16 April Tuesday

ദേശീയ പെന്‍ഷന്‍പദ്ധതിക്ക് പോരായ്മകളേറെ

സഞ്ജീവ് കുമാര്‍ ഗോപാലകൃഷ്ണന്‍Updated: Sunday Jun 19, 2016

രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് ജീവിതസായാഹ്നത്തില്‍ അല്ലലില്ലാതെ ജീവിക്കാനാകുന്ന സാമ്പത്തിക സുരക്ഷിതത്വം. അതാണ് കേന്ദ്രസര്‍ക്കാരിന്റെ എന്‍പിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ പെന്‍ഷന്‍ സ്കീം അഥവാ ദേശീയ പെന്‍ഷന്‍പദ്ധതി വിഭാവനംചെയ്യുന്നത്.

എന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്നത്ര ആദായകരമാണോ ഈ പദ്ധതി എന്ന വിലയിരുത്തല്‍ വേണ്ടത്ര ഉണ്ടായിട്ടില്ല.  സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തിന്റെ ഒരുവിഹിതം ജീവിതസായാഹ്നത്തിലേക്കു നീക്കിവയ്ക്കുക എന്ന സങ്കല്‍പ്പമാണ് എന്‍പി എസ് വിഭാവനംചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചത്. എന്നാല്‍ അവസാനം കൈയില്‍ കിട്ടുന്ന തുക കുറവാണെന്നു മാത്രമല്ല, ഭാവിയില്‍ പെന്‍ഷന്‍ വര്‍ധനയുമില്ല എന്ന പോരായ്മയുമുണ്ട്.

എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുക സുദീര്‍ഘമായ കാലയളവിലേക്കാണ്. 60 വയസ്സിനുശേഷം മാത്രമേ  ഈ നിക്ഷേപത്തില്‍നിന്ന് ഭാഗികമായെങ്കിലും പിന്‍വലിക്കാനാകൂ. 60 വയസ്സു കഴിഞ്ഞാല്‍തന്നെയും നിക്ഷേപത്തിന്റെ 60 ശതമാനം മാത്രമേ പിന്‍വലിക്കാന്‍കഴിയൂ. ഇവിടെ 40 ശതമാനത്തിനേ നികുതിയിളവ് ലഭിക്കൂ എന്ന പ്രശ്നവുമുണ്ട്.
അതേസമയം രാജ്യത്തെ മിക്ക നിക്ഷേപങ്ങളും നിക്ഷേപകന് അനുയോജ്യമായ കാലയളവില്‍ പിന്‍വലിക്കാനാകുന്നവിധത്തില്‍ തയ്യാറാക്കിയതാണ്. പ്രത്യേകിച്ചും ഓഹരി അധിഷ്ഠിത സമ്പാദ്യപദ്ധതികള്‍ ഇത്തരത്തില്‍ പെടുന്നതാണ്്. മൂന്നുവര്‍ഷം കഴിയുമ്പോള്‍ ഇവ ആവശ്യമെങ്കില്‍ പിന്‍വലിക്കാം. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഏഴുവര്‍ഷം കഴിയുമ്പോഴും, പബ്ളിക് പ്രോവിഡന്റ് ഫണ്ട്  പദ്ധതികള്‍ 15 വര്‍ഷം കഴിയുമ്പോഴും പിന്‍വലിക്കാനാകും.

ഇവയ്ക്കൊക്കെ നികുതി ഇളവിന്റെ ആനുകൂല്യവുമുണ്ട്. ബാങ്കുകളുടെ അഞ്ചുവര്‍ഷ സ്ഥിരനിക്ഷേപ പദ്ധതികള്‍ക്കും നികുതി ആനുകൂല്യം ലഭിക്കും. ഇത്തരം പദ്ധതികള്‍ പലതുണ്ട് നിക്ഷേപിക്കാനായി എന്നിരിക്കെ എത്ര ചെറുപ്പത്തില്‍എന്‍പിഎസില്‍ നിക്ഷേപിച്ചാലും പിന്നെ  60 വയസ്സുവരെ പിന്‍വലിക്കാനാകാത്തവിധം നികുതി ആനുകൂല്യംപോലുമില്ലാതെ നിക്ഷേപിക്കേണ്ടിവരുന്നത്.

