20 April Saturday

രോ​ഗീപരിചരണത്തിൽ വേറിട്ട ശൈലിയുമായി കിൻഡർ ഗ്രൂപ്പ് കേരളത്തിലേക്ക്

കെ പി വേണുUpdated: Tuesday Oct 16, 2018

സിംഗപ്പൂരിൽ പ്രവർത്തിക്കുന്ന കിൻഡർ ഗ്രൂപ്പ് കേരളത്തിൽ  പുതിയ ആശുപത്രികൾ തുടങ്ങുന്നു. ഏഴുവർഷംമുമ്പ്  ചേർത്തലയിൽ ആരംഭിച്ച സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കിൻഡർ സാമൂഹ്യ ഇടപെടലുകളിലൂടെ ജനപ്രിയമായതിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ ആശുപത്രികൾക്ക് തുടക്കമിടുന്നത്.

വ്യത്യസ്തമായ പ്രവർത്തനരീതിയിലൂടെ കേരളത്തിൽ ചുവടുറപ്പിക്കുകയാണ് ലക്ഷ്യം. മറ്റൊരു സ്വകാര്യ ആശുപത്രിയും ഇടപെട്ടിട്ടില്ലാത്ത രീതിയിൽ പൊതുസമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് സഹായം അർഹിക്കുന്നവരെ നേരിട്ട് കണ്ടെത്തുക; മികച്ച ചികിത്സ നൽകി അവരുടെ വിശ്വാസം മൂലധനമാക്കി പ്രവർത്തിക്കുക. ഇതാണ് കിൻഡർ കേരളത്തിൽ നടപ്പാക്കുന്ന മാതൃക.കളമശേരിയിലെ പത്തടിപ്പാലത്ത് രണ്ടാഴ്ചമുമ്പ് പുതിയ യൂണിറ്റ് ആരംഭിച്ചു. ഇടത്തരക്കാരെയും താഴ്ന്നവരുമാനക്കാരെയും ആകർഷിക്കുന്ന പദ്ധതികളുമായാണ് തുടക്കം.

തൃശൂരിൽ സ്വന്തമായ കെട്ടിടങ്ങളോടെ പുതിയ ആശുപത്രിസമുച്ചയം പണിയാനുള്ള നീക്കമുണ്ട്. ബംഗളൂരുവിലും കെട്ടിടനിർമാണം പുരോഗമിക്കുന്നു. ഏപ്രിലോടെ പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം.

ശിശുരോഗചികിത്സയ‌്ക്ക് മുൻതൂക്കം നൽകുന്നതിനാലാണ് കിൻഡർ എന്ന പേര് സ്വീകരിച്ചത്.  മലയാളിയായ ഡോ. വി കെ പ്രദീപ് കുമാർ, ഡോ. ശിവ എന്നിവർ ഡയറക്ടർമാരായാണ് 1999ൽ കിൻഡറിന് സിംഗപ്പൂരിൽ തുടക്കമിട്ടത്. ഇതിനകം സിംഗപ്പൂരിലെ ഏറ്റവും വലിയ പീഡിയാട്രിക് യൂണിറ്റായി ഇത് വളർന്നു. നിലവിൽ കിൻഡറിന്റേതായി ഏഴ‌് ആശുപത്രികൾ സിംഗപ്പൂരിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ. പ്രദീപാണ് കിൻഡർ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ. അനുരാഗ് അഗർവാൾ, എ പ്രവീൺകുമാർ എന്നിവർ ഡയറക്ടർമാരാണ്.  ഇന്ത്യയിലെ ആശുപത്രികളുടെ മാനേജിങ് ഡയറക്ടറായി പ്രവീൺകുമാർ പ്രവർത്തിക്കുന്നു.

2011ൽ തുടങ്ങിയ ചേർത്തലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സാമൂഹ്യ ഇടപെടലുകളിലൂടെ ജനപ്രിയമായതായി പ്രവീൺകുമാർ പറഞ്ഞു. താഴ്ന്നവരുമാനക്കാർക്കുകൂടി ആശ്രയിക്കാൻ കഴിയുന്നതരത്തിലേക്ക് ആശുപത്രിയെ മാറ്റിയെടുക്കുകയായിരുന്നു. നിസ്സാര വരുമാനക്കാർക്ക് തവണവ്യവസ്ഥയിൽ ചികിത്സ നേടാനുള്ള അവസരമുണ്ടാക്കി.  22,000 രൂപയ‌്ക്ക് ഗർഭധാരണംമുതൽ പ്രസവംവരെയുള്ള എല്ലാ ആശുപത്രിച്ചെലവുകളും വാഗ്ദാനം ചെയ്യുന്ന പദ്ധതി ചേർത്തലയിൽ കിൻഡറിനെ ജനപ്രിയമാക്കി. ഇത് 5000ത്തിന്റെ രണ്ടുതവണകളും 12,000ത്തിന്റെ ഒരു തവണയുമായി അടയ‌്ക്കാൻ സൗകര്യവുമൊരുക്കി. നിത്യക്കൂലിക്കാർക്കും തൊഴിലാളികൾക്കും ഇത് ഏറെ ആശ്വാസമായി. ആശുപത്രികളുടെ നിർബന്ധത്തിന് വഴങ്ങിയുള്ള അനാവശ്യ സിസേറിയനുകളും ആവശ്യമില്ലാത്ത പരിശോധനകളും ഇതുവഴി ഒഴിവാക്കാനായി. ഇപ്പോൾ തുക 24,900 ആയി ഉയർത്തിയിട്ടുണ്ട്.

