19 April Friday

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അറിയാനേറെ

പി ജി സുജUpdated: Sunday Jun 18, 2017

അസുഖങ്ങള്‍ ഏറിയതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാപകമാകുകയാണ്. മുമ്പ് മെഡിക്ളെയിം എന്ന പേരില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ പല രീതിയിലുള്ള, പല പേരുകളിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാണ്. ഇപ്പോള്‍ ചെറിയൊരു അസുഖം വന്ന് ആശുപത്രിയില്‍ പോയാല്‍തന്നെ എത്ര രൂപയാണ് ചെലവാകുന്നത്. സാധാരണക്കാര്‍ക്ക് ഇതു താങ്ങാനാവാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നതില്‍ രണ്ടുപക്ഷമുണ്ടാകില്ല. ഇവിടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രസക്തി ഏറുന്നത്.

  ഇത്തരം പോളിസികളെക്കുറിച്ചുള്ള പരാതികളും വര്‍ധിച്ചിട്ടുണ്ട്്. പലപ്പോഴും ഇന്‍ഷുറന്‍സ് എടുക്കുന്ന സമയത്ത് വേണ്ടത്ര ശ്രദ്ധ കാട്ടാത്തതാണ് ക്ളെയിമുകള്‍ വരുന്ന വേളയില്‍ വിനയാകുന്നത്.  പോളിസി എടുക്കുന്നവര്‍തന്നെ മുന്‍കരുതല്‍ എടുക്കുന്നതാണ്  നല്ലത്. ഏജന്റ പറയുന്നതുകേട്ടാണ് മിക്കവരും പോളിസി എടുക്കാറുള്ളത്്. അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണം. ഒപ്പംതന്നെ ഒഴിവാക്കിയിട്ടുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെയുളളവയെക്കുറിച്ച് വിശദമായി ചോദിച്ചറിയുകയും വേണം. എല്ല പോളിസികളുടെയും സവിഷേതകള്‍ ഒരുപോലെയായതിനാല്‍ ഗൂഗിളില്‍ കടന്ന് പല പോളിസികള്‍ താരതമ്യംചെയ്യുകയും മറ്റുള്ളവര്‍ നല്‍കിയ വിശകലനങ്ങള്‍  മനസ്സിലാക്കുകയും ചെയ്യാം. മൂന്നുമാസം പ്രായമുള്ള കുഞ്ഞുങ്ങള്‍മുതല്‍ 80 വയസ്സുവരെ ഉള്ളവര്‍ക്കാണ് സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭിക്കുക.

45 വയസ്സിനു മുകളിലുള്ളവര്‍ക്ക്  ആരോഗ്യ പരിശോധനകള്‍ക്കു ശേഷമാണ് ഈ പോളിസികള്‍ നല്‍കുക.  വ്യക്തിയുടെ പ്രായം, ആരോഗ്യനില, ജീവിതശൈലി എന്നിവയെല്ലാം പ്രീമിയം നിശ്ചയിക്കുമ്പോള്‍ പരിഗണിക്കാറുണ്ട്. എന്നാല്‍ ഇന്നു പല പോളിസികളിലും നിലവിലുള്ള രോഗങ്ങള്‍ക്കും കവറേജ് ലഭിക്കും. അതിനര്‍ഥം എല്ലാ രോഗങ്ങള്‍ക്കും കവറേജ് ലഭിക്കുമെന്നല്ല. നിരവധി നിബന്ധനകളുണ്ടാകും.  പോളിസി ലഭിക്കുമ്പോള്‍ അവയിലുള്ള നിബന്ധനകള്‍ ഇതിന്‍പ്രകാരംതന്നെയാണോ എന്നും പരിശോധിക്കണം. ഇവ പരിശോധിക്കാതെ ക്ളെയിം തേടുന്ന വേളയില്‍ പരാതി പറഞ്ഞാല്‍ പ്രയോജനമില്ല. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗംകൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്പ്രകാരമുള്ള കവറേജ് ലഭിക്കില്ല. കമ്പനികള്‍ ക്ളെയിം സെറ്റില്‍മെന്റ് എത്ര കാര്യക്ഷമമായും വേഗത്തിലും ചെയ്യുമെന്ന് അറിയുക.

സ്വന്തം ആവശ്യത്തിനിണങ്ങുന്ന പോളിസികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന്  പ്രസവാനുകൂല്യങ്ങള്‍ ലഭിക്കുന്ന പോളിസികള്‍ 20 വയസ്സില്‍ പോളിസിയെടുക്കുന്ന വനിതകള്‍ക്ക് അനുയോജ്യമാണെങ്കിലും 45 വയസ്സുകാര്‍ക്ക് ആവശ്യമില്ല. വിവിധ കമ്പനികള്‍ വ്യത്യസ്തമായ രോഗങ്ങള്‍ക്കാണ് കവറേജ് നല്‍കുന്നത്. വിവിധ പോളിസികള്‍ താരതമ്യംചെയ്ത് ഏറ്റവും കൂടുതല്‍ അസുഖങ്ങള്‍ക്ക് കവറേജ് നല്‍കുന്ന പോളിസി തെരഞ്ഞെടുക്കുന്നതാകും നല്ലത്. അര്‍ബുദം, ആദ്യത്തെ ഹൃദയാഘാതം, പരാലിസിസ്, കൊറോണറി ആര്‍ട്ടറി ബൈപാസ്, സ്ട്രോക്, കിഡ്നി പ്രവര്‍ത്തനരഹിതമാകല്‍ തുടങ്ങിയവയ്ക്കാണ് ക്രിട്ടിക്കല്‍ ഇല്‍നെസ് കവറേജ് ആരോഗ്യ പോളിസികള്‍വഴി ഇന്‍ഷുറന്‍സ് ലഭിക്കുക. ഈ രോഗങ്ങള്‍ കണ്ടെത്തിയാല്‍ ഇന്‍ഷുറന്‍സ് തുക മുഴുവനായി നല്‍കുകയാണ് സാധാരണയായി ഇത്തരം പോളിസികളുടെ  രീതി.

ഒരുവര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ കൃത്യമായി പുതുക്കുക. കാരണം നിശ്ചിത വര്‍ഷങ്ങള്‍ക്കുശേഷം മാത്രം കവറേജ് ലഭിക്കുന്ന വിഭാഗത്തിലുള്ള അര്‍ഹത ലഭിക്കണമെങ്കില്‍ പോളിസി കൃത്യമായി പുതുക്കണം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിപ്രകാരം കമ്പനി മാറുകയാണെങ്കിലും ഈ ആനൂകൂല്യങ്ങള്‍ ലഭിക്കും. പക്ഷേ, ഇതിനിടയിലും വിവിധ പോളിസികള്‍ക്കിടയില്‍ തുടര്‍ച്ച ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ആരോഗ്യ ഇന്‍ഷുറന്‍സ്പ്രകാരം മുറിവാടക ലഭിക്കുമെന്നു കരുതി കൂടുതല്‍ ചെലവേറിയ മുറികള്‍ അനാവശ്യമായി എടുക്കുന്ന പ്രവണതയുണ്ട്. ഇത് മറ്റുള്ള കുടുംബാംഗങ്ങള്‍ക്ക് ഭാവിയില്‍ വകയിരുത്തുന്ന തുക കുറയാന്‍ കാരണമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top