27 April Saturday

ലൈഫ് ഇന്‍ഷുറന്‍സ് ക്ളെയിം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കെ അരവിന്ദ്Updated: Monday Oct 16, 2017

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും പരിരക്ഷ എടുത്ത വ്യക്തിയും തമ്മിലുള്ള കരാറാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി. ഇന്‍ഷുര്‍ചെയ്ത വ്യക്തിക്ക് പോളിസി കാലയളവിനിടെ മരണം സംഭവിച്ചാല്‍ നേരത്തെ നിശ്ചയിച്ച ഇന്‍ഷുറന്‍സ് തുക നോമിനിക്ക് നല്‍കുമെന്നതാണ് കരാറിന്റെ അന്തസ്സത്ത. നിങ്ങള്‍ ജോലി ചെയ്ത് ഉണ്ടാക്കുന്ന വരുമാനം നിങ്ങളുടെ ഉറ്റവരുടെ ആശ്രയമാണെങ്കില്‍ അവരുടെ ജീവിതസുരക്ഷയ്ക്കായി ലൈഫ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുക്കണം.

ലൈഫ് ഇന്‍ഷുറന്‍സ് ഏറ്റവും ചെലവുകുറഞ്ഞ നിലയില്‍ ചെയ്യുന്നതിനുള്ള മാര്‍ഗമാണ് ടേം പോളിസികള്‍. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യംചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്.  പോളിസി കാലയളവില്‍ മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് സം അഷ്വേ ര്‍ഡ് തുക ഈ പോളിസി നല്‍കുന്നു. മരണം സംഭവിക്കുന്നില്ലെങ്കില്‍ ഒന്നും തിരികെലഭിക്കില്ല.
ഇന്‍ഷുറന്‍സ് ക്ളെയിം നല്‍കുന്നത് എങ്ങനെയെന്ന് പോളിസി ഉടമകള്‍ മനസ്സിലാക്കണം. ഇതേക്കുറിച്ച് നോമിനിയെയോ മറ്റ് ഉറ്റബന്ധുക്കളെയോ ബോധ്യപ്പെടുത്തുകയും ചെയ്യണം.

ക്ളെയിം ഉന്നയിക്കുന്നതിന് ക്ളെയിം ഫോം പൂരിപ്പിച്ച് ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിക്കുകയാണ് നോമിനി ചെയ്യേണ്ടത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്സൈറ്റില്‍നിന്ന് ഫോം ഡൌണ്‍ലോഡ് ചെയ്യാനാകും. അല്ലെങ്കില്‍ ഏജന്റില്‍നിന്നോ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍നിന്നോ ലഭ്യമാകും. ക്ളെയിം ഫോമില്‍ പോളിസി നമ്പര്‍, പോളിസി ഉടമയ്ക്ക് മരണം സംഭവിച്ച തീയതിയും സമയവും, മരണകാരണം, നോമിനിയുടെ പേര്, നോമിനിയുടെ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍, പോളിസി ഉടമയുടെ കൈവശമുള്ള മറ്റ് പോളിസികളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം.

പോളിസി രേഖ, പോളിസി ഉടമയുടെ മരണസര്‍ട്ടിഫിക്കറ്റ്, രോഗംമൂലമാണ് മരണമെങ്കില്‍ മെഡിക്കല്‍ ഡെത്ത് സമ്മറി തുടങ്ങിയവ സമര്‍പ്പിക്കണം. മരണം അപകടംമൂലമാണെങ്കില്‍ പ്രാഥമികവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍), പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നീ രേഖകളും ആവശ്യമാണ്. നോമിനി തന്റെ കെവൈസി (കസ്റ്റമറെ അറിയുക) വിവരങ്ങളും നല്‍കണം.

ദുരന്തങ്ങള്‍മൂലമാണ് മരണം സംഭവിക്കുന്നതെങ്കില്‍ ഇത്തരം രേഖകള്‍ സമര്‍പ്പിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി നിര്‍ബന്ധം പിടിക്കാനിടയില്ല. സര്‍ക്കാരില്‍നിന്നോആശുപത്രിയില്‍നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നോയുള്ള മരണം സ്ഥിരീകരിക്കുന്ന രേഖ മതി.
ചട്ടം അനുസരിച്ച് എല്ലാ മതിയായ രേഖകളും ലഭിച്ചശേഷം 30 ദിവസത്തിനുള്ളില്‍ ക്ളെയിം തീര്‍പ്പാക്കണം. ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് നോമിനിയോട് ഇന്‍ഷുറന്‍സ് കമ്പനിക്ക് ആവശ്യപ്പെടാം. അക്കാര്യം സംബന്ധിക്കുന്ന രേഖ നല്‍കാനും ആവശ്യപ്പെടാവുന്നതാണ്.

ക്ളെയിം നിഷേധിക്കുമോ?