ഇതില്‍നിന്നു ലഭിക്കുന്ന വരുമാനമാകട്ടെ ബാങ്ക് പലിശയെക്കാള്‍ അല്‍പ്പം കൂടി മെച്ചമാണെന്നു മാത്രമേയുള്ളു. അതായത് ജീവിതച്ചെലവ് വര്‍ധിക്കുന്നതിനനുസ രിച്ച്  എന്‍പിഎസ് നിക്ഷേപത്തി ല്‍നിന്ന് വരുമാനവര്‍ധന ലഭിക്കുന്നില്ല. ഇപ്പോഴത്തെ നിലയ്ക്കനുസരിച്ച് നിക്ഷേപം നടത്തിയാലും 20 വര്‍ഷം കഴിയുമ്പോള്‍ അത് എത്ര ലാഭകരമാകും എന്നതുസംബന്ധിച്ച് കൃത്യമായ ധാരണയില്ല. തന്നെയുമല്ല, മാറിവരുന്ന സര്‍ക്കാരുകള്‍ ഈ പദ്ധതിയുടെ കാര്യത്തില്‍ എന്തു തീരുമാനമാകും എടുക്കുകയെന്ന കാര്യത്തിലും തീര്‍ച്ചയില്ല. ഇത് മറിച്ചു നിക്ഷേപിക്കാനോ, ഈടുവച്ച് വായ്പയെടുക്കാനോ ഒന്നും സാധ്യമല്ല.

മറ്റൊരു പ്രധാന പ്രശ്നം ഈ പദ്ധതി കാലാവധി കഴിയുമ്പോള്‍ എല്‍ഐസിയുടെ ജീവന്‍ അക്ഷയ്പോലെയുള്ള ഏതെങ്കിലും ആനുവിറ്റി പദ്ധതി നിക്ഷേപകന്‍ വാങ്ങണം. പലിശനിരക്കു കുറവാണെന്നതു മാത്രമല്ല, വലിയതോതിലുള്ള  ആനുവിറ്റി  ലഭിക്കുകയുമില്ല.
സാധാരണ പെന്‍ഷനുകളു ടെ മറ്റ് ആനുകൂല്യങ്ങളൊന്നും ഇതിനില്ല. പെന്‍ഷന്‍ വര്‍ധനയും  ബാധകമല്ല. ഇപ്പോള്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഇതിന്റെ പരിധിയില്‍ വരുന്നതിനാല്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരിക്കേണ്ടതുണ്ട്്.

എന്‍പിഎസ് പ്രധാനമായും ഓഹരികളിലാണ് നിക്ഷേപിക്കുന്നതെങ്കിലും ഇതിലൂടെ ഓഹരിയില്‍നിന്നുള്ള നേട്ടമുണ്ടാക്കാനും സാധ്യത കുറവാണ്.  റിസ്ക് കുറയ്ക്കാന്‍ കൈക്കൊള്ളുന്ന ശ്രമങ്ങള്‍ വരുമാനസാധ്യത കുറയാന്‍ കാരണമാകുകയും ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ക്ക് പെന്‍ഷന്റെ ആനുകൂല്യം ലഭിക്കുന്നു എന്നതു മാത്രമാണ് ഇവിടെ ചൂണ്ടിക്കാട്ടാവുന്ന ഒരേയൊരു കാര്യം.

സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ളാനറായ ലേഖകന്‍ പ്രോഗ്നോ അഡ്വൈസര്‍ ഡോട്ട്കോമിന്റെ സ്ഥാപകനാണ്.


എന്താണ്  എന്‍പിഎസ്?
ജീവിതാവസാനത്തില്‍ കൃത്യമായ വരുമാനമില്ലാതാകുമ്പോള്‍ സാമ്പത്തികസുരക്ഷ ഉറപ്പാക്കുകയാണ് ദേശീയ പെന്‍ഷന്‍പദ്ധതിയുടെ ലക്ഷ്യം. വരുമാനമുള്ള നാളുകളില്‍  അതില്‍നിന്നൊരു വിഹിതം ഭാവിലേക്കായി നിക്ഷേപിച്ച് കൃത്യമായ ഇടവേളകളില്‍ ആനുവിറ്റി പദ്ധതിയിലൂടെ പെന്‍ഷനായി ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2003ലാണ് കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) രൂപീകരിച്ച്  ഈ പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ പുതുതായി ജോലിയില്‍ ചേരുന്ന സര്‍ക്കാര്‍ജീവനക്കാര്‍ മാത്രമായിരുന്നു പദ്ധതിയിലെങ്കില്‍ ഇപ്പോള്‍ എല്ലാ ജീവനക്കാര്‍ക്കും ബാധകമാണിത്. 2009 മുതല്‍ സാധാരണക്കാര്‍ക്കും സ്വമേധയാ ചേരാനുള്ള അവസരം ലഭ്യമാക്കി. ഇതു പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍  നിശ്ചിത തുക വിഹിതമായി അടയ്ക്കുന്നു. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ എന്‍പിഎസ് അക്കൌണ്ട് തുടങ്ങാനാകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top