24 April Wednesday

കുരുമുളകിനും റബറിനും നേട്ടം

കെ ബി ഉദയഭാനുUpdated: Sunday Jul 17, 2016

കൊച്ചി > ആഭ്യന്തര വ്യാപാരികളും ഉത്തരേന്ത്യന്‍ കറിമസാല വ്യവസായികളും കുരുമുളകിനായി വീണ്ടും ടെര്‍മിനല്‍ മാര്‍ക്കറ്റില്‍. ടയര്‍കമ്പനികളുടെ സാന്നിധ്യം റബര്‍ഷീറ്റ് വില ഉയര്‍ത്തി. നാളികേരോല്‍പ്പന്നങ്ങള്‍ ഒരേ നിലവാരത്തില്‍. സംസ്ഥാനത്ത് സ്വര്‍ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കുരുമുളകിന് വീണ്ടും ആവശ്യക്കാരെത്തി. എതാണ്ട് ഒരുമാസമായി തളര്‍ച്ചയില്‍ നീങ്ങിയ വിപണിയില്‍ പുതിയ വാങ്ങലുകാര്‍ എത്തിയത് വിലക്കയറ്റത്തിനും വഴിതെളിച്ചു. ടെര്‍മിനല്‍ മാര്‍ക്കറ്റിലേക്കുള്ള നിത്യേനയുള്ള മുളകുവരവ് 10 ടണ്ണില്‍ ഒരുങ്ങി. ലഭ്യത ചുരുങ്ങിയതിനാല്‍ വില ഉയര്‍ത്തിയാണ് അവര്‍ ചരക്കെടുത്തത്. കറിമസാല വ്യവസായികളും പൌഡര്‍ യുണിറ്റുകളും ഉത്സവാവശ്യങ്ങള്‍ക്കുവേണ്ട ചരക്കുസംഭരണം നടത്തിയത് പിന്നിട്ടവാരം ഉല്‍പ്പന്നവില ക്വിന്റലിന് 500 രൂപ ഉയര്‍ത്തി.

വിദേശവ്യാപാര രംഗത്തെ മാന്ദ്യം തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ മലബാര്‍ മുളകുവില ഉയര്‍ന്ന റേഞ്ചില്‍ നീങ്ങുന്നതിനാല്‍ ഇറക്കുമതിക്കാരില്‍നിന്ന് അന്വേഷണങ്ങളില്ല. യൂറോപ്യന്‍ ഷിപ്മെന്റിന് 11,000 ഡോളറും ന്യൂയോര്‍ക്ക് കയറ്റുമതിക്ക് ടണ്ണിന് 11,250 ഡോളറുമാണ്. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് 69,500 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 72,500 രൂപയും ക്ളോസിങ് നടന്നു.

ടയര്‍നിര്‍മാതാക്കള്‍ കൊച്ചി, കോട്ടയം വിപണികളില്‍ കാണിച്ച താല്‍പ്പര്യം വാരാവസാനം ഷീറ്റ്വില ഉയര്‍ത്തി. ആര്‍എസ്എസ് നാലാം ഗ്രേഡ് ഷീറ്റ്വില 13,900ല്‍നിന്ന് 14,100ലേക്കു കയറി. അഞ്ചാം ഗ്രേഡ് 13,600ലും ഒട്ടുപാല്‍ 8800 രൂപയിലും വ്യാപാരം അവസാനിച്ചു. ലാറ്റക്സ് 9200ല്‍നിന്ന് 9000 രൂപയായി. കാലാവസ്ഥ അനുകുലമായതിനാല്‍ ഉല്‍പ്പാദകര്‍ ടാപ്പിങ്ങിന് താല്‍പ്പര്യം കാണിച്ചു. ലാറ്റക്സ് വരവ് മുന്‍മാസങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതിനിടയിലാണ് വ്യവസായികള്‍ നിരക്കു കുറച്ചത്. രാജ്യാന്തരവിപണിയില്‍ റബര്‍ വില രണ്ടുശതമാനം ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും റബറിന് കരുത്തായി. 

നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ വെളിച്ചെണ്ണ, കൊപ്ര വിലകള്‍ സ്റ്റെഡി. അതേസമയം പച്ചത്തേങ്ങ സംഭരണവില ഉയര്‍ത്തിയത് വിലത്തകര്‍ച്ചയില്‍നിന്ന് വിപണിയെ താങ്ങിനിര്‍ത്താന്‍ ഉപകരിച്ചു.

കേരളത്തില്‍ സ്വര്‍ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 22,760 രൂപയിലാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഒരു ഗ്രാമിന്റെ വില 2845 രൂപ.  ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ ട്രോയ് ഔണ്‍സിന് 1365 ഡോളറില്‍നിന്ന് 1337ലേക്ക് താഴ്ന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top