26 April Friday

അശാസ്ത്രീയ നികുതിയും കള്ളക്കടത്തും സ്വര്‍ണ്ണവ്യാപാരത്തിന്റെ പ്രധാന വെല്ലുവിളികള്‍: മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍

പി ജി സുജUpdated: Tuesday Jul 12, 2016

അശാസ്ത്രീയ നികുതിവ്യവസ്ഥകളും സ്വര്‍ണകള്ളക്കടത്തുമൂലമുള്ള അനാരോഗ്യകരമായ വിലനിര്‍ണയരീതികളും സംസ്ഥാനത്തെ സ്വര്‍ണവ്യാപാരമേഖലയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറയുന്നു. മിതമായ നികുതിയാണെങ്കിലേ വെട്ടിപ്പ് തടയാനാകു. ഇതിന് സര്‍ക്കാരുകളും റിസര്‍വ് ബാങ്കും മറ്റ് ബാങ്കുകളുമൊക്കെ ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അഖിലേന്ത്യാതലത്തില്‍തന്നെ സ്വര്‍ണത്തിന് ഏകീകൃത വിലയാക്കണമെന്നും ദേശാഭിമാനിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പ്രസക്തഭാഗങ്ങള്‍:

സംസ്ഥാനത്തെ സ്വര്‍ണവ്യാപാരരംഗം വെല്ലുവിളി നേരിടുന്നുണ്ടോ?

അശാസ്ത്രീയ നികുതിവ്യവസ്ഥകളുടെ ഫലമായി അനധികൃത വ്യാപാരവും സ്വര്‍ണക്കള്ളക്കടത്തും സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരമേഖല നേരിടുന്ന വെല്ലുവിളികളാണ്. റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍ നിലവിലെ സ്വര്‍ണവ്യാപാരത്തിന്റെ 80 ശതമാനവും അനധികൃത മാര്‍ഗത്തിലുള്ളതാണ്. ബാങ്ക്നിരക്കിനെക്കാള്‍  കുറഞ്ഞ ബോര്‍ഡ്നിരക്കില്‍ സ്വര്‍ണത്തിന് വില നിശ്ചയിക്കുന്നതിനാല്‍ സ്വര്‍ണം വില്‍ക്കാനെത്തുന്ന ഉപയോക്താക്കള്‍ക്ക് യഥാര്‍ഥത്തില്‍ ലഭിക്കേണ്ടതിനെക്കാളും കുറഞ്ഞ വിലയേ ലഭിക്കുന്നുള്ളു.  കള്ളക്കടത്തുസ്വര്‍ണം യഥേഷ്ടം ലഭിക്കുന്നതിനാലാണ് ഇത്തരത്തില്‍ തോന്നുന്ന വില നിശ്ചയിക്കാനാകുന്നത്.

മറ്റു സംസ്ഥാനങ്ങളെല്ലാം ബാങ്ക് നിരക്കിനെക്കാള്‍ രണ്ടുമുതല്‍ അഞ്ചു ശതമാനംവരെ മാര്‍ജിന്‍ ചേര്‍ത്ത് സ്വര്‍ണം വില്‍ക്കുമ്പോള്‍ കേരളത്തില്‍ അടിസ്ഥാനവില ബാങ്ക് നിരക്കിനെക്കാള്‍ കുറവാണെന്നത് വിരോധാഭാസമല്ലേ? കള്ളക്കടത്തുസ്വര്‍ണം ലഭ്യമാകുന്ന വ്യാപാരികള്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം  വില്‍ക്കുമ്പോള്‍ സത്യസന്ധമായി വ്യാപാരം നടത്തുന്നവര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. പരമ്പരാഗത തൊഴിലായ ആഭരണനിര്‍മാണരംഗത്ത് പണിയെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണിത്്. ഇത്തരത്തില്‍ കുറഞ്ഞ നിരക്ക് നിശ്ചയിക്കുന്ന വ്യാപാരികളുടെ സ്വര്‍ണലഭ്യതയുടെ സ്രോതസ്സ് പരിശോധിച്ചാല്‍തന്നെ ഈ രംഗത്തു നടക്കുന്ന കണക്കില്‍ പ്പെടാത്ത 75,000 കോടി രൂപയുടെ ബിസിനസ് പുറത്തുകൊണ്ടുവരാനും ഖജനാവിലേക്കെത്തേണ്ട നികതിയുടെ ചോര്‍ച്ച തടയാനും കഴിയും. 
 
നമ്മുടെ സംസ്ഥാനത്ത് സ്വര്‍ണവ്യാപാരരംഗത്ത് ഉയര്‍ന്ന നികുതിയാണല്ലോ ഈടാക്കുന്നത്?

