20 April Saturday

സംസ്ഥാനത്ത് സമാന്തര സ്വര്‍ണവ്യാപാരം വര്‍ധിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 23, 2018

കൊച്ചി > സംസ്ഥാനത്ത് സമാന്തര ചെറുകിട സ്വര്‍ണവ്യാപാരം കൊഴുക്കുന്നു. ഇതിലൂടെ സര്‍ക്കാരിന് നികുതിയിനത്തില്‍  കോടികള്‍ നഷ്ടമാണ് സംഭവിക്കുന്നത്. വാണിജ്യനികുതി വകുപ്പിന്റെ രജിസ്ട്രേഷന്‍ ഉള്ള 7,000 ത്തോളം സ്വര്‍ണക്കടകള്‍ സംസ്ഥാനത്തുണ്ട്. ഇവര്‍ പ്രതിവര്‍ഷം 600 കോടിയോളം രൂപ നികുതി നല്‍കുന്നു. എന്നാല്‍ ഇവര്‍ക്ക് ലഭിക്കേണ്ട കച്ചവടത്തിന്റെ 20 ശതമാനം വരെ അനധികൃത റീട്ടെയില്‍ കച്ചവടക്കാരിലൂടെ നഷ്ടമാകുന്നു. ഇതിലൂടെ പ്രതിവര്‍ഷം 150 കോടിയോളം രൂപ സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടമാകുന്നു.

കേരളത്തിന്റെ സ്വര്‍ണനിര്‍മ്മാണ ഹബ്ബായ തൃശൂര്‍ കേന്ദ്രീകരിച്ചാണ് സമാന്തര റീട്ടെയില്‍ സ്വര്‍ണവ്യാപാരം. സംസ്ഥാനത്ത് 3000 ത്തോളം സ്വര്‍ണാഭരണ നിര്‍മ്മാതാക്കളുണ്ട്. ഇവരിലേറെയും സമാന്തര റീട്ടെയില്‍ വ്യാപാരം നടത്തുന്നു. വ്യവസായ വകുപ്പില്‍ നിന്നുള്ള ലൈസന്‍സ് ഉപയോഗിച്ച് സ്വര്‍ണാഭരണ നിര്‍മ്മാണവും വ്യാപാരവും നടത്തുന്നവരാണ്, ഇടനിലക്കാര്‍ മുഖേന അനധികൃത കച്ചവടവും നടത്തുന്നത്. ഷോറൂമിലെ പോലെ ആഭരണങ്ങള്‍ ഉപയോക്താക്കളെ കാണിച്ചാണ് വില്പന. ഇത്തരം ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് 916ഉണ്ടാകില്ല. വിലക്കുറവിന്റെ പിന്‍ബലത്തില്‍ അനധികൃതമായ വ്യാപാരം വര്‍ധിക്കുകയാണന്ന് കേരള ജ്വല്ലറി അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ:എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു

സമാന്തര കച്ചവടം നിയമാനുസൃത കച്ചവടത്തെ ബാധിച്ചതിനാല്‍ സംസ്ഥാനത്തെ ചെറുകിട സ്വര്‍ണവ്യാപാരികള്‍ സ്വര്‍ണത്തിന്റെ പ്രതിദിന വില്പന വില   കുറച്ച് കാണിക്കാനും നിര്‍ബന്ധിതരായിരിക്കുകയാണ്. തമിഴ്നാട് ഉള്‍പ്പെടെയുളള മറ്റ് സംസ്ഥാനങ്ങളിലെ വിലയേക്കാള്‍ 100 രൂപയോളം കുറച്ചാണ് കേരളത്തിലെ വില്പന. ഉദാഹരണത്തിന്, നികുതി ഉള്‍പ്പെടെ ഗ്രാമിന് 2,875 രൂപ വിലയുണ്ടെങ്കില്‍ ചെറുകിട വ്യാപാരികള്‍ കേരളത്തില്‍ ഈടാക്കുന്നത് 2,775 രൂപയാണ്. സമാന്തര വിപണിയെ നേരിടാന്‍ വന്‍കിട സ്വര്‍ണവ്യാപാരികള്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചതും ചെറുകിടക്കാര്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് അദ്ദേഹം അറിിയിച്ചു.

അനധികൃത റീട്ടെയില്‍ സ്വര്‍ണവ്യാപാരത്തിന് വാണിജ്യ നികുതി വകുപ്പിന്റെ പിടിവീണാലും കാര്യമായ ശിക്ഷയില്ല. നികുതിയും പിഴയും നല്‍കി പിടിക്കപ്പെട്ട സ്വര്‍ണം തിരിച്ചു വാങ്ങുകയാണ് സാധാരണ ചെയ്യുന്നത്. നികുതി കൊടുക്കേണ്ട എന്നതാണ് സമാന്തര റീട്ടെയില്‍ വ്യാപാരം കൊഴുക്കാനുള്ള പ്രധാന കാരണം. സംസ്ഥാനത്ത് സ്വര്‍ണകച്ചവടത്തിന് മൂന്നു ശതമാനം ജിഎസ്ടിയുണ്ട്. അതേ വിലയ്ക്കോ അല്പം വില താഴ്ത്തിയോ “സമാന്തര’ വ്യാപാരികള്‍ സ്വര്‍ണം റീട്ടയിലായി വില്‍ക്കുന്നു. തൃശൂരിലെ സ്വര്‍ണ വിപണിയുടെ 50 ശതമാനം വരെ ഇവരുടെ കൈവശമാണെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. കേരളത്തില്‍ പ്രതിദിനം 1000 കിലോഗ്രാമോളം സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കുന്നതായാണ്് കണക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top