25 April Thursday

മലബാര്‍ ഗ്രൂപ്പ് വിപുലീകരണത്തിന്

വാണിജ്യകാര്യ ലേഖികUpdated: Sunday Aug 13, 2017

സ്വര്‍ണാഭരണരംഗത്തെ മുന്‍നിര ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് വിപുലീകരണത്തിനൊരുങ്ങുന്നു. സ്വര്‍ണാഭരണരംഗത്തെ സാന്നിധ്യം വ്യാപകമാക്കുന്നതിനൊപ്പം റിയല്‍ എസ്റ്റേറ്റ്-അടിസ്ഥാനസൌകര്യ വികസന മേഖലകളിലും റീട്ടെയില്‍രംഗത്തും വിനോദസഞ്ചാരരംഗത്തും ചുവടു വയ്ക്കാനൊരുങ്ങുകയാണെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്  പറഞ്ഞു. അതതു മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള ഗ്രൂപ്പുകളുമായി സഹകരിച്ചാണ് പുതിയ മേഖലകളിലേക്കു കടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യമായ പദ്ധതികളോ ആശയങ്ങളോ അവതരിപ്പിക്കുന്നവരുമായി സഹകരിച്ചു  പ്രവര്‍ത്തിക്കുന്ന രീതിയാണ് ഗ്രൂപ്പിന്റേത്. സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. അനുയോജ്യമായ ഏതുസമയത്തും ഓഹരിവിപണിലേക്കു കടക്കാവുന്നവിധത്തില്‍ ഐപിഒയ്ക്കുള്ള തയാറെടുപ്പുകളും നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

2020ല്‍ ലോകത്തെല്ലായിടത്തും ജ്വല്ലറികള്‍

നിലവില്‍ കേരളത്തില്‍ 33 ഷോറൂമുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്് ചരക്കുസേവന നികുതി പ്രാവര്‍ത്തികമായതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ പട്ടണങ്ങളില്‍ ആറു ഷോറൂംകൂടി ആരംഭിക്കും. നിലവില്‍ ഗള്‍ഫ്രാജ്യങ്ങളിലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ഇനി ലക്ഷ്യമിടുന്നത് യൂറോപ്പും അമേരിക്കയുമാണ്. ആ രാജ്യങ്ങളിലെ രീതികള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ചുള്ള ആഭരണങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പഠനത്തിലാണിപ്പോള്‍. അതതു രാജ്യങ്ങളില്‍നിന്നുള്ളവരാകും നിക്ഷേപം നടത്തുക. മലബാര്‍ ഗോള്‍ഡ് ആഭരണങ്ങളുടെ മാനേജ്മെന്റിലാകും ശ്രദ്ധകേന്ദ്രീകരിക്കുക.

മാള്‍ വ്യവസായരംഗത്തേക്ക്

തിരുവനന്തപുത്ത് മാള്‍ ഓഫ് ട്രാവന്‍കൂര്‍ എന്ന പേരില്‍ 6.5 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മാണം പൂര്‍ത്തിയായ മാള്‍ ദീപാവലിക്കുമുമ്പ് പ്രവര്‍ത്തനം ആരംഭിക്കും. 300ലേറെ മുന്‍നിര ബ്രാന്‍ഡുകളുമായി എയര്‍പോര്‍ട്ടിനടുത്ത് ചാക്കയിലാണ് മോട്ട് എന്ന  മാള്‍ വരുന്നത്. 3000 പേര്‍ക്ക് തൊഴിലവസരമൊരുക്കും. ഏഴ് തിയറ്ററുകളുള്ള മള്‍ട്ടിപ്ളക്സും വിനോദ സൌകര്യങ്ങളുമെല്ലാമുള്ള മാള്‍ അനന്തപുരിക്കാര്‍ക്ക് ഒഴിവുനേരം ചെലവഴിക്കാനുള്ള വേദിയാകുമെന്നാണ് കരുതുന്നത്. രണ്ടാമത്തേത് മാള്‍ ഓഫ് കൊല്ലം എന്ന പേരില്‍ കൊല്ലത്ത് നിര്‍മാണം പുരോഗമിക്കുകയാണ്.  തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും മാളുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്്. കൊച്ചിയിലുംകോട്ടയത്തും ഇത്തരത്തില്‍ പുതിയ മാളുകള്‍ ആരംഭിക്കുന്നുണ്ട്്. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം അഞ്ചുവര്‍ഷത്തിനുള്ളില്‍ മാളുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.

സമഗ്ര ടൌണ്‍ഷിപ്പുകള്‍


തൃശൂരില്‍ 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്ര അടിയില്‍ മലബാര്‍ ഗ്രൂപ്പിന്റെ സമഗ്ര ടൌണ്‍ഷിപ് നിര്‍മാണം പുരോഗമിക്കുകയാണ്. കേരളത്തില്‍ ഒരുമിച്ച് സ്ഥലലഭ്യതയുള്ള ഇടങ്ങളില്‍ ഇത്തരത്തില്‍ ടൌണ്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. അനുമതി കിട്ടിയാലുടന്‍ നിര്‍മാണം ആരംഭിക്കാനായി ചില പദ്ധതികള്‍ തയാറായിട്ടുണ്ട്. കോഴിക്കോട്ടെ മൊണ്ടാന എസ്റ്റേറ്റ് നിര്‍മാണം പുരോഗമിക്കുന്നു. 120 ഏക്കറില്‍ ആരംഭിക്കുന്ന മൊണ്ടാനയില്‍ ജൈവഫാം, ഡെയ്റി ഫാം, സ്പോര്‍ട്സ്-വെല്‍നെസ് കേന്ദ്രം, ആയുര്‍വേദകേന്ദ്രം, സ്കൂള്‍ എന്നിവയെല്ലാമുണ്ട്. മലബാര്‍ ഗ്രൂപ്പിന്റെ പുതിയ കോര്‍പറേറ്റ്സമുച്ചയം ഇവിടെയാണ് ആരംഭിക്കുന്നത്. നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ ഇടമായാണ് മൊണ്ടാനയെ അവതരിപ്പിക്കുന്നത്.

