25 April Thursday

സ്മാര്‍ട്ട് ബാങ്കിങ് ഗ്രാമങ്ങളിലെത്തിക്കാന്‍ കേരള ഗ്രാമീണ്‍ ബാങ്ക്

പി ജി സുജUpdated: Sunday Jul 17, 2016

സംസ്ഥാന സര്‍ക്കാരിന് 15 ശതമാനം ഓഹരിപങ്കാളിത്തമുള്ള കേരള ഗ്രാമീണ്‍ ബാങ്ക് നടപ്പു സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നത്30,000 കോടി രൂപയുടെ ബിസിനസ്. സാങ്കേതികവിദ്യാ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കിയും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലേക്കും സേവനം വ്യാപിപ്പിച്ചും പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ തയ്യാറെടുക്കുകയാണെന്ന് ചെയര്‍മാന്‍  കെ എം ഷാജി പറഞ്ഞു. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്കെന്ന് അദ്ദേഹം പറഞ്ഞു.
   
സംസ്ഥാനത്ത് കേരള ഗ്രാമീണ്‍ ബാങ്കിന്റെ സാന്നിധ്യം എത്ര ശക്തമാണ്?

കേന്ദ്രസര്‍ക്കാര്‍, കനറ ബാങ്ക്, കേരള സര്‍ക്കാര്‍ എന്നിവയ്ക്ക് യഥാക്രമം 50:35:15 അനുപാതത്തില്‍ ഉടമസ്ഥതയുള്ളതാണ് ഈ ബാങ്ക്. കേരളത്തിലുടനീളം 595 ശാഖ, 10 റീജണല്‍ ഓഫീസ് ഉള്‍പ്പെടെ ശക്തമായ ബാങ്കിങ്ശൃംഖലയാണ് ഇന്ന് ബാങ്കിനുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം പുതുതായി 30 ശാഖ തുറന്നു. മുഴുവന്‍ ശാഖയിലും കോര്‍ബാങ്കിങ് സംവിധാനമുണ്ട്. ഉപയോക്താക്കള്‍ക്ക് അനായാസം ഇടപാടു നടത്തുന്നതിന് 270 എടിഎം സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാങ്കിന്റെ മൊത്തം ബിസിനസ് 25,000 കോടി രൂപ കവിഞ്ഞു. ലാഭം 72 കോടി രൂപയായി. കേരളത്തിലെ ബാങ്കുകളുടെ ശരാശരി വായ്പ–നിക്ഷേപ അനുപാതം 70 ശതമാനത്തില്‍ താഴെയാണെങ്കില്‍ ബാങ്കിന്റേത് 94 ശതമാനമാണ്. സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ സംസ്ഥാനത്തിനകത്തു തന്നെ വായ്പയായി വിതരണംചെയ്യാന്‍ സാധിച്ചു. പേരു സൂചിപ്പിക്കുംപോലെ ഗ്രാമീണമേഖലയുടെ മുന്നേറ്റം ലക്ഷ്യമിട്ട് സ്ഥാപിച്ച ഗ്രാമീണ്‍ ബാങ്ക് തുടക്കത്തില്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിങ്ങനെ രണ്ടു ബാങ്കായാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും 2013ല്‍ ഇവ ലയിച്ചാണ് കേരള ഗ്രാമീണ്‍ ബാങ്ക് ആരംഭിച്ചത്.

സാമൂഹ്യപ്രതിബദ്ധതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടല്ലോ?

ഗ്രാമീണ ഇന്ത്യയുടെ വികസനം ലക്ഷ്യമിട്ടാണ് ദേശീയതലത്തില്‍ ഗ്രാമീണ ബാങ്കുകള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ മൊത്തം വായ്പയുടെ 75 ശതമാനം മുന്‍ഗണനാമേഖലയില്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുമ്പോള്‍ ബാങ്ക് ഈ മേഖലയില്‍ 91 ശതമാനം വായ്പ വിതരണംചെയ്ത് മാതൃകയാകുന്നു. ബാങ്കിന്റെ മൊത്തം വായ്പയുടെ 59 ശതമാനം കാര്‍ഷികാവശ്യങ്ങള്‍ക്കാണ് നല്‍കിയത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത എല്ലാ കൃഷിക്കാര്‍ക്കും കേരള സര്‍ക്കാരിന്റെ കൃഷിവകുപ്പുമായി സഹകരിച്ച് അഗ്രി കാര്‍ഡുകള്‍ വിതരണംചെയ്യാനുള്ള സംവിധാനമുണ്ട്.

