28 May Sunday

ആസ്തികള്‍ നിഷ്ക്രിയമാകുമ്പോള്‍...

കെ ദിലീപ്Updated: Sunday Mar 20, 2016

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സ്ഥാപകനും  മദ്യവ്യവസായിയുമായ വിജയ്മല്യ കടംവീട്ടാതെ രാജ്യം വിട്ടതോടെയാണ് ബാങ്കുകളുടെ വഴിവിട്ട കടംകൊടുക്കലും തിരിച്ചടവും സംബന്ധിച്ച് പലവഴിക്കുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും ഇത്രയധികം സജീവമാകുന്നത്. വിജയ്മല്യ രാജ്യത്തെ ബാങ്കുകള്‍ക്ക്  കൊടുക്കാനുള്ളത് 9000 കോടി രൂപയാണ്.  ഇതില്‍ ഏറിയപങ്കും പൊതുമേഖലാ ബാങ്കുകളുടേതുമാണ്.  ഇതിലും എത്രയോ മടങ്ങാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് മറ്റുള്ളവരില്‍നിന്നും പിരിച്ചെടുക്കാനുള്ളത്. വസ്തുതകളിലേക്കിറങ്ങി പരിശോധിക്കുമ്പോഴെ അതിന്റെ ആഴം ഏറെക്കുറെ  മനസ്സിലാകൂ.
 
എന്താണ് നിഷ്ക്രിയ ആസ്തി

ഒരു വായ്പയിന്മേലുളള മുതലിന്റെയും പലിശയുടെയും തിരിച്ചടവ് 90 ദിവസത്തില്‍ കൂടുതല്‍ വൈകുകയോ നീളുകയോ ചെയ്താല്‍ ആ കടം നിഷ്ക്രിയ ആസ്തിയായി കണക്കാക്കുന്നു.  കാലക്രമേണ അത് കിട്ടാക്കടമാകുകയും സാധിക്കുന്നരീതിയില്‍ പിരിച്ചെടുക്കാന്‍ കഴിയാത്തപക്ഷം അത് എഴുതിത്തള്ളേണ്ടിവരികയും ചെയ്യുന്നു. എന്നാല്‍, ഇപ്രകാരം കടം എഴുതിത്തള്ളുമ്പോള്‍ അത് ലാഭക്ഷമത കുറയ്ക്കുകമാത്രമല്ല, സ്ഥാപനത്തിന്റെ യശസ്സിനും കോട്ടമുണ്ടാക്കുന്നു. ഉയര്‍ന്ന നിഷ്ക്രിയ ആസ്തി നിക്ഷേപസമാഹരണം ശ്രമകരമാക്കുകയും ഇത് സ്ഥാപനത്തിന്റെ കടംകൊടുക്കാനുളള ശേഷി തളര്‍ത്തുകയും ചെയ്യും. ബാങ്കുകള്‍ വായ്പാച്ചട്ടം ഉദാരമാക്കുമ്പോള്‍ ധനചംക്രമണം കൂട്ടുകയും സമ്പദ്വ്യവസ്ഥ വളരുകയും ചെയ്യാമെങ്കിലും വായ്പകളുടെ ഗുണപരത കുറയുമ്പോള്‍ കിട്ടാക്കടം പെരുകുകയും സമ്പദ്വ്യവസ്ഥയെ തിരിഞ്ഞുകൊത്തുകയും ചെയ്യുന്നു.

ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വലിയ ചര്‍ച്ചയാകുന്നത് 2010ലാണ്. അന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 54,179 കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞ ആറുവര്‍ഷംകൊണ്ട് പെരുകി 4.04 ലക്ഷം കോടി ആയത്; ആറുവര്‍ഷംകൊണ്ട് ഏകദേശം എട്ടുമടങ്ങ് വളര്‍ച്ച. ബാങ്കുകള്‍ കടക്കെണിയിലാകുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയാണെങ്കില്‍ ഓരോ നികുതിദായകനും ഒരു ലക്ഷത്തി പതിനായിരം രൂപയുടെ ബാധ്യതയാണ് ഇതുണ്ടാക്കുക. കിട്ടാക്കടത്തിന് കരുതല്‍ത്തുക നീക്കിവയ്ക്കല്‍ നിര്‍ബന്ധിതമായതോടെ ഒമ്പതു പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞപാദത്തില്‍ ആകെ 11,253 കോടി രൂപയുടെ നഷ്ടത്തിലാകുകയുംചെയ്തു.  2012 സാമ്പത്തികവര്‍ഷത്തില്‍ വെറും 5,551കോടി രൂപ നിഷ്ക്രിയ ആസ്തി ഉണ്ടായിരുന്നിടത്ത് 2015 സാമ്പത്തികവര്‍ഷം 52,542 കോടി രൂപയായാണ് ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയര്‍ന്നത്.

ആഘാതം ഓഹരിവിപണിയിലും

ഇതിന്റെ പ്രതിഫലനം ഓഹരിവിപണിയിലും ഉണ്ടായി.  ബാങ്കിങ് മേഖല പ്രതിസന്ധിയിലായത് പ്രസ്തുത മേഖലയിലെ ഓഹരികളെ മാത്രമല്ല, വിപണിയെത്തന്നെ  സമ്മര്‍ദ്ദത്തിലാക്കി.  ഫെബ്രുവരിയില്‍ ഓഹരിവിപണിയില്‍ ഉണ്ടായ ഇടിവിന് ഒരു പ്രധാനകാരണം രാജ്യത്തിന്റെ ബാങ്കിങ്മേഖല പ്രതിസന്ധിയിലായതാണ്. സ്റ്റോക്ക് എക്സേഞ്ചില്‍ ലിസ്റ്റ്ചെയ്യപ്പെട്ടിട്ടുള്ള പൊതുമേഖലാ ബാങ്കുകളുടെ ഓഹരിവില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 മുതല്‍ 60 ശതമാനംവരെ താഴ്ന്നു. 24 പൊതുമേഖലാ ബാങ്കുകളില്‍ 20 എണ്ണത്തിന്റെയും വിപണിവില അവയുടെ പുസ്തകമൂല്യത്തേക്കാള്‍ താഴെ എത്തി. ഇത് നിക്ഷേപകരെ കൂടുതല്‍ പരിഭ്രാന്തിയിലാക്കുകയും അത് വിപണിയില്‍ കൂടുതല്‍ വില്‍പ്പനയ്ക്ക് കാരണമാകുകയും ചെയ്തു.
 
മൂലധനപുനര്‍വിന്യാസം സഹായിക്കുമോ?