ക്ളെയിം ഫോമില്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയാണെന്ന് നോമിനി ഉറപ്പുവരുത്തേണ്ടതുണ്ട്. മൂന്നുവര്‍ഷം പിന്നിട്ട എല്ലാ പോളിസികളിലും ക്ളെയിം നിര്‍ബന്ധമായും അനുവദിക്കണ മെന്നാണ് ചട്ടം. പക്ഷേ മൂന്നുവര്‍ഷം പൂര്‍ത്തിയാകാത്ത പോളിസികളിലുള്ള ക്ളെയിമുകളില്‍ ഇന്‍ഷുറന്‍സ് കമ്പനി സൂക്ഷ്മപരിശോധന നടത്താറുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ളെയിം നിഷേധിക്കാവുന്നതാണ്. അതിനാല്‍ ആവശ്യമായ എല്ലാ വിവരങ്ങളും ശരിയായിത്തന്നെ നല്‍കാനും രേഖകള്‍ യഥാവിധം സമര്‍പ്പിക്കാനും നോമിനി ശ്രദ്ധിക്കണം.

ഇന്‍ഷുറന്‍സ് കമ്പനികള്‍ ടേം പോളിസികളുടെ ക്ളെയിം തീര്‍പ്പാക്കുന്നതുസംബന്ധിച്ച് പല സംശയങ്ങളും സാധാരണക്കാര്‍ക്കുണ്ട്. അതിലൊന്നാണ് സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ളെയിം നിഷേധിക്കുമോയെന്ന ആശങ്ക. പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയാണ് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ ഭീമനെന്നിരിക്കെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയെടുത്താല്‍ ക്ളെയിം നിഷേധിക്കപ്പെടുമോയെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്.

കമ്പനിക്ക് ലഭിച്ച മൊത്തം ക്ളെയിമുകളുടെ എത്ര ശതമാനം നോമിനിക്ക് അനുവദിച്ചുവെന്നാണ് ക്ളെയിം സെറ്റില്‍മെന്റ് അനുപാതം വ്യക്തമാക്കുന്നത്. ക്ളെയിം സെറ്റില്‍മെന്റ് അനുപാതത്തില്‍ മുന്നില്‍നില്‍ക്കുന്നത് എല്‍ഐസിയാണെങ്കിലും സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും ഉയര്‍ന്ന ക്ളെയിം സെറ്റില്‍മെന്റ് അനുപാതം നിലനിര്‍ത്തുന്നുണ്ട്്. 10 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 90 ശതമാനത്തിനു മുകളില്‍ ക്ളെയിം സെറ്റില്‍മെന്റ് അനുപാതം ഉണ്ടാകണമെന്നത് കമ്പനികളുടെ ക്ളെയിം അനുവദിക്കുന്നതിലെ വിശ്വാസ്യതയുടെ മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍ഐസിയെ കൂടാതെ നിലവില്‍ 10 സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 90 ശതമാനത്തിനു മുകളില്‍ ക്ളെയിം സെറ്റില്‍മെന്റ് റേഷ്യോ നിലനിര്‍ത്തുന്നു.
 പോളിസി കാലയളവ് മൂന്നുവര്‍ഷം പിന്നിട്ടാല്‍ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചതിന്റെ പേരില്‍ ക്ളെയിം നിഷേധിക്കാനാകില്ല. പുതിയ കമ്പനികളെ സംബന്ധിച്ച് മൂന്നുവര്‍ഷം പിന്നിടാത്ത പോളിസികളിന്മേലുള്ള ക്ളെയിമുകള്‍ ആനുപാതികമായി കൂടുതലാകാന്‍ സാധ്യതയുണ്ട്. ഇത്തരം പോളിസികളില്‍ ക്ളെയിം അനുവദിക്കുന്നതിനുമുമ്പ് അന്വേഷണം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയതെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ ക്ളെയിം നിഷേധിക്കാവുന്നതാണ്. 

പല സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും പോളിസികളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ എല്‍ഐസിയുടെ ടേം പോളിസിയുടെ പ്രീമിയം ഉയര്‍ന്നതാണ്. ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിന്റെ ഏറിയപങ്കും കൈകാര്യംചെയ്യുന്ന കമ്പനി എന്ന നിലയിലാണ് പ്രീമിയം കൂടിയ പോളിസികള്‍ എല്‍ഐസി രൂപപ്പെടുത്തുന്നത്. പ്രീമിയം ഉയര്‍ന്നതായിട്ടും മികച്ച നിലയില്‍ ബിസിനസ് ചെയ്യാന്‍ എല്‍ഐസിക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്ന നിലയില്‍ വര്‍ഷങ്ങളിലൂടെ കൈവരിച്ച വിശ്വാസ്യതയും  മികച്ച ബ്രാന്‍ഡ് ഇമേജും  സഹായകമാകുന്നു. അതേസമയം വിപണിപങ്കാളിത്തത്തില്‍ കടുത്ത മത്സരം നേരിടുന്ന സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പോളിസികളുടെ പ്രീമിയം കുറയ്ക്കാന്‍ തയ്യാറാകുന്നതാണ് കാണുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top