ഗ്രാമീണ ഭവനനിര്‍മാണത്തിന് 1,536 കോടി രൂപ നല്‍കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനായി 34,000ല്‍പ്പരം വിദ്യാര്‍ഥികള്‍ക്കായി 845 കോടി രൂപ വിദ്യാഭ്യാസ വായ്പ നല്‍കിയിട്ടുണ്ട്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഊര്‍ജിതമാക്കുന്നതിനായി 24,000 സ്വയംസഹായസംഘങ്ങള്‍ക്ക് വായ്പാസഹായം നല്‍കി. രണ്ടുലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കി. ചെറുകിടസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ബാങ്കിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സാങ്കേതികസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

സാങ്കേതികസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ബാങ്ക് മുന്‍ഗണന നല്‍കുന്നുണ്ട്. മൊബൈല്‍ ബാങ്കിങ്, മൊബൈല്‍ അലെര്‍ട്ട്,  ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് ഒക്ടോബറില്‍ തുടങ്ങും. ഇപ്പോള്‍ ടാബ്ലെറ്റ് ബാങ്കിങ്സൌകര്യം ലഭ്യമാണ്.  ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്ക് ഈ  സൌകര്യം ഏര്‍പ്പെടുത്തി ബാങ്കിങ്സാന്നിധ്യം ഇല്ലാത്തയിടങ്ങളിലേക്കും കടന്നുചെല്ലുകയാണ് ലക്ഷ്യം. അക്ഷയകേന്ദ്രങ്ങളുമായി സഹകരിച്ച് സംസ്ഥാനത്ത് 760 ബാങ്കിങ് കിയോസ്കുകള്‍ സ്ഥാപിച്ചുവരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നടപ്പാക്കിയ രാജ്യത്തെ ഏറ്റവും മികച്ച പ്രാദേശിക ഗ്രാമീണ ബാങ്കിന് കഉഞആഠ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലഭിച്ചു.

ഗ്രാമീണബാങ്കുകളുടെ മൂലധനപരിധി അഞ്ചുകോടി രൂപയില്‍നിന്ന് 2000 കോടി രൂപവരെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടല്ലോ. കൂടുതല്‍ മൂലധനസമാഹരണത്തിനൊരുങ്ങുന്നതെങ്ങനെയാണ്?

മൂലധനസമാഹരണത്തിനായി പല മാര്‍ഗങ്ങള്‍ നോക്കുന്നുണ്ട്. ഇതിനുള്ള സഹായംതേടി കേന്ദ്രസര്‍ക്കാരിനും സംസ്ഥാന ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയിട്ടുണ്ട്. ഇരുകൂട്ടരും അനുഭാവപൂര്‍ണമായ സമീപനമാണ് കാട്ടിയത്്. ആദ്യഘട്ടത്തില്‍ 500 കോടി രൂപ സമാഹരണമാണ് ലക്ഷ്യംവയ്ക്കുന്നത്്. ഇതു സമാഹരിക്കുന്നതിനായി ഓഹരിവിപണിയെ സമീപിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരളത്തിന്റെ സ്വന്തം  ബാങ്ക് എന്ന പുതിയ സര്‍ക്കാരിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഓഹരിപങ്കാളിത്തമുള്ള കേരള ഗ്രാമീണ്‍ ബാങ്കിനുള്ള സാധ്യതകളും അവതരിപ്പിച്ചിട്ടുണ്ട്.

ഗ്രാമങ്ങളില്‍ ബാങ്കിങ്സേവനം എത്തിക്കുന്നതിനായി 1976ലെ റീജണല്‍ റൂറല്‍ ബാങ്കിങ് ആക്ട് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയ ബാങ്കുകളാണ് ഗ്രാമീണ്‍ ബാങ്കുകള്‍.  കേരളത്തില്‍ കണ്ണൂര്‍ കേന്ദ്രമാക്കി നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും മലപ്പുറം കേന്ദ്രമാക്കി സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും പ്രവര്‍ത്തിച്ചിരുന്നത് 2013 ജൂലൈയില്‍ ലയിച്ച് കേരള ഗ്രാമീണ്‍ ബാങ്കായി മാറുകയായിരുന്നു. കനറ ബാങ്കിനാണ് നടത്തിപ്പുചുമതല. ആസ്ഥാനം മലപ്പുറമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top