഒന്നിച്ച് ഈടാക്കുന്നതിനുപകരം അഞ്ചുവർഷത്തെ നികുതി അടച്ചാൽ മതിയെന്നാക്കുക എന്ന നിർദേശങ്ങളും വാഹന ഡീലർമാർ കേന്ദ്രസർക്കാരിനുമുന്നിൽ വയ്ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top