പൊതുമേഖലാ ബാങ്കുകളുടെ ഉയരുന്ന കിട്ടാക്കടവും പ്രവര്‍ത്തനനഷ്ടവും പ്രവര്‍ത്തനമൂലധനത്തെ ബാധിക്കാനുളള സാഹചര്യം ഉണ്ടാകാം.  പണം സമാഹരിക്കുന്നതിനും ഇതൊരു തടസ്സമാകും. കടം കൊടുക്കുന്നതിനുള്ള ശേഷി കുറയ്ക്കും.  സ്വാഭാവികമായി ഇത് സമ്പദ്വളര്‍ച്ചയ്ക്ക് വിഘ്നമുണ്ടാക്കുകയുംചെയ്യും. ഈ സാഹചര്യത്തിലാണ്  കിട്ടാക്കടത്തിന്റെ സമ്മര്‍ദം കൂടുതല്‍ അനുഭവിക്കുന്ന ബാങ്കുകളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനായി മൂലധനപുനര്‍വിന്യാസത്തിനായി  കഴിഞ്ഞ ബജറ്റില്‍ 25,000 കോടിരൂപ വകയിരുത്തിയത്. നിലവിലെ സ്ഥിതിവച്ചു നോക്കുമ്പോള്‍ ഈ തുക വളരെ പരിമിതമാണ്. ഔദ്യോഗിക കണക്കുകള്‍ പറയുന്നത് അടുത്ത നാലു വര്‍ഷത്തേക്ക് 1.8 ലക്ഷം കോടി വേണ്ടിവരുമെന്നാണ്.
സര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖയായി കണക്കാക്കപ്പെടുന്ന സാമ്പത്തികസര്‍വേ റിപ്പോര്‍ട്ടില്‍ ഇത് വിശദീകരിക്കുന്നുണ്ട്. ഹ്രസ്വകാലത്തേക്ക് രാജ്യത്തിന്റെ സമ്പദ്രംഗം അഭിമുഖീകരിക്കുന്ന, പ്രധാനവെല്ലുവിളികളായി അവതരിപ്പിച്ചിട്ടുള്ളത് രണ്ടു ബാലന്‍സ്ഷീറ്റുകളെപ്പറ്റിയുള്ള സന്ദേഹങ്ങളാണ്. ഒന്ന് പൊതുമേഖലാ ബാങ്കുകളുടേതും മറ്റേത് ചില മുന്‍നിര കമ്പനികളുടേതും.  സ്വകാര്യമേഖലയിലെ നിക്ഷേപത്തിനും സമ്പദ്രംഗത്തിന്റെ വീണ്ടെടുപ്പിനും വിഘാതമായി നില്‍ക്കുന്നവയാണ് ഈ രണ്ടു വെല്ലുവിളികളും.  ഉയര്‍ന്ന നിഷ്ക്രിയ ആസ്തി ബാങ്കുകളുടെ കടംനല്‍കല്‍ശേഷിയെ ബാധിക്കുമ്പോള്‍ അത് സാമ്പത്തികവളര്‍ച്ചയെയും ദോഷകരമായി ബാധിക്കും. 

കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് ഒരുലക്ഷത്തി പതിനാലായിരം കോടി രൂപയുടെ കിട്ടാക്കടമാണ് രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ചേര്‍ന്ന് എഴുതിത്തള്ളിയത്. ഇത്, അതിനുതൊട്ടുമുമ്പുളള ഒമ്പതുവര്‍ഷംകൊണ്ട് എഴുതിത്തള്ളിയതിലും അധികമാണ്.  ഇതില്‍ സിംഹഭാഗവും ഇവിടത്തെ ശതകോടീശ്വരന്മാരുടേതാണ്് എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത.  ഇത് വിരല്‍ചൂണ്ടുന്നതോ, പൊതുമേഖലാ ബാങ്കുകളുടെ  അണിയറയില്‍ നടമാടുന്ന സാമ്പത്തിക അസംബന്ധങ്ങളും ഭരണകൂട–രാഷ്ട്രീയ ഇടപെടലുകളിലേക്കുമാണ്. മുതലിന് പലിശ നല്‍കുകയെന്നതും മുതല്‍ തിരിച്ചടയ്ക്കുകയെന്നതും ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന  തത്വശാസ്ത്രം കൊണ്ടുനടക്കുന്നവരാണ് ഇവിടത്തെ ശതകോടീശ്വരന്മാരില്‍ ചിലരെങ്കിലും.  അതുകൊണ്ടുതന്നെ ഇവര്‍ക്ക് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  കടം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുന്ന കമ്പനികളുടെ  സ്ഥാപകര്‍ക്ക് എതിരെ സമയബന്ധിതമായി നടപടികള്‍ കൈകൊള്ളുകയാണു വേണ്ടത്.  ഇല്ലെങ്കില്‍ നഷ്ടം നികുതിദായകരായ നമ്മള്‍ ഓരോരുത്തര്‍ക്കുംതന്നെയാണ്.

ലേഖകന്‍ 
ജിയോജിത് ബിഎന്‍പി
പരിബ ഇന്‍വെസ്റ്റ്മെന്റ്
അഡ്വൈസറി വിഭാഗം
മേധാവിയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top