27 April Saturday

വായ്പയെടുക്കാന്‍ വരുമാനം മാത്രം പോര

പി ജി സുജUpdated: Sunday Mar 13, 2016

ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയേറിയതോടെ വായ്പയെടുക്കാനുള്ള ആഗ്രഹം പലരിലും തോന്നിത്തുടങ്ങിയിട്ടുണ്ട്. തെറ്റില്ലാത്ത വരുമാനം ഉള്ളതിനാല്‍ ബാങ്ക്വായ്പ എടുക്കാമെന്നാകും പലരും മനസ്സില്‍ കരുതുക. എന്നാല്‍ വരുമാനം മാത്രമല്ല ബാങ്കുകള്‍ വായ്പാ ലഭ്യതയ്ക്കുള്ള ഘടകമായി പരിഗണിക്കുക.

വായ്പയെടുക്കാന്‍ പോകുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒഴിവാക്കല്‍ പട്ടികയില്‍പ്പെടാതെ സൂക്ഷിക്കാം. ഭവനവായ്പ എടുക്കുംമുമ്പ് പല ബാങ്കുകളില്‍ ചെന്ന് പലിശനിരക്കും മറ്റു ചാര്‍ജുകളുമൊക്കെ അന്വേഷിക്കുന്നത് ചില ഘട്ടങ്ങളില്‍ വിനയാകും. വായ്പ സംബന്ധിയായ കാര്യങ്ങളില്‍ വ്യക്തികള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ നിരീക്ഷിക്കാന്‍ സിബിലുണ്ടെന്നത് വായ്പയെടുക്കും മുമ്പ് പലരും ശ്രദ്ധിക്കില്ല. വായ്പയെടുക്കും മുമ്പ് പല ബാങ്കുകളില്‍ ചെന്ന് ഇതുസംബന്ധമായ വിവരങ്ങള്‍ അന്വേഷിക്കുന്നത് നല്ല  വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും. കാരണം നിങ്ങള്‍ ഓരോ പ്രാവശ്യവും ബാങ്കില്‍ ചെന്ന് ഇക്കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രസ്തുത ബാങ്കുകളൊക്കെ നിങ്ങളുടെ വിവരങ്ങള്‍ പരിശോധനയ്ക്കായി സിബിലിന് നല്‍കും. മികച്ച നിരക്കിനു വേണ്ടിയുള്ള ഈ അന്വേഷണം പക്ഷെ തെറ്റായി വ്യാഖ്യാനിക്കാനുള്ള സാധ്യത ഏറെയാണ്. ആരും നിങ്ങള്‍ക്ക് വായ്പ നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് ഇങ്ങനെ പലയിടത്തും അന്വേഷിക്കുന്നത് എന്ന തോന്നല്‍ ഉളവാക്കാനെ അതു സഹായിക്കൂ. ഇത് ഉറപ്പായും വായ്പാസ്കോര്‍ കുറയാന്‍ കാരണമാകും. നിങ്ങള്‍ക്ക് മുമ്പ് വായ്പ ഇല്ലെങ്കില്‍പ്പോലും ഇങ്ങനെ കരുതാനാണ് സാധ്യത കൂടുതല്‍.

മുന്‍പ് വായ്പ എടുത്തിട്ടില്ലെങ്കില്‍ ചിലപ്പോള്‍  അതും പ്രശ്നമാകാനിടയുണ്ട്. വായ്പാചരിത്രമില്ലെങ്കില്‍ നിങ്ങളുടെ വായ്പാ ശേഷി പരിശോധിക്കുന്നതിന് ഏജന്‍സിക്ക് മറ്റു മാര്‍ഗമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ റേറ്റിങ് ഏജന്‍സി റേറ്റിങ് രേഖപ്പെടുത്താതെയുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. ബാങ്കുകള്‍ക്ക് വേണമെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം. വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ മുന്‍വായ്പയുണ്ടെങ്കില്‍ റേറ്റിങ് കാര്യക്ഷമമാകാന്‍ അതു സഹായിക്കും. റേറ്റിങ് ഏജന്‍സിയുടെ പക്കല്‍ 36 വര്‍ഷത്തെ വായ്പാചരിത്രമാണ് ഉണ്ടാകുക. അതുപോലെത്തന്നെ നേരത്തെയുള്ള വായ്പ അടച്ചുതീര്‍ത്തുവെങ്കില്‍ ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് വാങ്ങിവയ്ക്കണം.

