25 April Thursday

അവസാന ദിവസങ്ങളില്‍ ആദായനികുതി ആസൂത്രണം

ജെ കെUpdated: Sunday Mar 19, 2017

2017 മാര്‍ച്ച് 31 വരെ നടത്തുന്ന നിക്ഷേപങ്ങള്‍ക്കാണ് 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇളവ് ലഭിക്കുക. നികുതി ആസൂത്രണംചെയ്യാന്‍ ഇനിയും ചുരുങ്ങിയത് രണ്ടാഴ്ചകൂടി നികുതിദായകര്‍ക്ക് ലഭിക്കും.  മനസ്സുവച്ചാല്‍ ഇതേവരെ ആദായനികുതി ആസൂത്രണംചെയ്തിട്ടില്ലാത്തവര്‍ക്കുപോലും നികുതി ലാഭിക്കാന്‍ ഇനിയും അവസരമുണ്ട്. അതിനായി ഇനിപറയുന്ന കാര്യങ്ങള്‍ ചെയ്യുക:

1. നികുതി നല്‍കേണ്ടിവരുന്ന നിങ്ങളുടെ വരുമാനം എത്രയെന്ന് കണ്ടുപിടിക്കുക.  ശമ്പളവരുമാനത്തില്‍നിന്നുള്ള നിങ്ങളുടെ വാര്‍ഷികനികുതിവിധേയ വരുമാനം എത്രയെന്നും കണ്ടുപിടിക്കുക.

2. ഇതിന്റെകൂടെ മറ്റ് മാര്‍ഗങ്ങളില്‍നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ അതും ചേര്‍ക്കണം.  നിങ്ങള്‍ക്കു ലഭിച്ച ബാങ്ക് സ്ഥിരനിക്ഷേപംപോലുള്ളവയില്‍നിന്നുള്ള പലിശവരുമാനം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ അത്, ഒരുവര്‍ഷം ലഭിച്ച ഡിവിഡന്റിന്റെ മൊത്തം മൂല്യം 10 ലക്ഷം രൂപ കവിയുകയാണെങ്കില്‍ അത്, ലോട്ടറി, പദപ്രശ്നം തുടങ്ങിയവയിലൂടെ ലഭിക്കുന്ന സമ്മാനം തുടങ്ങിയവയാണ് ഇക്കൂട്ടത്തില്‍ പെടുന്നത്.

3. ഇത്തരത്തിലുള്ള വരുമാനവുംകൂടി ചേര്‍ക്കുമ്പോള്‍ മൊത്തവരുമാനം എത്രയെന്ന് കണക്കാക്കുക. ഇതില്‍ രണ്ടരലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ട. ബാക്കിയുള്ള തുകയ്ക്കാണ് നികുതി നല്‍കേണ്ടത്. നികുതി നല്‍കേണ്ട വരുമാനത്തില്‍നിന്ന് സെക്ഷന്‍ 80സി, 80 സിസിസി, സെക്ഷന്‍ 80 സിസിഡി എന്നിവപ്രകാരമുള്ള ചെലവുകളും നിക്ഷേപങ്ങളും കുറയ്ക്കാം.

വകുപ്പ് 80സി പ്രകാരമുള്ള പ്രധാന കിഴിവ് ഇനി പറയുന്നതാണ്.

1. നികുതിദായകന്റെയും ജീവിതപങ്കാളിയുടെയും മക്കളുടെയും പേരിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം.

2. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിലേക്കുള്ള ജീവനക്കാരന്റെ അടവ്.

3. നികുതിദായകന്റെയും ജീവിതപങ്കാളിയുടെയും മക്കളുടെയും പേരിലുള്ള പബ്ളിക് പ്രോവിഡന്റ് ഫണ്ടിലേക്കുള്ള അടവ്
4. കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പിലൂടെ ആവിഷ്കരിക്കുന്ന പദ്ധതികളിലേക്കുള്ള അടവും വരുമാനത്തില്‍നിന്ന് കുറയ്ക്കാം.

5. നികുതിദായകന്റെയും ജീവിതപങ്കാളിയുടെയും മക്കളുടെയും പേരിലുള്ള യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ളാനിലേക്കുള്ള പ്രീമിയം അടവ് കിഴിവിന് അര്‍ഹമാണ്.

6. നാഷണല്‍ ഹൌസിങ് ബാങ്കിന്റെ പ്രത്യേകം നോട്ടിഫൈ ചെയ്ത ഡെപ്പോസിറ്റ് സ്കീമിലെ നിക്ഷേപം കിഴിവിന് അര്‍ഹമാണ്.

7. രണ്ട് മക്കളുടെ ട്യൂഷന്‍ഫീസ് കിഴിവിന് അര്‍ഹമാണ്.
8. ഇന്‍ഷുറന്‍സ് കമ്പനികളുടെ പെന്‍ഷന്‍ പ്ളാന്‍ (ആനുവിറ്റി പ്ളാന്‍) പോളിസികളുടെ പ്രീമിയം അടവ് കിഴിവിന് അര്‍ഹമാണ്.

