25 April Thursday

രാജ്യം നേരിടുന്നത് സാമ്പത്തിക സുനാമി

പി ജി സുജUpdated: Monday Nov 21, 2016

തൃശൂര്‍ വലപ്പാടുള്ള മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിന്റെ അഞ്ചാംനിലയിലെ മാനേജിങ് ഡയറക്ടറുടെ ചേംബറിലേക്കു ചെല്ലുമ്പോള്‍ തിരക്കിട്ട് ചില ടെലികോണ്‍ഫറന്‍സിലായിരുന്നു മണപ്പുറം സാരഥി വി പി നന്ദകുമാര്‍. മണപ്പുറത്തിന്റെ ഓഹരികളില്‍ നിക്ഷേപിച്ച വിദേശനിക്ഷേപകരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടലെടുത്ത നോട്ട്പ്രതിസന്ധി നമ്മെ മാത്രമല്ല, അവരെയും ആശങ്കാകുലരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നോട്ട്നിരോധം വരുത്തിയ പ്രതിസന്ധിയുടെ ആഘാതങ്ങളെക്കുറിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കേരളഘടകം ചെയര്‍മാന്‍കൂടിയായ അദ്ദേഹം ദേശാഭിമാനിയോട് വിശദമായി സംസാരിച്ചു. പ്രസക്തഭാഗങ്ങള്‍:

നോട്ട്നിരോധം പ്രഖ്യാപിച്ചിട്ട്  രണ്ടാഴ്ചയോളമാകുന്നു. എന്താണ് ഇപ്പോഴത്തെ സ്ഥിതി?
രാജ്യം മൊത്തം കടുത്ത പ്രതിസന്ധി നേരിടുകയാണല്ലോ. കാലങ്ങളായി വിദേശനിക്ഷേപകരുടെ വളരെ പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമാണ് ഇന്ത്യ. എന്നാലിപ്പോള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നതില്‍ അവര്‍ ആശങ്കാകുലരാണ്. ഓഹരിവിപണിയില്‍ ലിസ്റ്റ്ചെയ്ത മണപ്പുറത്തിന്റെ നിക്ഷേപകരില്‍ നല്ലൊരു ശതമാനവും വിദേശനിക്ഷേപക സ്ഥാപനങ്ങളാണ്. കഴിഞ്ഞ ഒരാഴ്ചയായി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ഞാന്‍. ആശങ്കയ്ക്കിടയില്ലെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുമ്പോഴും രാജ്യത്തെ പണത്തിന്റെ സര്‍ക്കുലേഷന്‍ ഗണ്യമായി കുറഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്.

ഇപ്പോള്‍ രാജ്യത്തു വല്ലാത്ത പണച്ചുരുക്കം അനുഭവപ്പെടുന്നു എന്നതാണുവസ്തുത.  ഒരുതരത്തിലുള്ള സാമ്പത്തികമാന്ദ്യംതന്നെയാണിത്്. ചുരുങ്ങിയത് അടുത്ത ഒരു കൊല്ലത്തേക്കെങ്കിലും ഈ പ്രതിസന്ധി സമ്പദ്വ്യവസ്ഥയില്‍ കനത്തആഘാതംഉണ്ടാക്കുകതന്നെ ചെയ്യും. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കിട്ടാക്കടത്തില്‍ മുങ്ങിയിരിക്കുന്ന ബാങ്കുകളുടെ ആസ്തിമേന്മയെ അത് പ്രതികൂലമായി ബാധിക്കും. എല്ലാ മേഖലയെയും ഈ മാന്ദ്യം ബാധിക്കുകതന്നെ ചെയ്യും. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെപാതിവരെയെങ്കിലും ഈ സ്ഥിതി തുടരും. ഇന്ത്യയില്‍ ഇത്തരമൊരു സ്ഥിതി ഉടലെടുത്തതില്‍ വിദേശനിക്ഷേപകര്‍ ആശങ്കയിലാണ്. അവര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചാല്‍ ഹ്രസ്വകാലത്തില്‍ ഇത് പ്രശ്നമാകും.

സ്വര്‍ണമേഖലയില്‍ ഇതെത്ര രൂക്ഷമാണ്?

പ്രതിസന്ധി വളരെ രൂക്ഷമായി ബാധിച്ച മേഖലയിലൊന്നാണ് സ്വര്‍ണവ്യാപാരമേഖല. അതുപോലെയുള്ള മറ്റൊരു മേഖല റിയല്‍ എസ്റ്റേറ്റാണ്. എന്നാല്‍ നോട്ട്നിരോധനത്തെത്തുടര്‍ന്ന് വായ്പാമേഖലയും ഏതാണ്ട് നിശ്ചലമായിട്ടുണ്ട്. അതേസമയം ഓണ്‍ലൈന്‍ സ്വര്‍ണവായ്പാ രംഗത്ത് കാര്യമായ പ്രതിസന്ധിയില്ല. മണപ്പുറം ഈ മേഖലയില്‍ സജീവമാണ്. കറന്‍സി ഇടപാട് ഇല്ലാത്ത ഓണ്‍ലൈന്‍ വായ്പയെടുക്കുന്നതേറെയുംസാധാരണക്കാരാണ്. ഓണ്‍ലൈന്‍ വായ്പാ ബിസിനസിന്റെ 80 ശതമാനവും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്നാല്‍ ശാഖകളിലെ ബിസിനസ് പഴയ നിലയിലേക്കെത്തിയിട്ടില്ല. ബാങ്കിന്റെ പരിധിയില്‍വരാത്ത സമൂഹത്തിന്റെ താഴേതട്ടിലുള്ളവരുടെ ആശ്രയമായ മൈക്രോ ഫിനാന്‍സ്മേഖലയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഭവനവായ്പയുടെ തിരിച്ചടവ് ചെക്ക്മുഖേനയായതിനാല്‍ കാര്യമായ വ്യത്യാസമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top