26 April Friday

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെ എങ്ങനെ തടയാം?

കെ അരവിന്ദ്Updated: Sunday Nov 12, 2017

ഓണ്‍ലൈന്‍വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ സ്വന്തം നിലയില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. എടിഎം, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ സംബന്ധിച്ച പരാതികള്‍വര്‍ധിച്ചുവരികയാണ്.
നേരത്തെ ഹാക്കിങ് അഥവാ കടന്നുകയറ്റം എന്നത് ഒന്നോ അതില്‍ കൂടുതലോ വ്യക്തികള്‍ ഒരുമുറിയിലിരുന്ന് ചെയ്യുന്നതായിരുന്നുവെങ്കില്‍ ഇന്ന് അതിന്റെ രീതികളും സ്വഭാവവും പാടെ മാറിയിരിക്കുന്നു. ഇന്ന് അത്യാധുനിക രീതികള്‍ ഉപയോഗിച്ചുള്ള, ലോകംമുഴുവന്‍ വല വിരിച്ചിരിക്കുന്ന സംഘടിത പ്രവര്‍ത്തനമാണ് ഹാക്കിങ്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് താഴെപറയുന്നത്.

ഇ-മെയില്‍, സോഷ്യല്‍ മീഡിയ, നെറ്റ്ബാങ്കിങ് തുടങ്ങിയ എല്ലാ ഓണ്‍ലൈന്‍ അക്കൌണ്ടുകളുടെയും പാസ്വേര്‍ഡ് ഓര്‍മിച്ചുവയ്ക്കുക എളുപ്പമല്ല. സൌകര്യത്തിനായി എല്ലാ അക്കൌണ്ടുകള്‍ക്കുംകൂടി ഒരേ പാസ്വേര്‍ഡ് ഉപയോഗിക്കുകയാണ് പലരും ചെയ്യുന്നത്. ഇത് തട്ടിപ്പുകള്‍ക്ക് ഇരയാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഏതെങ്കിലുമൊരു അക്കൌണ്ടിന്റെ പാസ്വേര്‍ഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ എല്ലാ അക്കൌണ്ടിലും അത് ഉപയോഗിക്കാനും തട്ടിപ്പുനടത്താനുമാകുമെന്നതാണ് ഈ എളുപ്പവഴി ഉപയോഗിക്കുന്നതിലെ റിസ്ക്.

പാസ്വേര്‍ഡ് ഓണ്‍ലൈനിലോ മെയിലിലോ ക്ളൌഡിലോ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. കൂടുതല്‍ സുരക്ഷിത മാര്‍ഗം പാസ്വേര്‍ഡ് മാനേജര്‍ അപ്ളിക്കേഷന്‍ ഉപയോഗിക്കുന്നതാണ്. പാസ്വേര്‍ഡ് മാനേജര്‍ അപ്ളിക്കേഷന്‍ വിവിധ അക്കൌണ്ടുകളുടെ പാസ്വേര്‍ഡുകള്‍ ഡിജിറ്റലായി സംരക്ഷിക്കുന്നു. ഒരു മാസ്റ്റര്‍ പാസ്വേര്‍ഡിലൂടെ ഈ അപ്ളിക്കേഷന്‍ കൈകാര്യംചെയ്യാനാകും. മാസ്റ്റര്‍ പാസ്വേര്‍ഡ് മാത്രം ഉപയോക്താവ് ഓര്‍മിച്ചാല്‍ മതിയാകും. സങ്കീര്‍ണമായ മാസ്റ്റര്‍ പാസ്വേര്‍ഡ് ക്രമീകരിക്കാന്‍ ഉപയോക്താവ് ശ്രദ്ധിക്കണം.

മെയിലുകള്‍ സ്വീകരിക്കുമ്പോള്‍ മുന്‍കരുതലെടുക്കുകയെന്നത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്. അയച്ചത് ആരാണെന്നറിയാത്ത മെയിലുകള്‍, പ്രത്യേകിച്ച് അവയിലെ അറ്റാച്ച്മെന്റുകള്‍ തുറക്കുന്നത് മാല്‍വെയറുകള്‍ക്ക് കംപ്യൂട്ടറിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കലാകും.
ആവശ്യമില്ലാത്ത ജങ്ക് മെയിലുകളെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അവ അപ്പോള്‍തന്നെ ഡിലീറ്റ്ചെയ്യാന്‍ ശ്രദ്ധിക്കണം. അര്‍ജന്റ്, യൂ ഹാവ് വണ്‍, വെരിഫൈ തുടങ്ങിയ സബ്ജക്ട് ലൈനുകളോടെ നിങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന മെയിലുകള്‍ ജങ്ക് മെയിലുകളാവാം. അയച്ചയാളെ തിരിച്ചറിയാനാകാത്ത മെയിലുകളുടെ സബ്ജക്ട് ലൈന്‍ വ്യക്തിപരമാണെങ്കില്‍, ഡിയര്‍ ഫ്രന്‍ഡ് തുടങ്ങിയ അഭിസംബോധനകളോടെ ആരംഭിക്കുന്നതാണെങ്കില്‍ അവ വ്യാജമാകാന്‍ സാധ്യതയുണ്ട്.
മൊബൈല്‍ ഫോണില്‍ ലോഗിന്‍ ഐഡിയും പാസ്വേര്‍ഡുമൊക്കെ സ്റ്റോര്‍ചെയ്തിട്ടുണ്ടെങ്കില്‍ അത് നഷ്ടപ്പെട്ടാല്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. ചില ഫോണുകളില്‍ ഡാറ്റ ലോക്ക്ചെയ്യാനുള്ള സൌകര്യമുണ്ട്. ഡാറ്റ ലോക്ക്ചെയ്യാന്‍ കഴിയുന്ന അപ്ളിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

