24 April Wednesday

ആദായനികുതി നിയമം ബിസിനസുകാരറിയാന്‍

ജോണ്‍ ലൂക്കോസ്Updated: Sunday Aug 14, 2016

ആദായനികുതി നിയമത്തില്‍ ബിസിനസുകാര്‍ക്ക് വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ അനുമാനലാഭം കണക്കാക്കി നികുതി അടയ്ക്കാനുള്ള ഒരു അവകാശം നിലവിലുണ്ട്.
2015–16 സാമ്പത്തികവര്‍ഷം വരെ ഒരുകോടി രൂപവരെ വിറ്റുവരവുള്ളവര്‍ക്കാണ് ഈ രീതിയില്‍ നികുതി കണക്കുകുട്ടാനുള്ള അനുമതി കൊടുത്തിരുന്നത്. എന്നാല്‍ 2016–17 സാമ്പത്തികവര്‍ഷംമുതല്‍ രണ്ടുകോടി രൂപവരെ വിറ്റുവരവുള്ള ബിസിനസുകാര്‍ക്ക് കണക്കുപുസ്തകങ്ങള്‍ സൂക്ഷിക്കാതെ വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ അനുമാന ലാഭം കണക്കാക്കി പ്രസ്തുത ലാഭത്തിന് അനുസൃതമായ നികുതി ഒടുക്കാനുള്ള അവസരമുണ്ട്. വിറ്റുവരവിന്റെ എട്ട് ശതമാനമാണ് ലാഭം കണക്കുകൂട്ടേണ്ടത്. കണക്കുകൂട്ടി ലഭിക്കുന്ന ലാഭത്തിന്റെ നിരക്കനുസരിച്ച് നികുതി കൊടുക്കേണ്ടതായി വരും.

2016–17 സാമ്പത്തികവര്‍ഷത്തെ നിരക്കുകള്‍ പ്രകാരം വ്യക്തികള്‍ക്കാണെങ്കില്‍ 2.5 ലക്ഷം രൂപവരെ നികുതി കൊടുക്കേണ്ടതില്ല. 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെ 10 ശതമാനവും അഞ്ചുലക്ഷം രൂപമുതല്‍ 10 ലക്ഷം രൂപവരെ 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് 30 ശതമാനവുമാണ് നികുതി നിരക്കുകള്‍. ഉദാഹരണത്തിന് 1.5 കോടി രൂപവരെ വിറ്റുവരവുള്ള കച്ചവടസ്ഥാപനം നടത്തുന്ന വ്യക്തിക്ക് 1.5 കോടിയുടെ എട്ട് ശതമാനം അതായത് 12 ലക്ഷം രൂപവരെ വരുമാനം കണക്കാക്കി പ്രസ്തുത തുകയുടെ നികുതിയായ 1.85 ലക്ഷം രൂപ ആദായനികുതി അടയ്ക്കേണ്ടിവരും.

വ്യക്തികള്‍ക്ക് നികുതി നിരക്കുകളുടെ അടിസ്ഥാനത്തിലാണ് നികുതികണക്കുകൂട്ടേണ്ടതെങ്കില്‍ പാര്‍ട്ട്നര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് ഒറ്റ നിരക്കിലാണ് നികുതി നല്‍കേണ്ടത്. അതായത് നേരത്തെ സൂചിപ്പിച്ചപോലെ വിറ്റുവരവിന്റെ എട്ട് ശതമാനം ലാഭം കണക്കാക്കി പ്രസ്തുത ലാഭത്തിന്റെ 30 ശതമാനം നികുതി നല്‍കേണ്ടി വരും. 2015–16 സാമ്പത്തികവര്‍ഷംവരെ അനുമാനനിരക്കില്‍, അതായത് വിറ്റുവരവിന്റെ എട്ട് ശതമാനം ലാഭം കണക്കാക്കി, പ്രസ്തുത ലാഭത്തില്‍നിന്ന് പാര്‍ട്ട്ണര്‍മാരുടെ ശമ്പളവും മുടക്കുമുതലിന്റെ മുകളില്‍ 12 ശതമാനം പലിശയും കുറച്ച് ബാക്കി തുകയുടെ 30 ശതമാനം നികുതി കണക്കുകൂട്ടിയാല്‍ മതിയായിരുന്നു.

എന്നാല്‍ 2016–17 സാമ്പത്തികവര്‍ഷംമുതല്‍ അനുമാന ലാഭത്തില്‍നിന്ന് പാര്‍ട്ണര്‍മാരുടെ ശമ്പളവും മുടക്കുമുതലിന്റെ പലിശയും കുറയ്ക്കാന്‍ സാധിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍ വിറ്റുവരവിന്റെ എട്ട് ശതമാനം ലാഭമായി കണക്കാക്കി ഇതിന്റെ 30 ശതമാനം നികുതി നല്‍കേണ്ടിവരും. ചെറുകിട പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത് വലിയ നികുതി ബാധ്യതയ്ക്ക് വഴിതെളിക്കും. ഉദാഹരണത്തിന് 1.5 കോടി രൂപ വിറ്റുവരവുള്ള പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് വിറ്റുവരവിന്റെ എട്ട് ശതമാനം, അതായത് 12 ലക്ഷം രൂപ ലാഭം കണക്കാക്കി ഈ 12 ലക്ഷത്തിന്റെ 30 ശതമാനം അതായത് 3.6 ലക്ഷം രൂപ നികുതി ഒടുക്കേണ്ടിവരും.

