24 April Wednesday

ആദായനികുതിറിട്ടേണ്‍ അറിയാം ചില കാര്യങ്ങള്‍

ജോണ്‍ ലൂക്കോസ്Updated: Sunday Apr 16, 2017

വ്യക്തികളുടെ ആദായനികുതിബാധ്യത കണക്കാക്കുന്നത് അവരുടെ മൊത്തവരുമാനം കണക്കാക്കിയാണ്. നികുതിനിയമത്തിന്റെ വ്യവസ്ഥകളനുസരിച്ച് ശമ്പളം, കെട്ടിടവാടക, ബിസിനസ് വരുമാനം, മൂലധനലാഭം, മറ്റു സ്രോതസ്സുകളില്‍നിന്നുള്ള വരുമാനം എന്നിങ്ങനെ അഞ്ചുതരം വരുമാനങ്ങളുടെ ആകെത്തുകയാണ് മൊത്തവരുമാനമെന്നു പറയുന്നത്. ഓരോ വിഭാഗത്തിലുമുള്ള  വരുമാനം കണക്കാക്കുന്നതിനും അതിന്റേതായ മാനദണ്ഡങ്ങളുണ്ട്. ഉദാഹരണമായി കെട്ടിടവരുമാനം കണക്കാക്കുന്നത് മൊത്തവാടകയില്‍നിന്ന് മുനിസിപ്പല്‍ കോര്‍പറേഷനു നല്‍കിയ കെട്ടിടനികുതി, കെട്ടിടം പണിയാനെടുത്ത വായ്പയുടെ പലിശ മുതലായവ കുറച്ചശേഷമാണ്. അതുപോലെ കെട്ടിട അറ്റകുറ്റപ്പണിക്കും മറ്റുമായി വാടകയുടെ 30 ശതമാനം കണക്കാക്കി വാടകയില്‍നിന്നു കിഴിവു ചെയ്യാനുമാവും. ഈ കിഴിവുകളൊക്കെ കഴിഞ്ഞുള്ള തുകയാണ് വാടകവരുമാനമായി നിര്‍വചിക്കപ്പെടുന്നത്.

ബിസിനസ് വരുമാനം കണക്കാക്കുമ്പോള്‍ വിറ്റുവരവില്‍നിന്നുള്ള ബിസിനസ് സംബന്ധമായ എല്ലാ ചെലവും കഴിഞ്ഞുള്ള അറ്റാദായമാണ് കണക്കാക്കുന്നത്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, കുടുംബ പെന്‍ഷന്‍ തുടങ്ങിയ വരുമാനങ്ങളാണ് മറ്റു സ്രോതസ്സുകളില്‍നിന്നുള്ള വരുമാനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നത്. ഈ സൂചിപ്പിച്ച അഞ്ചു വിഭാഗങ്ങളിലുംപെട്ട വരുമാനങ്ങളുടെ ആകെതുകയാണ് നികുതിദായകന്റെ മൊത്തവരുമാനമായി നിര്‍വചിക്കപ്പെടുന്നത്.

ഇന്‍ഷുറന്‍സ് പ്രീമിയം, കുട്ടികളുടെ ഫീസ്, പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍, വീടുപണിയാനെടുത്ത വായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ് മുതലായ തുകകള്‍ കൂട്ടിയെടുത്ത് ഈ മൊത്തവരുമാനത്തില്‍നിന്നു കുറയ്ക്കാവുന്നതാണ്. പക്ഷേ, ഈ രീതിയില്‍ കുറയ്ക്കാവുന്ന പരമാവധി തുക 1,50,000 രൂപയാണ്. ഇതിനുപുറമെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ചിലതരം രോഗങ്ങള്‍ക്കുള്ള ചികിത്സാചെലവ്, വിദ്യാഭ്യാസ വായ്പയുടെ പലിശ മുതലായ കിഴിവുകളും ലഭ്യമാണ്. ഇങ്ങനെ അനുവദനീയമായ എല്ലാ കിഴിവും കഴിഞ്ഞ് ലഭിക്കുന്ന തുകയാണ് നികുതിവിധേയമായ വരുമാനം. ഈ നികുതിവിധേയ വരുമാനത്തിനാണ് നികുതി കണക്കുകൂട്ടേണ്ടത്.

സാധാരണഗതിയില്‍ നികുതിദായകര്‍ തങ്ങളുടെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് ഓരോ സാമ്പത്തികവര്‍ഷവും കഴിഞ്ഞുള്ള അടുത്ത ജൂലൈ 30-ാം തീയതിക്കകമാണ്. അതായത്, 2016-17 സാമ്പത്തികവര്‍ഷത്തേക്കുള്ള നികുതിറിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് അടുത്ത ജൂലൈ 30-ാം തീയതിക്കകമാണ്. നികുതി പൂര്‍ണമായി അടച്ചശേഷം മാത്രമേ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. രണ്ടരലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ള എല്ലാവരും ഇങ്ങനെ റിട്ടേണ്‍ സമര്‍പ്പിക്കുകയും വേണം. സാമ്പത്തികവര്‍ഷംതന്നെ മുന്‍കൂറായി അടച്ച നികുതിയും ടിഡിഎസ് ആയി നികുതി അടച്ചിട്ടുണ്ടെങ്കില്‍ ആ തുകയും ചേര്‍ത്ത് ബാക്കി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് നല്‍കേണ്ടതാണ്. ബാങ്കുകളുടെ നിക്ഷേപപലിശയുടെ മുകളില്‍ സാധാരണ 10 ശതമാനമാണ് ടിഡിഎസ് പിടിക്കുന്നത്. ഇങ്ങനെ പിടിച്ചതിലും കുറവാണ് തങ്ങളുടെ നികുതിബാധ്യതയെങ്കില്‍ നികുതിദായകന് തന്റെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ച് അധികം പിടിച്ച തുക റീഫണ്ടായി വാങ്ങാവുന്നതാണ്. ഇങ്ങനെ തിരികെ നല്‍കുന്ന തുകയോടൊപ്പം പലിശയും ലഭിക്കും.

ഫോണ്‍ 9447058700.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top