പാര്‍പ്പിടസമുച്ചയങ്ങള്‍


തിരുവനന്തപുരത്ത് മൂന്നിടങ്ങളില്‍ മലബാര്‍ഗ്രൂപ്പിന്റെ പാര്‍പ്പിടപദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ അഞ്ചിടങ്ങളിലും കോട്ടയം ,കണ്ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ഭവനപദ്ധതികള്‍ ആരംഭിക്കും. ആഡംബര അപ്പാര്‍ട്ടുമെന്റുകളും ഇടത്തരക്കാരെ ഉദ്ദേശിച്ചുള്ള സ്മാര്‍ട്ട്ഹോം പദ്ധതികളും ഇക്കൂട്ടത്തിലുണ്ട്്. നിലവിലിപ്പോള്‍ സംസ്ഥാനത്താകെ 400 അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിക്കഴിഞ്ഞു. 600 എണ്ണത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുന്നതോടെ മൊത്തം 1000 ഭവനപദ്ധതികള്‍ കൈമാറുകയാണ് ലക്ഷ്യം. ഈ പദ്ധതികളെല്ലാം പ്രകൃതിസൌഹൃദമായാണ് നിര്‍മിക്കുന്നതെന്ന്അഹമ്മദ് അറിയിച്ചു. സര്‍ക്കാര്‍ ഇളവും റോഡ്പോലുള്ള അടിസ്ഥാനസൌകര്യങ്ങളും ലഭ്യമാക്കിയാല്‍ ചെലവുകുറഞ്ഞ ഭവനങ്ങളുടെ നിര്‍മാണത്തിലേക്കും കടക്കും.

ഇഹം ഡിജിറ്റല്‍

സവിശേഷമായ ഗൃഹോപകരണങ്ങളുടെ വ്യാപാരരംഗത്തേക്കു കടന്ന മലബാര്‍ ഗ്രൂപ്പ് ഇഹം ഡിജിറ്റല്‍ എന്ന പേരില്‍ കണ്ണൂരിലെ നിക്ഷാന്‍ ഇലക്ട്രോണിക്സുമായി ചേര്‍ന്ന് കോഴിക്കോട് തൊണ്ടയാടാണ് കഴിഞ്ഞവര്‍ഷം ഷോറൂം ആരംഭിച്ചത്്.  മാള്‍ ഓഫ് കൊച്ചിയിലും ഇഹം ഉണ്ടാകും. മൂന്നുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എല്ലായിടത്തും ഇഹം ഷോറൂമുകള്‍ തുടങ്ങുകയാണ് ലക്ഷ്യം. ഇതിനുപുറമെ ഹൈമാര്‍ട്ട് എന്ന പേരില്‍ തിരുവനന്തപുരത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹോട്ടല്‍രംഗത്ത് സജീവമാകുന്നതിനു മുന്നോടിയായി കോഴിക്കോട് ബീച്ചിനടുത്ത് തലശേരി വിഭവങ്ങളൊരുക്കി നിറായി റസ്റ്റോറന്റും ആരംഭിച്ചിട്ടുണ്ട്.

എം 24

തിരക്കിനിടയില്‍ പല കാര്യങ്ങളും ചെയ്യാനാകാതെ മാറ്റിവയ്ക്കേണ്ടിവരുന്നവര്‍ക്ക് 24 തരം സേവനങ്ങള്‍ 24 മണിക്കൂറും ആധികാരികതയോടെ ലഭ്യമാക്കുന്ന സേവനങ്ങളാണ് മലബാര്‍ ഗ്രൂപ്പ് കൈവച്ച മറ്റൊരു മേഖല. ആപ് അധിഷ്ഠിതമായി നല്‍കുന്ന തികച്ചും പ്രൊഫഷണല്‍ രീതിയിലുള്ള ഈ സേവനങ്ങള്‍ മലബാര്‍ അപ്പാര്‍ട്ട്മെന്റ് വാങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കുന്നതെങ്കിലും പിന്നീട് എല്ലാവര്‍ക്കും ലഭ്യമാക്കും.

വിനോദസഞ്ചാര മേഖലയിലേക്ക് 

സാധ്യതയുള്ള സ്ഥലങ്ങളില്‍ വിനോദസഞ്ചാരരംഗത്തേക്കു കടക്കാനും ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ഇതിന്റെ ആദ്യപടിയായി മലബാറില്‍ ചാലിയാറിന്റെ തീരത്ത് മലബാര്‍ മെറീന ആരംഭിച്ചുകഴിഞ്ഞു. ഇവിടെ ഹൌസ്ബോട്ടുമുണ്ട്്. ഫറൂക്കില്‍ കണ്‍വന്‍ഷന്‍ സെന്ററും അപ്പാര്‍ട്ടുമെന്റും ആരംഭിച്ചിട്ടുണ്ട്്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top