20 April Saturday

സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങളുടെ നികുതിബാധ്യത

ജോണ്‍ ലൂക്കോസ്Updated: Monday Feb 20, 2017

സഹകരണ സൊസൈറ്റികളിലെ നിക്ഷേപ പലിശയ്ക്കുള്ള നികുതിബാധ്യതകളെപ്പറ്റി ഒട്ടനവധി സംശയങ്ങള്‍ നിലവിലുണ്ട്. ആദായനികുതിനിയമം അനുസരിച്ച് സഹകരണ ബാങ്കുകളിലെയും, സൊസൈറ്റികളിലെയും നിക്ഷേപങ്ങള്‍ക്കുള്ള പലിശയ്ക്ക് നികുതി ബാധകമാണ്. നിക്ഷേപകന്റെ മറ്റു വരുമാനങ്ങളോടൊപ്പം നിക്ഷേപത്തിന്റെ പലിശകൂടി ചേര്‍ത്ത് മൊത്തവരുമാനത്തിനാണ് നികുതിബാധ്യത കണക്കാക്കുന്നത്. അതായത്, ശമ്പളം അഥവാ പെന്‍ഷന്‍, ബിസിനസ് വരുമാനം, വാടക, മൂലധനലാഭം തുടങ്ങി മറ്റു വരുമാനങ്ങള്‍ക്കൊപ്പം പലിശവരുമാനവുംകൂടി ചേര്‍ത്താണ് മൊത്തവരുമാനം കണക്കാക്കുന്നത്. ബാങ്കുകളിലെ പലിശയ്ക്ക് നികുതി ബാധകമാകുന്നതുപോലെതന്നെ സഹകരണ സൊസൈറ്റികളിലെയും സഹകരണ ബാങ്കുകളിലെയും നിക്ഷേപങ്ങള്‍ക്ക് നികുതിബാധ്യത ഉണ്ട്.

2015 ജൂണ്‍മുതല്‍ സഹകരണബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് സ്രോതസ്സില്‍തന്നെ നികുതി പിടിക്കാനുള്ള (ടിഡിഎസ്) നിയമം പ്രാബല്യത്തില്‍വന്നു. എന്നാല്‍ പ്രൈമറി അഗ്രികള്‍ചറല്‍ ക്രെഡിറ്റ് സൊസൈറ്റി, ഭൂപണയ ബാങ്ക്, ഭൂവികസന സഹകരണ ബാങ്ക് മുതലായ സ്ഥാപനങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് സ്രോതസ്സില്‍ നികുതി പിടിക്കേണ്ടതില്ല. സ്രോതസ്സില്‍ നികുതി പിടിച്ചാലും ഇല്ലെങ്കിലും നിക്ഷേപകന്‍ തന്റെ പലിശവരുമാനത്തിന് നികുതി കൊടുക്കുകതന്നെ വേണം. മറ്റു ബാങ്കുകളിലെ നിക്ഷേപങ്ങളെപ്പോലെത്തന്നെ സഹകരണബാങ്കുകള്‍ക്കും പലിശ 10,000 രൂപയിലധികമാണെങ്കില്‍ സ്രോതസ്സില്‍ നികുതി പിടിച്ചാല്‍ മതി. അതുപോലെ സഹകരണ ബാങ്കുകളിലെ സേവിങ്സ് ബാങ്ക് അക്കൌണ്ടില്‍ ലഭിക്കുന്ന പലിശയ്ക്ക് 10,000 രൂപവരെ ആദായനികുതിവകുപ്പ് 80 ടിടിഎച്ച് പ്രകാരം മൊത്തവരുമാനത്തില്‍നിന്ന് നികുതിദായകന് കിഴിവിന് അര്‍ഹതയുണ്ട്.

സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ ആദായനികുതി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ അതു ബോധ്യപ്പെടുത്താനുള്ള ബാധ്യത നിക്ഷേപകനുണ്ട്. പലപ്പോഴും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും, സ്ഥലം വിറ്റ തുകയുമൊക്കെയാവും സഹകരണ ബാങ്കുകളിലെ നിക്ഷേപത്തുക. മുന്‍വര്‍ഷങ്ങളിലെ നിക്ഷേപങ്ങള്‍ കാലാവധി തികഞ്ഞപ്പോള്‍ മുതലും പലിശയും കൂടി വീണ്ടും സ്ഥിരനിക്ഷേപമാക്കുന്നതും സാധാരണമാണ്. പലിശ ആദായനികുതി റിട്ടേണുകളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രസ്തുത തുകയുടെ വിനിയോഗം വെളിപ്പെടുത്താവുന്ന ഉറവിടമായി മാറുന്നു.