കിൻഡർ ഗ്രൂപ്പ്  ചെയർമാൻ ഡോ. വി കെ പ്രദീപ് കുമാറും   ഇന്ത്യ എംഡി  എ പ്രവീൺകുമാറും

കിൻഡർ ഗ്രൂപ്പ് ചെയർമാൻ ഡോ. വി കെ പ്രദീപ് കുമാറും ഇന്ത്യ എംഡി എ പ്രവീൺകുമാറും

സാമ്പത്തികശേഷിയില്ലാത്തതിനാൽ ചെലവ‌് കൂടിയ ചികിത്സ തേടാൻ കഴിയാത്ത സ്ത്രീകളും കുട്ടികളും വാർഡ് കൗൺസിലർ, പഞ്ചായത്ത് മുനിസിപ്പാലിറ്റി അധ്യക്ഷന്മാർ എന്നിവരുടെ സാക്ഷ്യപത്രവുമായി എത്തിയാൽ ഓപ്പറേഷൻ ഉൾപ്പെടെയുള്ള സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും കൗമാരക്കാരായ പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം തുടങ്ങിയവ നടത്തന്നു. ആലപ്പുഴയിലെയും കായംകുളത്തെയും ജനറൽ ആശുപത്രികളിൽ മുലയൂട്ടൽ കിയോസ്കുകൾ സ്ഥാപിച്ച് നൽകി. തണ്ണീർമുക്കം പഞ്ചായത്തിലെ 26 അങ്കണവാടികളും ഏറ്റെടുത്ത് കുട്ടികളുടെ ആരോഗ്യവും മാനസികോല്ലാസവും ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.

ഗ്രൂപ്പിന്റെ കാരുണ്യപ്രവർത്തനങ്ങൾക്കുള്ള ഫണ്ടും വ്യവസായി യൂസഫലിയുടെ വിഹിതവും ചേർത്ത് രണ്ടുകോടിയുടെ ചികിത്സ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി. കേരളത്തിലെ സൗജന്യ ചികിത്സാ പദ്ധതികൾക്കായി സിംഗപ്പൂരിലെ കിൻഡർ ഗ്രൂപ്പ് നിശ്ചിത തുക എല്ലാ വർഷവും നീക്കിവയ‌്ക്കുന്നുണ്ട്. സാധാരണക്കാർക്ക് ഇത് തങ്ങളുടെ ആശുപത്രിയാണെന്ന ബോധ്യമുണ്ടാക്കിയതുവഴിയാണ് ചേർത്തലയിലെ കിൻഡർ വിജയമായതെന്ന്‌ പ്രവീൺകുമാർ കൂട്ടിച്ചേർത്തു.

കിൻഡറിൽ ഒരു കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞിന്റെ വീട്ടിലെത്തി ആശുപത്രിയിലെ വളന്റിയർമാർ ഒരു വൃക്ഷത്തൈ നട്ടുനൽകുന്ന പദ്ധതിയുണ്ട്. അത് നശിച്ചുപോകാതെ വീട്ടുകാർ നോക്കി സംരക്ഷിക്കുമെന്നത് ഉറപ്പാണ്. 2016–17, 2017–18 വർഷങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡുകൾ ചേർത്തല കിൻഡറിനായിരുന്നു.

ചേർത്തലയിലെ വിജയം മാതൃകയാക്കി കളമശേരിയിലെ ആശുപത്രി പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം. ചേർത്തലയിലേത് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയാണെങ്കിൽ, കളമശേരിയിൽ മൾട്ടി സ്പെഷ്യാലിറ്റിയാണ്.  20,000 ചതുരശ്ര അടിയിൽ ഗർഭിണികൾക്കായി ആശുപത്രി ബ്ലോക്ക് പ്രത്യേകമായി ഒരുക്കും. പത്തടിപ്പാലത്ത് നേരത്തെ കിംസ്  ഉണ്ടായിരുന്ന കെട്ടിടത്തിലാണ് കിൻഡർ പ്രവർത്തനമാരംഭിച്ചത്.പ്രവർത്തനം ആരംഭിച്ചതോടെ  പ്രളയബാധിതരായ സ്ത്രീകളുടെ സൗജന്യചികിത്സ പ്രഖ്യാപിച്ചുകഴിഞ്ഞു. 

മികച്ച സേവനവും കുറഞ്ഞ നിരക്കിലുള്ള കൺസൽട്ടിങ് ചാർജ്, പരിശോധനാ ചെലവുകൾ, മുറിവാടക എന്നിവയും ഉറപ്പുനൽകിയാൽ കേരളത്തിലെ രോഗികളെ ആകർഷിക്കാനാകുമെന്ന ഉറപ്പുണ്ട്. മധ്യവർഗ താൽപ്പര്യക്കാരായ മലയാളിയുടെ സ്വകാര്യ ആശുപത്രി ചികിത്സയോടുള്ള ആഭിമുഖ്യം അവർക്കുകൂടി സ്വീകാര്യമായ വ്യവസ്ഥകളൊരുക്കി ആകർഷിക്കുന്ന തന്ത്രങ്ങളാണ് കേരളത്തിലെ കിൻഡർ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top