ഇനി എട്ട് ശതമാനത്തില്‍ താഴെയാണ് തങ്ങളുടെ ലാഭം എന്നു അവകാശപ്പെടുകയാണെങ്കില്‍ നികുതിദായകനായ ബിസിനസുകാരന്‍, അത് വ്യക്തിയായാലും പാര്‍ട്ണര്‍ഷിപ്പ് ആയാലും തങ്ങളുടെ കണക്കുകള്‍ യഥാസമയം തയ്യാറാക്കി, അത് ഓഡിറ്റ് ചെയ്ത്, ലാഭം കുറവാണെന്ന് സമര്‍ഥിച്ച് തങ്ങളുടെ റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ അനുമാനകണക്കില്‍ നികുതി ഒടുക്കാവുന്ന പരിധി ഒരുകോടിയില്‍നിന്ന് രണ്ടുകോടിയായി ഉയര്‍ത്തിയെങ്കിലും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ളതില്‍നിന്ന് വന്‍ വര്‍ധനയാണ് നികുതി ഇനത്തില്‍ വന്നിട്ടുള്ളത്. നാമമാത്ര ലാഭമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇതു കൂടുതല്‍ ദോഷകരമായി വന്നിട്ടുള്ളത്.

2015–16 സാമ്പത്തികവര്‍ഷംവരെ പ്രൊഫഷണലുകള്‍ക്ക് അതായത് ഡോക്ടര്‍, എന്‍ജിനിയര്‍, വക്കീലന്മാര്‍, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റുമാര്‍, ഇന്റീരിയര്‍ ഡിസൈനേഴ്സ്, ആര്‍ക്കിടെക്ട്സ് മുതലായവര്‍ക്ക് അനുമാനനിരക്കില്‍ നികുതി ഒടുക്കുന്നതിനുള്ള അവകാശമില്ലായിരുന്നു. കണക്കു സൂക്ഷിച്ച്, മൊത്ത ഫീസ് 25 ലക്ഷത്തിലധികമാണെങ്കില്‍ കണക്ക് ഓഡിറ്റ് ചെയ്ത് റിട്ടേണ്‍ സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍ 2016–17 സാമ്പത്തികവര്‍ഷംമുതല്‍ പ്രൊഫഷണലുകള്‍ക്കും അനുമാനനിരക്കില്‍ വരുമാനം കണക്കാക്കി നികുതി നല്‍കാവുന്നതാണ്. 50 ലക്ഷം രൂപവരെ പ്രൊഫഷണല്‍ വരുമാനമുള്ളവര്‍ക്കാണ്ഇത്തരത്തില്‍ നികുതി നിര്‍ണയം നടത്താന്‍ അനുവാദമുള്ളത്. ബിസിനസുകാര്‍ക്ക് എട്ട് ശതമാനമാണ് ലാഭം പറയുന്നതെങ്കില്‍ പ്രൊഫഷണലുകള്‍ക്ക് അത് 50 ശതമാനമാണ്. അതായത് മൊത്തം വരവിന്റെ 50 ശതമാനം ലാഭമായി കണക്കാക്കി ആ തുകയ്ക്ക് ബാധകമായ നികുതി നല്‍കേണ്ടിവരും.

അതായത് 50 ലക്ഷം മൊത്തം ഫീസ് ലഭിക്കുന്ന ഒരു ഡോക്ടര്‍ക്ക് 25 ലക്ഷം രൂപ നികുതി വിധേയവരുമാനമായി കണക്കാക്കി 5.75 ലക്ഷം രൂപ ആദായനികുതി നല്‍കേണ്ടിവരും. ഇനി ഇത്രയും വരുമാനമില്ല എന്നാണ് അവകാശപ്പെടുന്നതെങ്കില്‍ കണക്കുകള്‍ സൂക്ഷിച്ച്, അനുബന്ധ തെളിവുകള്‍ സഹിതം കണക്ക് ഓഡിറ്റ് ചെയ്ത് വരുമാനം കുറവാണെന്ന് സമര്‍ഥിക്കേണ്ടിയിരിക്കുന്നു. ഏതായാലും പ്രൊഫഷണലുകള്‍ക്ക് നല്ല നികുതി സാധ്യതവരുന്ന ഒരു ഭേദഗതിയാണ് 2016–17 സാമ്പത്തികവര്‍ഷംമുതല്‍ നടപ്പാക്കുന്നത്.

ലേഖകന്‍ കൊച്ചിയിലെ ചാര്‍ട്ടേഡ് അക്കൌണ്ടന്റാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top