27 March Monday

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കനത്ത തിരിച്ചടി

കെ ബി ഉദയഭാനുUpdated: Sunday Mar 13, 2016

കൊച്ചി> അസംസ്കൃത എണ്ണയോടൊപ്പം മുന്നേറാനുള്ള ഏഷ്യന്‍ റബര്‍ വിപണിയുടെ ശ്രമങ്ങള്‍ക്ക് വാരാന്ത്യം തിരിച്ചടി.  കര്‍ണാടകം പുതിയ കുരുമുളക് നീക്കം ശക്തമാക്കിയത് ഉല്‍പ്പന്ന വിലയെ തളര്‍ത്തി. ദക്ഷിണേന്ത്യയില്‍ അനുഭവപ്പെട്ട കൊപ്ര പ്രവാഹം വെളിച്ചെണ്ണയുടെ വില തകര്‍ച്ച രുക്ഷം. യുറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ വരുത്തിയ മാറ്റം സ്വര്‍ണ വിലയെ സ്വാധീനിച്ചു. 

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രമുഖ വിപണികളില്‍ വാരാരംഭത്തില്‍ കുതിച്ച് ഉയര്‍ന്ന റബറിന് പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മികവ് നിലനിര്‍ത്താനായില്ല. ചൈനീസ് വ്യവസായിക മേഖലയില്‍ നിന്ന് റബറിന് ഡിമാണ്ട് ഉയരാഞ്ഞത് അവധി വ്യാപാരത്തിലെ നിക്ഷേപ താല്‍പര്യത്തെ ബാധിച്ചു.
ഇതിനിടയില്‍ യുറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുകളില്‍ വരുത്തിയ നേരിയ ഇളവുകള്‍ യുറോയുടെ മുല്യം ഉയര്‍ത്തിയതോടെ  ഡോളര്‍ തളര്‍ന്നു. ഈ— അവസരത്തില്‍ ജാപ്പാനീസ് യെന്‍ കരുത്തുനേടിയത്  റബറിന് തിരിച്ചടിയായി. അതേ സമയം തായ്ലണ്ടും ഇന്തോനേഷ്യയും മലേഷ്യയും റബര്‍ കയറ്റുമതി നിയന്ത്രിച്ചത് വരു ദിനങ്ങളില്‍ വിപണിയുടെ തിരിച്ച്— വരവിന് സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഉല്‍പാദകരും സ്റ്റോക്കിസ്റ്റുകളും.

കനത്ത പകല്‍ ചൂട് മുലം സംസ്ഥാനത്ത് റബര്‍ ടാപ്പിങ് പുര്‍ണ്ണമായി സ്തംഭിച്ചു. ഉല്‍പാദന മേഖലകളില്‍ നിന്നുള്ള ലാറ്റക്സ് വരവ് കുറഞ്ഞിട്ടും കിലോ 75 രൂപയില്‍ കൂടിയ വിലയ്ക്ക് ചരക്ക് സംഭരിക്കാന്‍ ഉത്തരേന്ത്യന്‍ വ്യവസായികള്‍ തയ്യാറായില്ല. കൊച്ചി, കോട്ടയം മലബാര്‍ വിപണികളിലേയ്ക്കുള്ള ഷീറ്റ് നീക്കം ചുരുങ്ങിയതിന്റെ കരുത്തില്‍ നാലാം ഗ്രേഡ് റബര്‍ 10,000 ല്‍ നിന്ന് 11,000 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് നിരക്ക് 10,650 ലേയ്ക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 10,550 ല്‍ കൈമാറി.

കര്‍ണാടകത്തില്‍ കുരുമുളക് വിളവെടുപ്പ് വ്യാപകമായി. പുതിയ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ വന്‍കിട തോട്ടങ്ങളും ചെറുകിട കര്‍ഷകരും ഉത്സാഹിച്ചു. കാര്‍ഷിക ചിലവുകള്‍ മുന്‍ നിര്‍ത്തിയാണ് ഉല്‍പാദകര്‍ മുളക് വിപണികളിലേയ്ക്ക് നീക്കിയത്. കുരുമുളകിന്റെ ലഭ്യത ഉയര്‍ന്നത് കണ്ട് അന്തര്‍ സംസ്ഥാന വ്യാപാരികള്‍ ചരക്ക് സംഭരണം— കുറച്ചത് വിലയെ ബാധിച്ചു. വിദേശ ഓര്‍ഡറുകളുടെ അഭാവം മൂലം കൊച്ചി വിപണിയില്‍ കയറ്റുമതിക്കാര്‍ സജീവമല്ല. ഗാര്‍ബിള്‍ഡ് കുരുമുളക് 65,000 ലും അണ്‍ ഗാര്‍ബിള്‍ഡ് 62,000 രൂപയിലുമാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാളികേര വിളവെടുപ്പ് സജീവം. ചെറുകിട വിപണികളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ പച്ചതേങ്ങയും കൊപ്രയും വില്‍പ്പനയ്ക്ക് എത്തി. അതേ സമയം വന്‍കിട ഓയില്‍ മില്ലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരാഞ്ഞത് വില തകര്‍ച്ചയ്ക്ക് ഇടയാക്കി. കൊച്ചിയില്‍ 8500 ല്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച വെളിച്ചെണ്ണ വാരാന്ത്യം 7800 രൂപയായി. കൊപ്ര 5755 ല്‍ നിന്ന് 5345 രൂപയായി. കേരളത്തില്‍ സ്വര്‍ണ വില ചാഞ്ചാടി. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 21,480 രൂപയില്‍ നിന്ന് 21,600 വരെ കയറിയെങ്കിലും ശനിയാഴ്ച്ച നിരക്ക് 21,280 രൂപയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top