ഇത് വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ പരിഗണിക്കും. അതുപോലെ ക്രെഡിറ്റ് കാര്‍ഡിന്റെ വൈകിയുള്ള അടവ്, ഫോണ്‍ ബില്‍ അടയ്ക്കുന്നതില്‍ മുടക്കംവരുത്തന്നത് തുടങ്ങിയ ഘടകങ്ങളൊക്കെയും പരിഗണനാ വിഷയമാകാറുണ്ട്.
ഭവനവായ്പ എടുക്കുമ്പോള്‍ വാങ്ങാനുദ്ദേശിക്കുന്ന ആസ്തിയുടെ കാലപ്പഴക്കം ഘടകമാണ്്. അത്തരം വീടു വാങ്ങുമ്പോള്‍ ലഭിക്കാനുള്ള വായ്പയുടെ തുക കുറഞ്ഞേക്കാം. ഇങ്ങനെ ആസ്തിയുടെ മൂല്യം പരിശോധിക്കാന്‍ ബാങ്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടാകും അവരുടെ മൂല്യപരിശോധനയുടെ അടിസ്ഥാനത്തിലേ വായ്പാ തുക നിശ്ചയിക്കാറുള്ളു. ബാങ്കുകള്‍ പലപ്പോഴും തങ്ങളുമായി ധാരണയിലെത്തിയിട്ടുള്ള ബില്‍ഡറുടെ പദ്ധതി വാങ്ങുന്നതിനേ വായ്പ നല്‍കാറുള്ളു. അവരുടെ കരിമ്പട്ടികയിലുള്ള ബില്‍ഡറാണെങ്കില്‍ വായ്പ ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട.
അതുപോലെ സ്ത്രീകള്‍ക്കായി ബാങ്കുകള്‍ പ്രത്യേക വായ്പാ പദ്ധതികളൊക്കെ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഭവനവായ്പയുടെ കാര്യത്തില്‍ പൊതുവെ വിമുഖത കാട്ടാറുണ്ട്.

പ്രത്യേകിച്ചും തനിച്ചുള്ള വനിതകളാണെങ്കില്‍. അവര്‍ ഭാവിയില്‍ വിവാഹശേഷം ജോലി വേണ്ടന്നുവയ്ക്കുകയോ മറ്റോ ചെയ്താല്‍ തിരിച്ചടവു മുടങ്ങുമല്ലോ എന്ന ആശങ്കയാണ് ബാങ്കുകളെ പലപ്പോഴും വനിതകള്‍ക്ക് ഭവനവായ്പ നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്.വായ്പയെടുക്കുന്ന ആള്‍ വളരെ ഉയര്‍ന്ന ശമ്പളമുള്ള ആളാണെങ്കിലും അയാളുടെ പ്രായം ഒപ്പംതന്നെ പ്രധാന്യമുള്ള ഘടകമാണ്. കാരണം അയാള്‍ക്ക് എത്രകാലംകൂടി വായ്പ അടയ്ക്കാനായി ജോലിചെയ്യാന്‍കഴിയും എന്നത് ബാങ്കുകളുടെ മുഖ്യ പരിഗണനാ വിഷയമാണ്.

താരതമ്യേന അപ്രസക്തമെന്നു തോന്നുന്ന പല കാര്യങ്ങളും ബാങ്കുകള്‍ പരിഗണിക്കാറുണ്ട്. വായ്പയെടുക്കുന്ന ആള്‍ എത്രവര്‍ഷമായി ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്നുവെന്നത് ഇക്കൂട്ടത്തില്‍പ്പെട്ട കാര്യമാണ്. ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരെയാണ് ബാങ്കുകള്‍ പരിഗണിക്കുക.
അതുപോലെത്തന്നെ ആദ്യമായി സംരംഭത്തിലേക്കിറങ്ങിയവര്‍ക്ക് ഭവനവായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് മടിയാണ്. 50 ജീവനക്കാരില്‍ താഴെയുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വായ്പ നല്‍കാനും പൊതുവേ വിമുഖതയുണ്ട്. ചില ബാങ്കുകള്‍ ചില പ്രത്യേക തൊഴില്‍രംഗത്തു പ്രവര്‍ത്തിക്കുന്നവരെയും വായ്പ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കാറുണ്ട്. പക്ഷെ ഇത്തരം കാരണങ്ങളൊന്നും പറഞ്ഞാകില്ല അപേക്ഷകനെ ഒഴിവാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top