ദേശീയതലത്തിലും സംസ്ഥാനത്തും സ്വര്‍ണത്തിന് ഉയര്‍ന്ന നികുതി ഘടനയാണുള്ളത്്. 10 ശതമാനം ഇറക്കുമതിതീരുവ കേന്ദ്രം ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യത്ത് സ്വര്‍ണക്കള്ളക്കടത്ത് ഇത്രയും ഉയര്‍ന്നത്. ഉയര്‍ന്ന നികുതി ഈടാക്കുന്നതിനാല്‍ സ്വഭാവികമായും നികുതിവെട്ടിപ്പും ഉയരുന്നു. ഇതരസംസ്ഥാനങ്ങളില്‍ ആഭരണങ്ങള്‍ക്ക് ഒരുശതമാനം മാത്രം മൂല്യവര്‍ധിതനികുതി അഥവാ വാറ്റ് ഈടാക്കുമ്പോള്‍ കേരളത്തിലിത് അഞ്ചു ശതമാനമോ കോമ്പൌണ്ടിങ്രീതിയിലുള്ള നികുതിനിരക്കോ ആണ്. സംസ്ഥാനത്ത് 2011 മുതല്‍ വ്യാപാരികള്‍ മുന്‍വര്‍ഷങ്ങളിലെ വരുമാനത്തിന്റെ 1.25 ശതമാനം അല്ലെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ അടച്ച നികുതിയുടെ 125 ശതമാനമോ ഇതില്‍ കൂടുതല്‍ ഏതാണോ ആ തുക മുന്‍കൂറായി കോമ്പൌണ്ടിങ് നികുതിയിനത്തില്‍ അടയ്ക്കേണ്ട അവസ്ഥയാണ്.

നികുതിവെട്ടിക്കുന്നവര്‍ കണക്ക് ഇതിനുള്ളില്‍ ഒതുക്കാനാണ് ശ്രമിക്കുന്നത്. ഇത്തരക്കാരുടെ യഥാര്‍ഥ വിറ്റുവരവ് അന്വേഷിക്കാനുള്ള നടപടി ഇതേവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.  അശാസ്ത്രീയമായ ഈ രീതിയില്‍തന്നെ കനത്ത നഷ്ടം സഹിച്ച് നികുതിയടയ്ക്കാന്‍ മറ്റുള്ള വ്യാപാരികള്‍ നിര്‍ബന്ധിതരാകുകയാണ്. നികുതിപിരിവ് സംവിധാനം കാലോചിതമാക്കണം.2011ലെ സ്ഥിതിയല്ല സ്വര്‍ണവിലയിലിപ്പോള്‍. വില കുറഞ്ഞു എന്നു മാത്രമല്ല, ആളുകളുടെ സ്വര്‍ണംവാങ്ങല്‍ ശീലവും കുറഞ്ഞു. ഉയര്‍ന്ന നികുതിയായതിനാല്‍ വെട്ടിപ്പു കൂടുകയും ചെയ്യുന്നു. മിതമായ നികുതിയാണെങ്കിലെ വെട്ടിപ്പ് തടയാനാകു. ഇതിന് സര്‍ക്കാരുകളും റിസര്‍വ് ബാങ്കും മറ്റ് ബാങ്കുകളുമൊക്കെ ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അഖിലേന്ത്യാതലത്തില്‍തന്നെ സ്വര്‍ണത്തിന് ഏകീകൃത വിലയാക്കണം.



നികുതിവെട്ടിപ്പു തടയാനായി കൈക്കൊള്ളാവുന്ന സമീപനമെന്താണ്?

 സാങ്കേതികവദ്യ വളരുന്നതിനനുസരിച്ചുള്ള കാലോചിത മാറ്റം കൊണ്ടുവരണം. ബില്‍ ചോദിച്ചുവാങ്ങാന്‍ ആളുകള്‍ക്ക് ബോധവല്‍കരണം നടത്തണം. പാന്‍കാര്‍ഡ് നല്‍കണമെന്ന നിബന്ധനയൊന്നും സാധാരണക്കാര്‍ക്ക് പ്രായോഗികമല്ല. പകരം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് സ്വീകരിച്ചാല്‍ മതിയെന്ന് തീരുമാനമെടുക്കണം. കാര്‍ഡ് ഉപയോഗിക്കുമ്പോഴുള്ള കമീഷന്‍ തുക എടുത്തുകളഞ്ഞ് പ്ളാസ്റ്റിക് മണി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം. റൂപേ സംവിധാനം കാര്യക്ഷമമാക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കരുകള്‍ ഇത്തരം കാര്യങ്ങളില്‍ സഹകരിച്ച് തീരുമാനമെടുക്കണം. നികുതി ഏകീകരിക്കുകയും കുറവുവരുത്തുകയും വേണം. ഇപ്പോള്‍ പലതരത്തിലുള്ള നികുതികളാണ് ഈടാക്കുന്നത്.

കേരളത്തില്‍ മലബാര്‍ ഗോള്‍ഡ് കൂടുതല്‍ ശാഖ തുറക്കുന്നുണ്ടോ?


കേരളത്തില്‍ പല സ്ഥലങ്ങളില്‍ ശാഖ തുറക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ അതില്‍നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു. നാലുവര്‍ഷമായി കേരളത്തില്‍ പുതിയൊരു ഷോപ്പും തുടങ്ങിയിട്ടില്ല. ഇനി വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സിംഗപ്പുര്‍പോലെയുള്ള രാജ്യങ്ങളില്‍ വളരെ ബിസിനസ് അനുകൂല അന്തരീക്ഷമാണുള്ളത്. എല്ലാ അംഗീകാരങ്ങളും ലൈസന്‍സും ഓണ്‍ലൈനായി ലഭ്യമാക്കുന്ന വിദേശരാജ്യങ്ങളില്‍ ഒരുതവണപോലും ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യം വന്നിട്ടില്ല. ഹോങ്കോങ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലാകും പുതിയ ഷോറുമുകള്‍ തുറക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top