27 April Saturday

മഴക്കെടുതി: തോട്ടംമേഖലയിലെ നഷ്ടം 400 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

കൊച്ചി > കനത്ത കാറ്റും മഴയും കാരണം തോട്ടം മേഖലയിലും പ്രതിസന്ധി രൂക്ഷം. വിള നാശത്തിനു പുറമേ തേയില, റബർ, കാപ്പി, ഏലം, കുരുമുളക്   ചെടികളും വ്യാപകമായി നശിച്ചു. 400 കോടിയോളം രൂപയുടെ നഷ്ടമാണ‌് കണക്കാക്കിയിട്ടുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന തോട്ടം മേഖലയെ ഇത‌് ഗുരുതരമായി ബാധിക്കും.

തേയില കൃഷിയിൽ 31 ലക്ഷം കിലോയോളം ഉൽപ്പാദന നഷ്ടമുണ്ടായതായി അസോസിയേഷൻ ഓഫ‌് പ്ലാന്റേഴ‌്സ‌് കേരളയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 37 കോടി രൂപയുടെ നാശനഷ്ടം കർഷകർക്കുണ്ടാകും.  തുടർച്ചയായ മഴമൂലം  തൊഴിലവസരങ്ങളും  കാര്യമായി നഷ്ടമായിട്ടുണ്ട‌്. ജൂൺ ‐ ജൂലൈ മാസങ്ങളിൽ കഴിഞ്ഞവർഷത്തേക്കാൾ ഏകദേശം 30 ‐ 35 ശതമാനം വരെ ഉൽപ്പാദന നഷ്ടമുണ്ടാകുമെന്ന‌് കണക്കാക്കപ്പെടുന്നു. 

തേയിലയുടെ വിലത്തകർച്ചയും പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ലേല കേന്ദ്രത്തിൽ ഒരു കിലോ തേയിലയ്ക്ക് ലഭിച്ചിരുന്ന ശരാശരി വില   128 രൂപയായിരുന്നു. ഇത‌്  118 രൂപയായി കുറഞ്ഞു. റബറിന്റെ വിലത്തകർച്ച കാരണം ചെറുകിട   കർഷകർ   മഴക്കാല സംരക്ഷണോപാധികൾ ഏർപ്പെടുത്തിയിരുന്നില്ല. ജൂൺ ‐ ജൂലൈ മാസങ്ങളിൽ 40 ‐ 45 ശതമാനം വരെ ഉൽപ്പാദന നഷ്ടമുണ്ടാകുമെന്നാണ‌് കരുതുന്നത‌്. കഴിഞ്ഞ വർഷം ഇതേ കാലത്ത‌് ഒരു കിലോ റബറിന് 136 രൂപയായിരുന്നു. ഈ വർഷം ഉൽപ്പാദനം കുറഞ്ഞിട്ടും  124 രൂപ മാത്രമാണ‌് ലഭിക്കുന്നത‌്.

ഇടുക്കിയിലെ ഉടുമ്പൻചോല, വണ്ടൻമേട്, കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിലെ ഏലം കർഷകരും കാലവർഷക്കെടുതിയുടെ ഇരകളാണ‌്.  ഉൽപ്പാദനക്ഷമമായ 30 ശതമാനത്തോളം ചെടികൾ കാറ്റിലും മഴയിലും  നശിച്ചു. ഒപ്പം  മഴ അഴുകൽ രോഗവും   പടർന്നുപിടിക്കുന്നുമുണ്ട്. ഏകദേശം 35 ശതമാനം വരെ വിള നാശനഷ്ടമാണ് കണക്കാക്കുന്നത്. 150 ‐ 170 കോടി രൂപയോളം വരുമിത‌്.

  8‐ 10 ശതമാനം  ഉൽപ്പാദന നഷ്ടമാണ് കാപ്പി കൃഷിയിൽ കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടം  വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ‌്. ഈ മേഖലയിൽ 60‐ 70 കോടി രൂപയുടെ നഷ്ടമാണ‌് കണക്കാക്കുന്നത‌്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top