9. സെക്ഷന്‍ 10 (23 ഡി) പ്രകാരം നോട്ടിഫൈ ചെയ്ത ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളായ ഇഎല്‍എസ്എസിലേക്കുള്ള നിക്ഷേപം കിഴിവിന് അര്‍ഹമാണ്.

10. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവിലേക്കുള്ള പ്രത്യേകം നോട്ടിഫൈചെയ്ത സ്ഥിരനിക്ഷേപം.

11. നബാര്‍ഡ് പുറത്തിറക്കിയ പ്രത്യേകം നോട്ടിഫൈചെയ്ത ബോണ്ടുകളിലെ നിക്ഷേപം കിഴിവിന് അര്‍ഹമാണ്.

12. മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള സമ്പാദ്യപദ്ധതിയിലെ നിക്ഷേപം.
13. പോസ്റ്റ് ഓഫീസുകളിലെ അഞ്ചുവര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് ചില വ്യവസ്ഥകള്‍ക്കുവിധേയമായി കിഴിവിന് അര്‍ഹമാണ്.

മറ്റ് കിഴിവുകള്‍ ഇനിപറയുന്നു. എല്‍ഐസി, മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുടെ ചില പെന്‍ഷന്‍ഫണ്ടുകളിലേക്കുള്ള അടവ് വകുപ്പ് 80 സിസിസി പ്രകാരം വരുമാനത്തില്‍നിന്ന് കിഴിക്കാം. പരമാവധി 1.5 ലക്ഷം രൂപവരെ ഇങ്ങനെ കിഴിവിന് അര്‍ഹതയുണ്ട്. ഈ വകുപ്പുപ്രകാരം കിഴിക്കുകയാണെങ്കില്‍ വകുപ്പ് 80സി പ്രകാരമുള്ള കിഴിവ് അനുവദിക്കില്ല. കേന്ദ്രഗവണ്‍മെന്റ് ആവിഷ്കരിച്ചിട്ടുള്ള പെന്‍ഷന്‍സ്കീമുകളിലേക്കുള്ള അടവ് വകുപ്പ് 80 സിസിഡി പ്രകാരം കിഴിവിന് അര്‍ഹമാണ്. വ്യവസ്ഥകള്‍ക്കു വിധേയമായി ശമ്പളത്തിന്റെ പരമാവധി 10 ശതമാനമാണ് കിഴിവിന് അര്‍ഹത. ശമ്പളവരുമാനക്കാരന്റെ മൊത്തം വരുമാനം കണക്കാക്കുമ്പോള്‍ തൊഴിലുടമയുടെ ഇത്തരം സ്കീമുകളിലേക്കുള്ള അടവുകൂടി കിഴിക്കാന്‍ അനുവദിക്കും. പക്ഷെ അപ്പോഴും തൊഴിലാളിയുടെ മൊത്തം ശമ്പളത്തിന്റെ 10 ശതമാനം എന്ന പരിധി ബാധകമാണ്. ഭവനവായ്പയിലെ മുതലിലേക്കുള്ള അടവുപോലുള്ള ചെലവുകളും ഇതില്‍ ഉള്‍പ്പെടും. നിങ്ങള്‍ ഭവനവായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവില്‍ വരുന്ന രണ്ടുലക്ഷം രൂപവരെയുള്ള പലിശ വരുമാനത്തില്‍നിന്ന് കുറയ്ക്കാം.

80സി, 80 സിസിസി, 80 സിസിഡി എന്നീ വകുപ്പുകള്‍പ്രകാരം 1.5 ലക്ഷം രൂപവരെയുള്ള നിശ്ചിത ചെലവുകളും നിക്ഷേപങ്ങളും വരുമാനത്തില്‍നിന്ന് കുറയ്ക്കാം. ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്, ടാക്സ് സേവിങ്സ് മ്യൂച്വല്‍ഫണ്ടിലെ നിക്ഷേപം, ടാക്സ് സേവര്‍ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ന്യൂ പെന്‍ഷന്‍ സ്കീമിലെ നിക്ഷേപം തുടങ്ങിയവ അടങ്ങിയതാണ് ഈ വകുപ്പുപ്രകാരമുള്ള നിക്ഷേപം.

ഇതിനുപുറമെ വകുപ്പ് 80, 80 സിസിഡി (1ബി) പ്രകാരം 50,000 രൂപ പുതിയ വിരമിക്കല്‍പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ അതിനും നികുതിയിളവ് കിട്ടും. വകുപ്പ് 90സിസിജി പ്രകാരം രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്സ് സ്കീമില്‍ 50,000 രൂപ നിക്ഷേപിച്ചാല്‍ പകുതി തുകയായ 25,000 രൂപ വരുമാനത്തില്‍നിന്ന് കുറയ്ക്കാം.

കുടുംബാംഗങ്ങള്‍ക്കൊ മാതാപിതാക്കള്‍ക്കൊ മെഡിക്ളെയിം ഇന്‍ഷുറന്‍സിന്റെ സംരക്ഷണം ഉറപ്പുവരുത്തിയാല്‍ പ്രീമിയമായി അടയ്്ക്കുന്ന 25,000 രൂപവരെ വരുമാനത്തില്‍നിന്ന് കുറയ്ക്കാം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top