18 April Thursday

ദമ്പതികള്‍ക്ക് ജോയിന്റ് ലൈഫ് ടേം പോളിസി അനുയോജ്യമോ?

കെ അരവിന്ദ്Updated: Sunday Nov 19, 2017

ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വേണ്ട ഇന്‍ഷുറന്‍സുകളിലൊന്നാന്നാണ് ടേം ഇന്‍ഷുറന്‍സ്. കുടുംബത്തിന്റെ വരുമാന സ്രോതസ്സായ വ്യക്തിക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികനില ദീര്‍ഘകാലത്തേക്ക് തുടര്‍ന്നും സംരക്ഷിക്കപ്പെടുക എന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത് ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജ് ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെയാണ്. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യംചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്.

സാധാരണനിലയില്‍ കുടുംബനാഥനാണ് ടേം പോളിസി എടുക്കേണ്ടത്. എന്നാല്‍ കാലം മാറിയതോടെ ജോലിചെയ്യുന്ന ദമ്പതികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും ഒരുപോലെ കുടുംബത്തിന്റെ വരുമാനസ്രോതസ്സുകളായി മാറുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതിനാല്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരുപോലെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാകുന്നു. ഇരുവര്‍ക്കും പ്രത്യേകമായി ടേം പോളിസി എടുക്കാവുന്നതാണ്. ജോലിചെയ്യുന്ന ദമ്പതികളെ ഉദ്ദേശിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ജോയിന്റ് ലൈഫ് പരിരക്ഷയുള്ള പോളിസികളും ഇറക്കിയിട്ടുണ്ട്.

ഇരട്ടവരുമാനമുള്ള കുടുംബങ്ങളെ സംബന്ധിച്ച് ഇരട്ട ടേം പരിരക്ഷ~ഒഴിവാക്കാനാകാത്തതാണ്. ജീവിതപങ്കാളികള്‍ രണ്ടുപേരും ഒരുപോലെ ജീവിതത്തിലെ ദൈനംദിന ചെലവുകള്‍ക്കുള്ള വരുമാനം ആര്‍ജിക്കുമ്പോള്‍ ഭവനവായ്പയും മറ്റും സംയുക്തമായി എടുക്കുകയും വായ്പാ തിരിച്ചടവുപോലുള്ള കാര്യങ്ങള്‍ ഇരുവരുടെയും കൂട്ടുത്തരവാദിത്തമാകുകയും ചെയ്യുമ്പോള്‍ ഇരുവര്‍ക്കും ഒരുപോലെ പരിരക്ഷ ആവശ്യമായിവരുന്നു. ജീവിതപങ്കാളികളില്‍ ആരുടെയെങ്കിലും ഒരാളുടെ മരണം വായ്പയുടെ തിരിച്ചടവുപോലുള്ള കാര്യങ്ങളെ ബാധിക്കുമെന്നിരിക്കെ ഇരുവര്‍ക്കും തീര്‍ച്ചയായും പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.

ഒരു പോളിസിക്കു കീഴില്‍ രണ്ടുപേര്‍ക്ക് കവറേജ് നല്‍കുകയാണ് ജോയിന്റ് ലൈഫ് ഇന്‍ഷുറന്‍സ് ചെയ്യുന്നത്. ദമ്പതികളില്‍ രണ്ടുപേരുടെയും വരുമാനം കുടുംബത്തിന് പരമപ്രധാനമാകുമ്പോള്‍ ജീവിതപങ്കാളികളില്‍ ഒരാളുടെ മരണം കുടുംബത്തിന്റെ വരുമാനത്തെ ബാധിക്കാതിരിക്കാനാണ് ജോയിന്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. ചില ജോയിന്റ് ലൈഫ് പോളിസികളില്‍ നേരത്തെ നിശ്ചയിച്ചപ്രകാരമുള്ള സ്ഥിരവരുമാനം ഉറപ്പുനല്‍കുന്നു.
മിക്ക ജോയിന്റ് ലൈഫ് ടേം പോളിസികളും ജീവിതപങ്കാളികളില്‍ ഒരാള്‍ മരിക്കുകയാണെങ്കില്‍ സം അഷ്വേര്‍ഡ് ജീവിച്ചിരിക്കുന്ന പോളിസി ഉടമയ്ക്ക് നല്‍കുകയും അതോടെ പോളിസി അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അപൂര്‍വം ചില പോളിസികളില്‍ പോളിസി ഉടമകളില്‍ രണ്ടുപേരുടെയും മരണത്തിനുശേഷം സം അഷ്വേര്‍ഡ് നോമിനിക്ക് നല്‍കുന്ന രീതിയിലാണ് പരിരക്ഷ.

ചില പോളിസികള്‍ ചില അധികപരിരക്ഷകള്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഭാര്യാ‘ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മരിക്കുകയാണെങ്കില്‍ ഒരു നിശ്ചിത കാലയളവിലേക്ക് സ്ഥിരവരുമാനം നല്‍കുന്നു. ഡെത്ത് ബെനിഫിറ്റായി നല്‍കുന്ന തുകയ്ക്കു പുറമെയാണിത്. ചില പോളിസികളില്‍ മരണം അപകടംമൂലമാണെങ്കില്‍ അധികതുക ഡെത്ത് ബെനിഫിറ്റായി നല്‍കുന്നു.

