26 April Friday

സ്വര്‍ണം ഉയര്‍ത്തെഴുനേല്‍പ്പിന്

കെ ബി ഉദയഭാനുUpdated: Sunday Apr 16, 2017

കൊച്ചി > സ്വര്‍ണം വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുങ്ങുന്നു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് യൂറോപ്യന്‍ വിപണികള്‍ സജീവമാകും. ചൈനയില്‍ റബര്‍ സ്റ്റോക് ഉയര്‍ന്നത് രാജ്യാന്തരവിപണിയെ തളര്‍ത്തി. ഉത്സവദിനങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വില കുറഞ്ഞേക്കാം. കാര്‍ഷികമേഖല കൂടുതല്‍ കുരുമുളക് വില്‍പ്പനയ്ക്കിറക്കി. 

സൈനികനീക്കങ്ങള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് അടുപ്പിക്കുന്നു. കൊറിയന്‍ ഉപദ്വീപിലേക്കുള്ള അമേരിക്കന്‍ വിമാന വാഹിനികളുടെ നീക്കങ്ങളും സിറിയയിലെ സംഘര്‍ഷാവസ്ഥയും ആഗോളവിപണിയില്‍ സ്വര്‍ണത്തിന് ആവശ്യം ഉയര്‍ത്തി. വാരാന്ത്യം അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരമായ 1289 ഡോളര്‍വരെ കുതിച്ച മഞ്ഞലോഹം ഈ വാരം 1300 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള ശ്രമത്തിലാണ്.  നവംമ്പര്‍ മൂന്നിനുശേഷം ആദ്യമായാണ് സ്വര്‍ണം 1299 ഡോളര്‍ മറികടക്കാന്‍ ഒരുങ്ങുന്നത്. 1303 ഡോളറിലെ പ്രതിരോധം മറികടന്നാല്‍ വിപണി ലക്ഷ്യമിടുന്നത് 1334-1349 ഡോളറാണ്.

കേരളത്തില്‍ സ്വര്‍ണവില പിന്നിട്ടവാരം പവന് 360 രൂപ വര്‍ധിച്ചു. ആഭരണകേന്ദ്രങ്ങളില്‍ പവന്‍ 21,880 രൂപയില്‍നിന്ന് 22,240 രൂപയായി. ഇതോടെ ഗ്രാമിന്റെ വില 2735 രൂപയില്‍നിന്ന് 2780ലെത്തി. വിവാഹ സീസണിന് തുടക്കംകുറിച്ചതിനാല്‍ ആഭരണവില്‍പ്പനയില്‍ വര്‍ധന പ്രതീക്ഷിക്കാം. വിദേശനാണയ വിപണിയില്‍ ഡോളറിനുമുന്നില്‍ രൂപ മികച്ച നിലവാരത്തിലാണ്. വാരാന്ത്യം 64.45ല്‍ എത്തിനില്‍ക്കുന്ന രൂപ 62നെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. രൂപ ശക്തിപ്രാപിച്ചാല്‍ രാജ്യാന്തരവിപണിയിലെ  സ്വര്‍ണത്തിന്റെ തിളക്കം അതേപോലെ ഇവിടെ പ്രതിഫലിക്കില്ല. എന്നാല്‍ സൈനികനീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഡോളറിനുമുന്നില്‍ ഏഷ്യന്‍ നാണയങ്ങളില്‍ വന്‍ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. 

ചൈനയില്‍ റബര്‍ സ്റ്റോക് നില ഉയര്‍ന്ന വിവരം ഊഹക്കച്ചവടക്കാരെ പ്രമുഖ അവധിവ്യാപാരകേന്ദ്രങ്ങളില്‍ വില്‍പ്പനക്കാരാക്കി. ഷാങ്ഹായ് വിപണിയിലെ തളര്‍ച്ച ടോക്കോമിലും സിക്കോമിലും റബറില്‍ സമ്മര്‍ദം ഉളവാക്കി. വിദേശത്തെ തളര്‍ച്ച മറയാക്കി ഇന്ത്യന്‍ ടയര്‍ലോബി പിന്നിട്ടവാരം നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കി. ടയര്‍നിര്‍മാതാക്കള്‍ വാരത്തിന്റെ തുടക്കത്തില്‍ ആര്‍എസ്എസ് നാലാം ഗ്രേഡ്      14,800 രൂപയ്ക്ക് ശേഖരിച്ചെങ്കിലും പിന്നീട് നിരക്ക് 14,500 ലേക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് റബറിന് 400 രൂപ കുറഞ്ഞ് 13,900 രൂപയായി. 

ഉത്സവകാല ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് കര്‍ഷകര്‍ കുരുമുളക് വില്‍പ്പനയ്ക്കിറക്കിയത് ഉല്‍പ്പന്നവിലയെ അല്‍പ്പം തളര്‍ത്തി.കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 58,700ല്‍നിന്ന് 58,300 രൂപയായി. വരവ് ഉയര്‍ന്നാല്‍ നിരക്ക് ഇടിക്കാന്‍ ശ്രമം നടക്കുമെന്ന കാര്യം മുന്‍വാരം ഇതേ കോളത്തില്‍ വ്യക്തമാക്കിയിരുന്നു.
ഉത്സവാവശ്യം കഴിഞ്ഞതിനാല്‍ നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ തിരുത്തല്‍ സംഭവിക്കാം. പ്രദേശികാവശ്യം കുറഞ്ഞതിനാല്‍   13,100 രൂപയില്‍ തുടരുകയാണ് കൊച്ചി വെളിച്ചെണ്ണ മാര്‍ക്കറ്റ്. കൊപ്രവില 8225 രൂപ.

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top