04 October Wednesday

ദീര്‍ഘകാല നിക്ഷേപ സാധ്യതകള്‍

സനില്‍ കുമാര്‍Updated: Sunday May 22, 2016

കഴിഞ്ഞ മൂന്നുവര്‍ഷമായുള്ള ഉല്‍പ്പന്നവില മാന്ദ്യം ഉല്‍പ്പന്നവിപണിയിലെ പ്രധാന കയറ്റുമതിക്കാരായ വികസ്വരരാജ്യങ്ങളുടെ വളര്‍ച്ചയെ താഴോട്ടടിക്കുകയാണ്്. 2015–17 കാലഘട്ടത്തിലെ ഈ രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് 2012–14 കാലഘട്ടത്തെ അപേക്ഷിച്ച് വര്‍ഷംതോറും ഒരുശതമാനമെങ്കിലും കുറയുമെന്നാണ് കണക്കാക്കുന്നത്.

ആഗോള വിപണികളിലെ കയറ്റിറക്കങ്ങളും, ഉല്‍പ്പന്ന വിലത്തകര്‍ച്ചയും, വികസ്വര വിപണികളിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്കു കുറഞ്ഞതും വികസ്വര രാജ്യങ്ങളുടെ നാണയങ്ങള്‍ നേരിടുന്ന തകര്‍ച്ചയും വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു മുന്നിലെ പ്രതിസന്ധികളാണ്. 2015ല്‍ മാന്ദ്യം അനുഭവപ്പെട്ട ബ്രസീല്‍പോലെയുള്ള രാജ്യങ്ങളുടെ ഭാവി അത്ര നന്നല്ല. ഇന്ത്യന്‍ സാഹചര്യങ്ങളും മെച്ചപ്പെട്ടതല്ല ഏതൊരു നിക്ഷേപത്തെ സംബന്ധിച്ചും നഷ്ടസാധ്യത അഥവാ റിസ്ക് ഒഴിച്ചുകൂടാനാവാത്തതാണ്.

ഓഹരികളിലുള്ള ദീര്‍ഘകാല നിക്ഷേപം ഇക്കാര്യത്തില്‍ വളരെ മുന്നില്‍നില്‍ക്കുന്നു. ഓഹരികളില്‍നിന്നുള്ള ദീര്‍ഘകാല നേട്ടം നല്ലതാണെന്നു പറയാം. വിപണി താഴേക്കു പോകുന്ന വേളയില്‍ പോലും ബ്ളൂചിപ്പ് ഓഹരികള്‍, ഉയര്‍ന്ന ഡിവിഡന്റ് വരുമാനം നല്‍കുന്ന കമ്പനികള്‍ തുടങ്ങി നഷ്ടസാധ്യത കുറഞ്ഞതും ആദായകരവുമായ നിരവധി നിക്ഷേപാവസരങ്ങള്‍ ഓഹരിവിപണിയിലുണ്ട്.

ആഗോള ഉല്‍പ്പന്നരംഗം

2015 ഫെബ്രുവരിമുതല്‍ കണക്കാക്കിയാല്‍ ആഗോള ഉല്‍പ്പന്ന വിലകള്‍ 14 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ആദ്യം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ച ക്രൂഡോയില്‍വില പിന്നീട് കുറയുകയായിരുന്നു. ക്രൂഡോയില്‍ വിലയുടെ സമാന ഗതി പിന്തുടരുന്ന പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ വിലയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ധനമല്ലാത്ത മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില താഴ്ന്നുകൊണ്ടിരിക്കുന്നു. ലോഹവില, കാര്‍ഷികോല്‍പ്പന്ന വില തുടങ്ങിയവ ഉദാഹരണം. ലോഹവില 13 ശതമാനവും കാര്‍ഷികോല്‍പ്പന്ന വില എട്ടു ശതമാനവും കുറഞ്ഞിട്ടുണ്ട്. ചൈനയുടെ കറന്‍സിത്തകര്‍ച്ചയും ഓഹരിവിപണിയിലെ തിരുത്തലും ലോഹ ആവശ്യകത കുറച്ചതാണ് വിലത്തകര്‍ച്ചയ്ക്ക് കാരണം. അടിസ്ഥാനലോഹങ്ങളുടെ ഏറെക്കുറെ പകുതിയോളം ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. ആ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം ലോഹവില ഇനിയും ഇടിച്ചേക്കും.
 
മ്യൂച്വല്‍ഫണ്ട് രംഗം

ദീര്‍ഘകാലത്തെക്കുള്ള സ്വത്തുസമ്പാദിക്കാന്‍  ലളിതമായ നിക്ഷേപമാര്‍ഗമാണ് മ്യുച്വല്‍ ഫണ്ടുകള്‍. മാസംതോറുമോ, പാദങ്ങള്‍ തോറുമോ ഒരു നിശ്ചിത തുകവീതം ക്രമമായും ചിട്ടയായും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള സിസ്റ്റ്മാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ളാനാണ് (എസ്ഐപി) ഇതില്‍ ഏറ്റവും എളുപ്പവും ആദായകരവും.
ഏതെങ്കിലുമൊരു ആസ്തിയുടെ വില താഴുന്നതു കാണുമ്പോള്‍ അത് വിറ്റൊഴിവാക്കരുത്. അങ്ങിനെ  ചെയ്താല്‍ ഭാവിയിലേക്കുള്ള  ആദായസാധ്യതയെ അത് പ്രതികൂലമായി ബാധിക്കും. ദീഘകാലത്തേക്കുള്ള നിക്ഷേപത്തിന് ആദായം കൂടുതലും നഷ്ടസാധ്യത കുറവുമാണെന്ന വസ്തുത മറക്കാതിരിക്കുക.

ജിയോജിത്തിന്റെ ഇക്വിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top