19 April Friday

പാന്‍ ഉണ്ടെങ്കിലും പിടിവീഴും

പി ജി സുജUpdated: Tuesday Jan 19, 2016

വ്യക്തികള്‍ ചിലതരം ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രസ്തുത ഇടപാടുകളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ ആദായനികുതിവകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ഈ അറിയിപ്പിന്റെ തുടര്‍ച്ചയായാണ് വ്യക്തികള്‍ക്ക് നിനച്ചിരിക്കാത്ത സമയത്ത് ആദായനികുതി ഡയറക്ടറുടെ നോട്ടീസ് ലഭിക്കുന്നത്. താങ്കള്‍ ചില ഇടപാടുകള്‍ പാന്‍നമ്പര്‍ നല്‍കാതെ നടത്തിയിട്ടുണ്ടെന്നും അതിന്റെ വിവരങ്ങള്‍ നല്‍കണമെന്നുമാകും നോട്ടീസില്‍ ഉണ്ടാവുക. എന്താണ് താന്‍ നടത്തിയ ഇടപാട് എന്നറിയാതെ നോട്ടീസ് ലഭിച്ചയാള്‍ ആശങ്കപ്പെടും. ആദായനികുതിവകുപ്പിന് ഇത്തരം അറിയിപ്പുകള്‍ ലഭിക്കുന്ന സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്നറിയുന്നതു നല്ലതാണ്.

ഒരു സാമ്പത്തികവര്‍ഷം ബാങ്കിന്റെ സേവിങ്സ് ബാങ്ക് അക്കൌണ്ട്വഴി ഒരുവ്യക്തി 10 ലക്ഷം രൂപയിലധികം ഒരുപ്രാവശ്യമായോ, പലപ്രാവശ്യമായോ, നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ബാങ്ക് ആദായനികുതിവകുപ്പിനെ അറിയിക്കാന്‍ ബാധ്യസ്ഥമാണ്. അതുപോലെ 30 ലക്ഷം രൂപയിലധികമുള്ള ഭൂമി വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഭൂമി രജിസ്റ്റര്‍ചെയ്യുന്ന രജിസ്ട്രാര്‍ ആദായനികുതിവകുപ്പിനെ അറിയിക്കും. രണ്ടുലക്ഷത്തില്‍ കൂടുതല്‍ രൂപ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിച്ചാല്‍, രണ്ടുലക്ഷം രൂപയിലധികം ക്രെഡിറ്റ് കാര്‍ഡ്വഴി വിനിയോഗിച്ചാല്‍, അഞ്ചുലക്ഷം രൂപയിലധികം കമ്പനി ബോണ്ടുകളിലോ, ഡിബഞ്ചറുകളിലോ നിക്ഷേപിച്ചാല്‍.. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ അറിയിപ്പു ലഭിക്കും. പാന്‍ ഉണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഈ ഇടപാടുകള്‍ നികുതിവകുപ്പിനെ അറിയിക്കും.

താഴെപ്പറയുന്ന ഇടപാടുകള്‍ക്കു കൂടി ഈ വര്‍ഷംമുതല്‍ പാന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ജനുവരി ഒന്നുമുതല്‍ പാന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുകൂടാതെ രണ്ടു ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക്, അതു പണമായാലും കാര്‍ഡായാലും, സ്വര്‍ണം വാങ്ങുമ്പോള്‍ പാന്‍ നല്‍കിയില്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ പിടിവീഴും. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, മറ്റു പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള വാര്‍ഷിക ഇടപാട് അഞ്ചുലക്ഷത്തില്‍ കൂടുതലാണെങ്കിലും ലിസ്റ്റ്ചെയ്യാത്ത കമ്പനിയുടെ ഒരു ലക്ഷത്തിനുമുകളിലുള്ള ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും പാന്‍ നിര്‍ബന്ധമായും നല്‍കണം. ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ വാര്‍ഷികപ്രീമിയം 50,000ത്തിനു മുകളിലാണെങ്കിലും ഇത് ബാധകമാണ്. സഹകരണബാങ്ക് ഉള്‍പ്പെടെ എല്ലാത്തരം ബാങ്ക് അക്കൌണ്ടുകളും ആരംഭിക്കുമ്പോള്‍ പാന്‍ നല്‍കണം എന്നാല്‍, ജനധന്‍ യോജനയ്ക്ക് ഇതു ബാധകമല്ല.  10 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് ഭൂമി, കെട്ടിടം തുടങ്ങിയ ആസ്തികള്‍ സ്വന്തമാക്കുമ്പോഴും പാന്‍ നല്‍കേണ്ടതുണ്ട്. മുമ്പ് ഇത് അഞ്ചു ലക്ഷമായിരുന്നു. 50,000 രൂപയ്ക്കു മുകളില്‍ നിക്ഷേപം നടത്തുമ്പോഴും അത്രയും തുകയ്ക്ക് ഒറ്റദിവസം ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍ , ചെക്ക് ഇവയേതെങ്കിലും നല്‍കുമ്പോര്‍ പാന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ആദായനികുതിവകുപ്പില്‍നിന്ന് നേരത്തെ സൂചിപ്പിച്ച നോട്ടീസ് ലഭിച്ചവര്‍ തങ്ങള്‍ മുകളില്‍ പറഞ്ഞതില്‍ ഏത് ഇടപാടാണോ നടത്തിയത്, അതുമായി ബന്ധപ്പെട്ട തുകയുടെ സ്വഭാവം വെളിപ്പെടുത്തണം. നിക്ഷേപങ്ങളാണെങ്കില്‍ സ്രോതസ്സുകള്‍ വെളിപ്പെടുത്തേണ്ടിവരും. ബാങ്കുകളില്‍ ബിസിനസ്സംബന്ധമായ കറന്റ് അക്കൌണ്ട് തുറക്കുന്നതിനുപകരം എസ്ബി അക്കൌണ്ട്വഴി ബിസിനസ് ഇടപാടുകള്‍ നടത്താറുണ്ട്. തങ്ങള്‍ നടത്തുന്ന ക്രയവിക്രയങ്ങള്‍ ആരും അറിയില്ല എന്നുവിചാരിക്കുന്ന ഇത്തരക്കാര്‍ക്കാണ് നികുതിവകുപ്പിന്റെ കുടുക്കുകള്‍ വീഴുന്നത്. അവര്‍ നികുതി വിധേയമായ വരുമാനമുള്ളവരാണെങ്കില്‍ പലിശ സഹിതം നികുതി അടച്ച് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top