സൌജന്യ വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നതും ബാങ്ക് അക്കൌണ്ട് പരിശോധിക്കുന്നതും ഒഴിവാക്കണം. സുരക്ഷിതമല്ലാത്ത അത്തരം കണക്ഷനുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയാല്‍ ഹാക്കര്‍മാര്‍ക്ക് ലോഗിന്‍ ഐഡിയും പാസ്വേര്‍ഡും ഹാക്ക്ചെയ്യാന്‍ സാധിച്ചേക്കും.
കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും ആന്റി-വൈറസ് സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ചെയ്യാന്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിന്റെ കാര്യത്തില്‍ ഈ ശ്രദ്ധ പലരും കാണിക്കാറില്ല. സ്മാര്‍ട്ട്ഫോണ്‍വഴി ധനകാര്യ ഇടപാടുകള്‍ നടത്തുന്നവര്‍ ആന്റി വൈറസ് സോഫ്റ്റ്വെയറുകള്‍വഴിയുള്ള സുരക്ഷ ഉറപ്പുവരുത്തണം.

എടിഎം മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ കീപാഡ് മറച്ചുവച്ച് പിന്‍നമ്പര്‍ അമര്‍ത്താന്‍ ശ്രദ്ധിക്കണം. രഹസ്യക്യാമറ ഉപയോഗിച്ച് പിന്‍നമ്പര്‍ സ്വന്തമാക്കി തട്ടിപ്പുകള്‍ നടത്തിയ സംഭവങ്ങള്‍ ഈയിടെ ഉണ്ടായിട്ടുണ്ട്.
ഫോണിലൂടെ വ്യക്തിപരമായതും അക്കൌണ്ട് സംബന്ധമായതുമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയാണ് മറ്റൊരു മുന്‍കരുതല്‍. ബാങ്കുകളോ മറ്റ് ഔദ്യോഗികസ്ഥാപനങ്ങളോ രഹസ്യവിവരങ്ങള്‍ ഫോണ്‍കോളിലൂടെയോ ഇ-മെയിലിലൂടെയോ ആരായാറില്ല.
ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍വഴിയുള്ള വില്‍പ്പന വര്‍ധിക്കുന്നതിനനുസരിച്ച് തട്ടിപ്പുകളും ഇന്ന് കൂടിവരികയാണ്. ഇ-ഷോപ്പിങ്ങോ ബില്‍ പേമെന്റോ നടത്തുന്നത് സുരക്ഷിതമായ സൈറ്റ് വഴിയോ പേമേന്റ് ചാനല്‍വഴിയോ അല്ലെങ്കില്‍ കാര്‍ഡ്സംബന്ധിച്ച വിവരങ്ങള്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. സുരക്ഷിതമല്ലാത്ത സൈറ്റുകള്‍വഴി മാല്‍വെയറുകള്‍ നിങ്ങളുടെ കംപ്യൂട്ടറിലേക്ക് എത്തിപ്പെടാം. ഇവ കംപ്യൂട്ടറിലെ സുപ്രധാന വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിന് ഉപയോഗിക്കാവുന്നതാണ്.

ബാങ്ക് അക്കൌണ്ട് നമ്പര്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി എന്നിവ കരസ്ഥമാക്കിക്കഴിഞ്ഞാല്‍ അവ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാനാകും. എന്നാല്‍ മിക്ക ഇടപാടും പൂര്‍ത്തീകരിക്കണമെങ്കില്‍ ഉപയോക്താവ് രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്വേര്‍ഡ്കൂടി വേണ്ടതുണ്ട്.

തട്ടിപ്പുകാര്‍ ഇതിനും മാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി മൊബൈല്‍ ഓപ്പറേറ്ററില്‍നിന്ന് ഡ്യൂപ്ളിക്കേറ്റ് സിം സംഘടിപ്പിക്കുകയാണ് തട്ടിപ്പിനുള്ള രീതി. അതോടെ യഥാര്‍ഥ ഉപയോക്താവ് ഉപയോഗിക്കുന്ന ഒറിജിനല്‍ സിം പ്രവര്‍ത്തനക്ഷമമല്ലാതാകുകയും ഡ്യൂപ്ളിക്കേറ്റ് സിമ്മിലേക്ക് വരുന്ന വണ്‍ടൈം പാസ്വേര്‍ഡ് ഉപയോഗിച്ച് തട്ടിപ്പുകാരന് ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുമാകും.

മൊബൈല്‍ ഫോണ്‍ അപ്ളിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില അപ്ളിക്കേഷനുകള്‍ ഫോണിലെ വിവരങ്ങളിലേക്ക് എത്തിപ്പെടാനുള്ള അനുമതി തേടാറുണ്ട്. ഇത്തരം അപ്ളിക്കേഷനുകള്‍ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ തട്ടിപ്പുകാര്‍ക്ക് ഫോണിലെ രഹസ്യവിവരങ്ങള്‍ കരഗതമാകുന്ന സ്ഥിതിവരും.

തട്ടിപ്പുകളെപ്പറ്റി ഉടന്‍ വിവരമറിയാനുള്ള മാര്‍ഗം എസ്എംഎസ്, ഇ-മെയില്‍ അലര്‍ട്ടുകള്‍ക്ക് രജിസ്റ്റര്‍ചെയ്യുകയാണ്. നിങ്ങള്‍ നടത്തിയിട്ടില്ലാത്ത ഇടപാടുകളെക്കുറിച്ച് ഉടന്‍ മനസ്സിലാക്കാന്‍ ഇതു സഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top