പതിനായിരം രൂപയിലധികം സ്ഥിരനിക്ഷേപ പലിശയ്ക്ക് സ്രോതസ്സില്‍ നികുതി (ടിഡിഎസ്) പിടിക്കേണ്ടതുണ്ടെങ്കിലും നിക്ഷേപകന്‍ തന്റെ മൊത്തവരുമാനം നികുതിവിധേയ വരുമാനത്തിനും താഴെയാണെങ്കില്‍ ഫോറം 15ജി പ്രകാരം സത്യവാങ്മൂലം നല്‍കിയാല്‍ ബാങ്കുകള്‍ക്ക് സ്രോതസ്സില്‍ നികുതി പിടിക്കേണ്ടതില്ല. എന്നാല്‍ ഇത്തരം സത്യവാങ്മൂലം നല്‍കുമ്പോള്‍ തന്റെ മൊത്തവരുമാനം നികുതിവിധേയ വരുമാനത്തിനുള്ളിലാണെന്ന് സത്യസന്ധമായി ബോധ്യപ്പെട്ടിരിക്കണം. തെറ്റായ സത്യവാങ്മൂലം നല്‍കിയാല്‍ ഭാവിയില്‍ കുഴപ്പങ്ങളുണ്ടാകാനുള്ള സാധ്യത വിവരസങ്കേതിക വളര്‍ച്ചായുഗത്തില്‍ വളരെയധികമാണ്.

മുതിര്‍ന്ന പൌരന്മാര്‍ (60 വയസ്സിനു മുകളിലുള്ളവര്‍) ഇത്തവണ സത്യവാങ്മൂലം നല്‍കേണ്ടത് ഫോറം 15ഒ-ല്‍ ആണ്. ഫോറം 15എയും  ഫോറം 15ഒ യും സ്വീകരിക്കുന്ന ബാങ്കിങ് സ്ഥാപനം ഇതിന്റെ വിവരങ്ങള്‍ ആദായനികുതിവകുപ്പിനെ അറിയിക്കുമെന്ന കാര്യം നിക്ഷേപകന്‍ അറിയണം. പെര്‍മനന്റ് അക്കൌണ്ട് നമ്പര്‍ നിര്‍ബന്ധമായും ബാങ്കുകള്‍ക്ക് നല്‍കാനും നിക്ഷേപകനു ബാധ്യതയുണ്ട്. ഫോണ്‍: 94470 58700
ലേഖകന്‍ കൊച്ചിയില്‍
ചാര്‍ട്ടേഡ് അക്കൌണ്ടന്റാണ്
 

പെന്‍ഷനും ഫാമിലിപെന്‍ഷനും
വ്യക്തികളുടെ ശമ്പളവരുമാനംപോലെത്തന്നെ നികുതിക്ക് വിധേയമാണ് പെന്‍ഷനും, ഫാമിലി പെന്‍ഷനും. പെന്‍ഷനും ഫാമിലി പെന്‍ഷനും ഉള്ളവര്‍ക്ക് പെന്‍ഷനോടൊപ്പം, ഫാമിലി പെന്‍ഷനുംകൂടി നികുതിബാധ്യത പരിശോധിക്കേണ്ടതാണ്.
ഫാമിലി പെന്‍ഷനില്‍നിന്ന് 33 1/3 ശതമാനമോ, 15,000 രൂപയോ, ഏതാണോ കുറവ് ആ തുകയ്ക്കുള്ള കിഴിവിന് അര്‍ഹതയുണ്ട്. ശമ്പളത്തിനോ ഫാമിലി പെന്‍ഷനോ മുന്‍കാലത്തെ കുടിശ്ശിക കിട്ടുകയാണെങ്കില്‍ തന്മൂലം നികുതിബാധ്യത അധികരിക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ആശ്വാസം നികുതിനിയമത്തിലുണ്ട് (സെക്ഷന്‍ 89).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top