25 April Thursday

നെഞ്ചിടിപ്പേറ്റി സ്വര്‍ണം; ഉത്സവപ്രതീക്ഷയില്‍ വെളിച്ചെണ്ണ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കേരളത്തിൽ പവൻ സർവകാല റെക്കോർഡ്‌ വിലയിലാണ്‌. ആഭരണവിപണിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാം സ്വർണം 3,500 രൂപയിലെത്തി, ഇതോടെ പവൻ 28,000 രൂപയായി. വില അടിക്കടി ഉയരുന്നത്‌ വിവാഹ പാർടികളുടെ നെഞ്ചിടിപ്പ്‌ വർധിപ്പിക്കുകയാണ്‌. സ്വർണ വിപണിയുടെ കുതിപ്പുകണ്ട്‌ പകച്ച ആഭരണപ്രേമികൾ താൽക്കാലികമായി പിന്നോക്കം വലിഞ്ഞത്‌ പല വ്യാപാര കേന്ദ്രങ്ങളിലും മരവിപ്പ്‌ ഉളവാക്കി. അതേസമയം, മുൻകൂർ ബുക്കിങ്‌ സൗകര്യമൊരുക്കി ഉപയോക്‌താക്കൾക്ക്‌ ആശ്വാസം പകരാൻ പല ആഭരണകേന്ദ്രങ്ങളും തയ്യാറായി രംഗത്തുണ്ട്‌.

അന്താരാഷ്ട്ര വിപണിയിൽ  സ്വർണം പിന്നിട്ട 70 ദിവസത്തിനിടയിൽ ഔൺസിന്‌ 200 ഡോളർ ഉയർന്ന്‌ 1,545 ഡോളറിലെത്തിയശേഷം വാരാന്ത്യം 1,512 ഡോളറിലാണ്‌. സ്വർണത്തിന്റെ ചലനങ്ങൾ സാങ്കേതികമായി വിലയിരുത്തിയാൽ വരും മാസങ്ങളിൽ 1,424 ഡോളറിലെ സപ്പോർട്ട്‌ നിലനിർത്തി  1,565‐1,622 ഡോളർവരെ മുന്നേറാം. 

നാളികേര വിപണി ഉണർന്നു

ചിങ്ങം പിറന്നതോടെ ഉത്സവങ്ങളുടെ ദിനങ്ങളാണ്‌ മുന്നിലുള്ളത്‌. ഇനി ഓണം വരെയുള്ള കാലയളവിൽ എണ്ണ വിൽപ്പന ഉയരുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ വ്യാപാരികളും കൊപ്രയാട്ട്‌ മില്ലുകാരും. അനുകൂല അവസരം നേട്ടമാക്കാൻ വിൽപ്പനക്കാർ മൊത്തവില നിത്യേന ഉയർത്തിയാണ്‌ വെളിച്ചെണ്ണ ഇറക്കുന്നത്‌. അതിന്‌ അനുസൃതമായി കൊപ്രയും മുന്നേറി. പോയവാരം കൊപ്രയ്‌ക്ക്‌ 145 രൂപ ഉയർന്ന്‌ 9,785 രൂപയിലും വെളിച്ചെണ്ണ 14,600 ലുമാണ്‌.

റബറിനെ മാന്ദ്യം പിടിച്ചു

കനത്തമഴമൂലം റബർ ടാപ്പിങ്‌ പുർണമായി സ്‌തംഭിച്ചിട്ടും വില ഉയർത്തി ഷീറ്റ്‌ സംഭരിക്കാൻ വ്യവസായികൾ തയ്യാറായില്ല. മാസമധ്യം പുതിയ ഷീറ്റ്‌ ഇറക്കാനാവുമെന്ന ഉൽപ്പാദകരുടെ കണക്കുകൂട്ടലുകൾ ഇതിനിടയിൽ തെറ്റി. പുതിയ സാഹചര്യത്തിൽ ഷീറ്റ്‌ വിൽപ്പനയ്‌ക്ക്‌ എത്താൻ സെപ്‌തംബർവരെ കാത്തിരിക്കണ്ട സ്ഥിതിയാണ്‌. കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ വിൽപ്പനക്കാരില്ലെങ്കിലും വില ഉയർത്താൻ വാങ്ങലുകാർ തയ്യാറായില്ല. നാലാം ​ഗ്രേഡ് കിലോ 144 രൂപയിലും അഞ്ചാം ഗ്രേഡ്‌ 142 രൂപയിലുമാണ്‌.

ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ ഒമ്പതുമാസത്തിലെ താഴ്‌ന്ന റേഞ്ചിലേക്ക്‌ നീങ്ങിയത്‌ മുഖ്യ ഉൽപ്പാദന രാജ്യങ്ങളിൽ റബർവിലയിൽ ഇടിവുണ്ടാക്കി. ബാങ്കോക്കിൽ റബർവില ക്വിന്റലിന്‌ 10,741 രൂപയിലാണ്‌. ആഗോള സാമ്പത്തികമാന്ദ്യം കണക്കിലെടുത്താൽ പെടുന്നനെ ശക്തമായി ഒരു തിരിച്ചുവരവ്‌ രാജ്യാന്തര വിപണിയിൽ പ്രതീക്ഷിക്കാനാവില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top