26 April Friday

മഞ്ഞലോഹം തിളങ്ങി, ഏലംവില താഴ്ന്നു, കുരുമുളകുവില കയറി

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ആഗോളവിപണിയിൽ ഉടലെടുത്ത നിക്ഷപതാൽപ്പര്യം ഇന്ത്യയിലും സ്വർണത്തിന്റെ തിളക്കം വർധിപ്പിച്ചു. സംസ്ഥാനത്ത്‌ ശനിയാഴ്‌ച പവൻ സർവകാല റെക്കോഡായ 30,480ൽ വിപണനം നടന്നു. ആഭരണവിപണികളിൽ പവൻ 30,280 രൂപയിലാണ്‌ പോയവാരം ഇടപാടുകൾക്ക്‌ തുടക്കംകുറിച്ചത്‌. വെള്ളിയാഴ്‌ച 30,320 രൂപയിൽ വ്യാപാരം നടന്ന പവൻ ശനിയാഴ്‌ച 160 രൂപ ഉയർന്ന്‌ 30,400ലെ മുൻ റെക്കോഡ്‌ തകർത്ത്‌ 30,480ലേക്ക്‌ കയറി. ഇതോടെ ഒരു ഗ്രാം സ്വർണവില 3810 രൂപയായി.

ന്യൂയോർക്കിൽ സ്വർണം ട്രോയ്‌ ഔൺസിന്‌ 1570 ഡോളറിൽനിന്ന്‌ 1586ലേക്ക്‌ ഉയർന്നു. ചൈനയിലെ വൈറസ്‌ ബാധ വിനിമയവിപണികളിൽ ആശങ്കപരത്തിയതോടെ സ്വർണത്തിൽ ഫണ്ടുകൾ താൽപ്പര്യം കാണിച്ചു. യൂറോയിലും ജാപ്പനീസ്‌ നാണയമായ യെന്നിലും സ്വർണം റെക്കോഡ്‌ വിലയിലെത്തി. ജനുവരിയിൽ രേഖപ്പെടുത്തിയ 1595 ഡോളറിലെ തടസ്സം മറികടക്കുകയാകും ഈ വാരം രാജ്യാന്തര മഞ്ഞലോഹ വിപണിയുടെ ആദ്യശ്രമം.

കുരുമുളകുവില കയറി
അന്താരാഷ്ട്ര കുരുമുളകുവിപണിയിൽ മുഖ്യ ഇറക്കുമതി രാജ്യങ്ങൾ കാര്യമായ താൽപ്പര്യം കാണിച്ചില്ല. ബയ്യർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്‌ ഇന്ത്യയും ബ്രസീലും. ബ്രസീൽ ടണ്ണിന്‌ 2000 ഡോളറിന്‌ ക്വട്ടേഷൻ ഇറക്കി. ഇന്ത്യൻ നിരക്ക്‌ 4700‐4900 ഡോളറാണ്‌. ദക്ഷിണേന്ത്യയിൽ കുരുമുളക്‌ വിളവെടുപ്പ്‌ പുരോഗമിച്ചെങ്കിലും ലഭ്യത ചുരുങ്ങിയതിനാൽ വാങ്ങലുകാർ നിരക്ക്‌ ഉയർത്തി. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ 31,000 രൂപയിൽനിന്ന്‌ 31,700ലേക്ക്‌ കയറി.

ഏലത്തിൽ നിരാശ
ഉൽപ്പാദനമേഖലകളിൽനിന്ന് ലേലകേന്ദ്രങ്ങളിലേക്കുള്ള ഏലയ്ക്കവരവ്‌ കുറഞ്ഞിട്ടും നിരക്ക്‌ താഴ്‌ന്നത്‌ സ്‌റ്റോക്കിസ്‌റ്റുകളെ നിരാശപ്പെടുത്തി. വരൾച്ച രൂക്ഷമായതോടെ ഉൽപ്പാദകർ തോട്ടങ്ങളിൽനിന്ന്‌ പിൻവലിഞ്ഞു. പിന്നിട്ട വാരം പല അവസരത്തിലും ലേലത്തിനുള്ള ഏലയ്ക്കവരവ്‌ 25 ടണ്ണിൽ ഒതുങ്ങിയെങ്കിലും വില കുറഞ്ഞു. ഫെബ്രുവരി ആദ്യവാരം കിലോ 4000‐4400 റേഞ്ചിൽ നീങ്ങിയ ഏലയ്ക്ക പിന്നിട്ട വാരം 3700 വരെ താഴ്‌ന്നു. ആഭ്യന്തരവ്യാപാരികളും കയറ്റുമതിക്കാരും ചരക്കിനായി രംഗത്തുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top