ചില ജോയിന്റ് പോളിസികളില്‍ ഗുരുതരരോഗങ്ങള്‍ക്കുള്ള കവറേജ്കൂടി അധികമായി നല്‍കുന്നു. ഈ പോളിസികളുടെ പ്രീമിയത്തിന് ആദായനികുതിനിയമം സെക്ഷന്‍ 80 (സി), 10 (10 ഡി) എന്നിവപ്രകാരം നികുതി ഇളവ് ലഭിക്കുകയും ചെയ്യും.

ജോയിന്റ് ലൈഫ് ഇന്‍ഷുറന്‍സിനുള്ള ഗുണങ്ങള്‍ രണ്ടു പേര്‍ക്കും ഒന്നിച്ച് പരിരക്ഷ ലഭിക്കുന്നുവെന്നതാണ്. എന്നാല്‍ ഇത് രണ്ടുപേര്‍ക്കും പ്രത്യേകമായി ടേം പോളിസി എടുക്കുന്നതിനെക്കാള്‍ മെച്ചമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. രണ്ടുതരത്തിലുള്ള പോളിസികളുടെയും വ്യവസ്ഥകളും പ്രീമിയം ഇനത്തിലുള്ള ചെലവും നിങ്ങള്‍ക്ക് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടോയെന്നതും പരിഗണിച്ചു മാത്രമേ ഇക്കാര്യത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്താനാകൂ.
സാധാരണ ജോയിന്റ് ലൈഫ് പോളിസികളില്‍ ഒരു വ്യക്തിക്ക് മരണം സംഭവിച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക നല്‍കുകയുള്ളൂ. അത്തരം പോളിസികളുടെ പരിരക്ഷ അപര്യാപ്തമാണ്. ഉദാഹരണത്തിന് ദമ്പതികള്‍ ഒരു വാഹനാപകടത്തിലാണ് മരിക്കുന്നതെങ്കില്‍ നോമിനിക്ക് ലഭിക്കുന്നത് ഒരു വ്യക്തിയുടെ ഇന്‍ഷുറന്‍സ് തുക മാത്രമാകും. അതേസമയം ദമ്പതികള്‍ രണ്ടുപേരും തങ്ങളുടെ പേരില്‍ രണ്ട് വ്യത്യസ്ത പോളിസികളാണെടുക്കുന്നതെങ്കില്‍ രണ്ട് പോളിസികളിലെയും സം അഷ്വേര്‍ഡ് തുക നോമിനിക്ക് ലഭിക്കും.

ഇത്തരം പോളിസികളില്‍ ഒരാള്‍ക്ക് മരണം സംഭവിച്ചാല്‍ പോളിസി തുക നല്‍കുന്നതോടെ പോളിസി അവസാനിക്കുന്നു. ദമ്പതികളിലെ ജീവിച്ചിരിക്കുന്നയാള്‍ക്ക് അതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാകുന്നു. പ്രായമേറുമ്പോള്‍ ടേം പോളിസിയെടുക്കുന്നത് ചെലവേറിയ ഏര്‍പ്പാടാണ്. അപ്പോഴേക്കും രോഗങ്ങള്‍ പിടിപെടുകയാണെങ്കില്‍ പോളിസിയെടുക്കുക പ്രയാസകരമാകും.

ദമ്പതികള്‍ പിരിയുകയോ വിവാഹമോചനത്തിലേര്‍പ്പെടുകയോ ചെയ്യുകയാണെങ്കില്‍ ജോയിന്റ് പോളിസി വിഭജിക്കാനാകില്ല. അ ത്തരം സാഹചര്യങ്ങളില്‍ ഒരു പങ്കാളി തന്റെ പ്രീമിയം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ പ്രീമിയം മുഴുവനായി ഒരുമിച്ച് അടയ്ക്കാന്‍ മറ്റേയാള്‍ നിര്‍ബന്ധിതനാകും.
ചില കമ്പനികളുടെ ജോയിന്റ് ടേം പോളിസി എടുക്കുമ്പോള്‍ രണ്ടുപേരും പ്രത്യേകമായി പോളിസി എടുക്കുന്നതിനെക്കാള്‍ ചെലവ് കുറവാണ്. ജോയിന്റ് ടേം പോളിസിയുടെ പ്രീമിയത്തെക്കാള്‍ ഉയര്‍ന്നതാണ് രണ്ടുപേര്‍ എടുക്കുന്ന വ്യത്യസ്ത പോളിസികളുടെ പ്രീമിയം. പക്ഷേ പ്രീമിയം മാത്രം പരിഗണിച്ച് എങ്ങനെയുള്ള പോളിസിയെടുക്കണമെന്നതുസംബന്ധിച്ച് തീരുമാനമെടുക്കാനാകില്ല. നമുക്ക് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടോയെന്നതാണ് പ്രധാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top