25 April Thursday

റിയല്‍ എസ്റ്റേറ്റ് നിക്ഷേപം അറിയേണ്ട കാര്യങ്ങള്‍

പി ജി സുജUpdated: Sunday Jun 19, 2016

ഭൂമി, വീട് എന്നിവയൊക്കെ വില്‍ക്കാന്‍പോകുന്നു എന്നു കേട്ടാല്‍ മലയാളിയുടെ മനസ്സിലൊരു ചാഞ്ചാട്ടമാണ്. നല്ല രീതിയില്‍ നിക്ഷേപം നടത്തിയാല്‍ എക്കാലവും മൂല്യമുള്ള നിക്ഷേപ മാര്‍ഗമാണ് ഇത്. ഭൂമി വാങ്ങിയിട്ടാല്‍ ഭാവിയില്‍ വില വര്‍ധിക്കുമെന്നു കരുതുന്നവര്‍ നിരവധിയാണ്.

എന്നാല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനൊരുങ്ങുംമുമ്പ് കൃത്യമായ തയ്യാറെടുപ്പ് വേണം. ആദ്യം ചെയ്യേണ്ടത് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുകയ്ക്കുതക്ക മൂല്യമുള്ള പദ്ധതിതന്നെയാണോ ഇതിനായി തെരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുകയാണ്. പലപ്പോഴും പദ്ധതികളെപ്പറ്റി നല്‍കുന്നത് പാലിക്കാന്‍കഴിയാത്ത മോഹനവാഗ്ദാനങ്ങളാകും. അതുകൊണ്ട് അത്തരം വലയങ്ങളില്‍ പെട്ടുപോകാതെ തികച്ചും യാഥാര്‍ഥ്യബോധത്തോടുകൂടി മാത്രമേ സമീപിക്കാവു.

പദ്ധതി, ബില്‍ഡര്‍ എന്നിവയുടെ വിശ്വാസ്യത കൃത്യമായി പരിശോധിക്കണം. അവരുടെ മുന്‍കാല പദ്ധതികള്‍ വാങ്ങിയവരുടെ അനുഭവങ്ങള്‍, നിയമപരമായ കാര്യങ്ങളില്‍ അവര്‍ വാക്കുപാലിക്കുന്നവരാണോ, ബാങ്കിന്റെ അനുമതിയുണ്ടോ, ഏതെങ്കിലും റേറ്റിങ് ലഭിച്ചിട്ടുണ്ടോ എന്നൊക്കെ അറിയണം. പദ്ധതികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനു സഹായിക്കുന്ന കാര്യമാണ് ഇത്തരം റേറ്റിങ്. കെട്ടിടങ്ങള്‍, പ്രത്യേകിച്ച് ഫ്ളാറ്റ്, വില്ല പോലുള്ളവ വാങ്ങുമ്പോള്‍ ഗുണനിലവാരം താരതമ്യപ്പെടുത്തുന്നതിന് ഇത്തരം റേറ്റിങ് സഹായിക്കും. ക്രിസില്‍പോലുള്ള റേറ്റിങ് ഏജന്‍സികള്‍ പദ്ധതിയുടെ സാങ്കേതികകാര്യങ്ങളിലുള്‍പ്പെടെയുള്ള നിലവാരം, ബില്‍ഡറുടെ ആത്മാര്‍ഥത, നിയമപരമായ കാര്യങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയശേഷമാകും ഇത്തരത്തില്‍ റേറ്റിങ് നല്‍കുന്നത്. ഇത്തരത്തില്‍ ഏകദേശം 50 ഓളം കാര്യങ്ങള്‍ ബില്‍ഡറുടെ അടുത്തുനിന്നു ചോദിച്ചറിയുന്നത് അഭികാമ്യമാകും. പിന്നീട് തലവേദന ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നത് പല ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകും. കൂടുതല്‍ വില കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ പല ഘടകങ്ങള്‍ വിലയിരുത്തണം. എന്നാല്‍ ജീവിക്കാനൊരിടം എന്നു കരുതുന്നവര്‍ ജോലി സ്ഥലത്തിനടുത്തോ, മക്കളുടെ സ്കൂളിനടുത്തോ, ആശുപത്രി, ആരാധനാലയങ്ങള്‍ എന്നിവയുടെ അടുത്തോ ഒക്കെ വാങ്ങാനാണ് താല്‍പ്പര്യപ്പെടുന്നത്.

നിക്ഷേപം ലക്ഷ്യമിടുന്നവര്‍  വികസനസാധ്യതയുള്ള ഇടങ്ങളില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. കാരണം പദ്ധതി പൂര്‍ത്തിയായി വരുമ്പോഴേക്ക് അവിടം വികസിച്ചിട്ടുണ്ടാകുമെന്നതിനാല്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ബില്‍ഡര്‍, പദ്ധതി, ലൊക്കേഷന്‍ ഇവയൊക്കെ നല്ലതാണെങ്കില്‍ പലപ്പോഴും റിയല്‍ എസ്റ്റേറ്റിലുള്ള നിക്ഷേപം 4–5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടിയാകുന്ന പ്രവണത കാണാറുണ്ട.്

വീട്, അപ്പാര്‍ട്ട്മെന്റ് എന്നിവയൊക്കെ കാലപ്പഴക്കം ചെല്ലുമ്പോള്‍ വിലയുടെ വര്‍ധനയില്‍ കുറവുവരാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ അവ ഇടിച്ചുകളഞ്ഞ് പുതിയവ പണിയാനുള്ള സാധ്യത വില ഭാവിയില്‍ ഉയരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top